പാലക്കാട് ഇക്കുറി പോര് കടുക്കുമോ? രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരായി കെ മുരളീധരനോ അതോ സന്ദീപ് വാര്യരോ? ബിനുമോളെ കളത്തിലിറക്കാന്‍ സിപിഎം; ശോഭാ സുരേന്ദ്രനെ അടക്കം പരിഗണിച്ചു ബിജെപി; ജില്ലയിലെ 12 മണ്ഡലങ്ങളില്‍ 10 ഉം ഇടതിനൊപ്പം; ഇക്കുറി കളം മാറ്റാന്‍ യുഡിഎഫ് ആഞ്ഞു പിടിക്കും; താമര വിരിയിക്കാന്‍ ബിജെപിയും
പാലക്കാട് ഇക്കുറി പോര് കടുക്കുമോ?
പാലക്കാട്: മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷ വെക്കുന്ന പാലക്കാട് ഇത്തവണ ത്രികോണമത്സരത്തിനാകും അരങ്ങൊരുങ്ങുക എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.നിലവില്‍ 12 മണ്ഡലങ്ങളില്‍ 10 ഉം ഇടതിനൊപ്പമാണ്. പാലക്കാട് യുഡിഎഫ്, മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങള്‍. പക്ഷെ ഇക്കുറി ഇടതിന് അത്ര എളുപ്പമാകില്ല കാര്യങ്ങള്‍. തദ്ദേശത്തില്‍ നിലമെച്ചപ്പെടുത്തിയതോടെ യു ഡി എഫ് ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം യുഡിഎഫിന് തലവേദനയാണ്. തദ്ദേശത്തില്‍ രണ്ട് പഞ്ചായത്തില്‍ ഭരണം നേടാനായതും പാലക്കാട് നഗരസഭ നിലനിര്‍ത്താനായതിന്റെയും ആത്മവിശ്വാസത്തിലാണ് ബി ജെ പി.
തദ്ദേശത്തില്‍ പാലക്കാട് നഗരസഭയും കണ്ണാടി, പിരായിരി, മാത്തൂര്‍ പഞ്ചായത്തുകളും അടങ്ങുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പാലക്കാട് നഗരസഭ ബിജെപിയും കണ്ണാടി എല്‍ഡിഎഫും പിരായിരി യുഡിഎഫും ആണ് ഭരിക്കുന്നത്. മാത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും തുല്യനിലയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും യുഡിഎഫിന് തന്നെയാണ് പാലക്കാട് മണ്ഡലത്തില്‍ വോട്ട് വിഹിതം കൂടുതല്‍. 2024 ഉപതിരഞ്ഞെടുപ്പില്‍ 18,840 വോട്ടുകള്‍ക്കും 2021ലെ തിരഞ്ഞെടുപ്പില്‍ 3859 വോട്ടുകള്‍ക്കുമാണ് കോണ്‍ഗ്രസ് മണ്ഡലം പിടിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് മണ്ഡലത്തില്‍ ഏതാണ്ട് 6000 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
അതേസമയം മൂന്നാമത്തെ പീഡനക്കേസില്‍ ജാമ്യം ലഭിച്ചതോടെ രാഹുല്‍ സ്വതന്ത്രനായി മത്സരിക്കുമോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. അതേസമയം മത്സരിച്ചില്ലെങ്കിലും പ്രചാരണത്തില്‍ രാഹുല്‍ നിറഞ്ഞു നില്‍ക്കും.പക്ഷെ ജാമ്യത്തിലിറങ്ങിയാലും രണ്ട് വര്‍ഷത്തിന് മേലെ ശിക്ഷ ലഭിച്ചാല്‍ അംഗത്വം നഷ്ടപ്പെടും. രാഹുല്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനകള്‍ നേരത്തെ നല്‍കിയിരുന്നു. ഇതിനിടെയാണ് അറസ്റ്റിലായത്. മൂന്നു മുന്നണികള്‍ക്കും പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കടുകട്ടിയാണ്.രാഹുലിന്റെ ഇഫക്ട് മറികടക്കുന്നയാളിനെ കോണ്‍ഗ്രസിന് വേണം. എല്‍ഡിഎഫിനും ബിജെപിക്കും പീഡനക്കേസ് പ്രയോജനപ്പെടുത്താന്‍ പറ്റിയവരും വേണം. മൂന്ന് മുന്നണികളുടെയും അന്തിമ പട്ടികയില്‍ രണ്ട് വീതം പേരുകള്‍ മാത്രമാണെന്നാണ് വിവരം.
നിലനിര്‍ത്താനുറച്ച് സി പി എം
കഴിഞ്ഞ തവണത്തെ പ്രതാപം നിലനിര്‍ത്താന്‍ വനിതാ നേതാവിനെ തന്നെ കളത്തിലിറക്കാനുള്ള ആലോചനകളാണ് സി പി എം നടത്തുന്നത്.കഴിഞ്ഞ തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആദ്യം പരിഗണിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളിന്റെ പേരായിരുന്നു. നാമനിര്‍ദേശ പത്രിക വാങ്ങി തിരികെ കൊടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി പി.സരിന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ എത്തുന്നതും സ്ഥാനാര്‍ഥിയാകുന്നതും. പക്ഷേ, ഇത്തവണ ബിനുമോളിന്റെ പേരിനാണ് മുന്‍ഗണന. അതേസമയം പി.സരിന് ഒറ്റപ്പാലം മണ്ഡലം ലഭിച്ചില്ലെങ്കില്‍ പാലക്കാട് തന്നെ വീണ്ടും മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.രണ്ട് ടേം നിബന്ധനയില്ലെങ്കിലും രണ്ട് ടേം പൂര്‍ത്തിയായ സിറ്റിങ്ങ് എം എല്‍ എമാരായ ആലത്തൂരിലെ കെ ഡി പ്രസന്നന്‍,നെന്മാറയിലെ കെ ബാബു എന്നിവര്‍ മാറിനിന്നേക്കും.
മന്ത്രി എം ബി രാജേഷ് തൃത്താലയില്‍ നിന്ന് വീണ്ടും ജനവിധി തേടും.സിറ്റിങ്ങ് എം എല്‍ എമാരായ എം പ്രേംകുമാര്‍,പി മമ്മിക്കുട്ടി എന്നിവരും മത്സരിച്ചേക്കില്ല. പകരം പി സരിന്‍,ആര്‍ഷോ എന്നിവരെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ചിറ്റൂരില്‍ ജനദാദള്‍ എസിന്റെ മന്ത്രി കെ കൃഷ്ണന്‍കുട്ടി പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.തരൂരില്‍ പി സുമോദ്,പട്ടാമ്പിയില്‍ മുഹമ്മദ് മുഹസിന്‍,കോങ്ങാട്ട് ശാന്തകുമാരി, മലമ്പുഴയില്‍ എന്‍ പ്രഭാകരന്‍ എന്നിവര്‍ വീണ്ടും മത്സരിക്കും.നെന്മാറയില്‍ സി പി എം ജില്ല സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു,സംസ്ഥാന കമ്മറ്റിയംഗം സി കെ രാജേന്ദ്രന്‍,കെ പ്രേമന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്.
തദ്ദേശത്തില്‍ കുതിപ്പ്.. കോട്ട പൊളിക്കാന്‍ യു ഡി എഫ്
പാലക്കാടെന്നാല്‍ ഷാഫി... ഷാഫിയെന്നാല്‍ പാലക്കാട്.. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പാലക്കാടന്‍ മണ്ണില്‍ മുഴങ്ങിക്കേട്ട രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു ഇത്. പാലക്കാടന്‍ കോട്ടയില്‍ ഷാഫി പടുത്തുയര്‍ത്തിയ ആത്മബന്ധത്തിന്റെ കരുത്തിലാണ് തന്റെ പിന്‍ഗാമിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ അദ്ദേഹം കൈപിടിച്ചു കയറ്റിയത്.
പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് ഷാഫിയോട് തോന്നിയ വൈകാരിക ബന്ധം രാഹുലിലൂടെ നിലനിര്‍ത്താമെന്നായിരുന്നു കോണ്‍ഗ്രസ് കണക്കുകൂട്ടിയത്. എന്നാല്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍, അത് ഷാഫി പറമ്പില്‍ എന്ന നേതാവിനും വലിയൊരു രാഷ്ട്രീയ ആഘാതമായി മാറി. തന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതില്‍ ഷാഫിക്കുണ്ടായ ഈ ജാഗ്രതക്കുറവ് പാര്‍ട്ടിക്കുള്ളിലും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തായതോടെ പാലക്കാട് കോണ്‍ഗ്രസിന് വെറുമൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തുക മാത്രമല്ല ലക്ഷ്യം. തകര്‍ന്നടിഞ്ഞ വിശ്വാസ്യത തിരിച്ചുപിടിക്കുക എന്ന വലിയ വെല്ലുവിളി കൂടിയാണ്. കെ മുരളീധരന്‍ എന്ന 'ക്രൈസിസ് മാനേജര്‍ പാലാക്കാടേക്ക് എത്തുമോയെന്നാണ് എല്ലാവും ഉറ്റുനോക്കുന്നത്. പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ എക്കാലവും രക്ഷകനായി എത്തുന്ന മുരളീധരന്റെ പേര് തന്നെയാണ് പട്ടികയില്‍ ഒന്നാമത്.പക്ഷെ അദ്ദേഹം മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തത് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നുമുണ്ട്. എന്നാല്‍ മൂന്നാം കേസിലും ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുല്‍ സ്വതന്ത്രനായി മത്സരിക്കുമോ എന്ന ചോദ്യവും ശക്തമാണ്.
രാഹുല്‍ വിവാദം മറികടക്കാന്‍ കെ. മുരളീധരന് കഴിയുമോ ? ഇതാണ് കോണ്‍ഗ്രസ് ആലോചന. മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെങ്കില്‍ പാലക്കാട് മത്സരരംഗത്തിറക്കാന്‍ ഡിസിസി ആലോചിക്കുന്നുണ്ട്. മറ്റൊരു പേര് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടേതാണ്. ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയാണ് സന്ദീപ് എന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് നേതൃത്വം വിലയിരുത്തുന്നു. അതേസമയം സര്‍പ്രൈസ് സ്ഥാനാര്‍ഥിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്റെ പേരും ചര്‍ച്ചയിലുണ്ട്.കനഗോലു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ണനെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നത്.സിവില്‍ സര്‍വീസില്‍ നിന്നും രാജിവച്ച കണ്ണന്‍ ഗോപിനാഥന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.എഐസിസി ആസ്ഥാനത്തുവച്ചാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ഇതിന് പുറമെ പാലക്കാട് സീറ്റുകള്‍ വെച്ചുമാറാന്‍ യുഡിഎഫില്‍ ധാരണയായിട്ടുമുണ്ട്.പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വെച്ചുമാറാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ധാരണയായി എന്നാണ് വിവരം.പട്ടാമ്പിയില്‍ മുസ്ലിം ലീഗിനും കോങ്ങാട് കോണ്‍ഗ്രസിനുമെന്നാണ് ധാരണയായത്. കോങ്ങാട് മണ്ഡലത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി തുളസി ടീച്ചര്‍, രമ്യ ഹരിദാസ്, പാലക്കാട് നഗരസഭ കൗണ്‍സിലര്‍ വിപിന്‍ എന്നിവര്‍ പരിഗണനയിലുള്ളത്.പട്ടാമ്പിയില്‍ മുസ്ലിം ലീഗില്‍ നിന്നും എം എ സമദിന്റെ പേരാണ് മുന്‍ഗണനയിലുള്ളത്. ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം, അബ്ദുല്‍ റഷീദ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടത്തിന് പിന്നാലെയാണ് പട്ടാമ്പി മുസ്ലിം ലീഗ് സീറ്റ് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, സീറ്റ് വെച്ചുമാറുന്നതില്‍ ഡിസിസിയെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പട്ടാമ്പിയിലെ വിജയം യുഡിഎഫിന്റേതാണെന്നും ഇത്തവണ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ പട്ടാമ്പിയില്‍ വിജയിക്കുമെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ ഒരു നേതാവിന്റെ വ്യക്തി താല്പര്യത്തിന് വേണ്ടിയാണ് സീറ്റ് വെച്ചുമാറ്റമെന്നും വിമര്‍ശനം.
തൃത്താല,പാലക്കാട്,നെന്മാറ,ഒറ്റപ്പാലം, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്സ് വിജയപ്രതീക്ഷ വയ്ക്കുന്നു.മണ്ണാര്‍ക്കാട് ലീഗ് നിലനിര്‍ത്തുമെന്നും നിലവിലെ എം എല്‍ എ എ ഷംസുദ്ദീന്‍ ഇവിടെ മത്സരിക്കുമെന്നും സൂചനയുണ്ട്. തൃത്താലയില്‍ വിടി ബലറാമിനെ പരിഗണിക്കും.ചിറ്റൂരില്‍ സുമേഷ് അച്ചുതനാണ് സാധ്യത.പാലക്കാട് മുരളീധരന്‍ വന്നില്ലെങ്കില്‍ ഡി സി സി പ്രസിഡന്റ് എ തങ്കപ്പന്‍,രമ്യ ഹരിദാസ്, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് മുന്‍തൂക്കം.
സര്‍പ്രൈസ് എന്‍ട്രിക്കായി ബി.ജെ.പി
എ ക്ലാസ്' മണ്ഡലമായി ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തുന്ന മണ്ഡലമാണ് പാലക്കാട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും പാലക്കാട് നഗരസഭാ ഭരണം ബിജെപി നിലനിര്‍ത്തിയിരുന്നു. അതുകൊണ്ട് നഷ്ടപ്പെട്ട് പോയ വോട്ടുകള്‍ തിരികെ എത്തിക്കാന്‍ മികച്ച സ്ഥാനാര്‍ഥിയെ തന്നെ പാലക്കാട് അവതരിപ്പിക്കേണ്ടതുണ്ട്. ശോഭാ സുരേന്ദ്രന്റെ പേരാണ് പാലക്കാട്ട് ആദ്യ പരിഗണന. ശോഭാ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗങ്ങളിലൂടെ ബിജെപിക്ക് മണ്ഡലത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്ന് തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.
അതേസമയം ശോഭയെ ആലപ്പുഴ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിലേക്കു പരിഗണിച്ചാല്‍ മറ്റൊരു സ്ഥാനാര്‍ഥിയുടെ പേരും ജില്ലാ നേതൃത്വത്തിന് മുന്നിലുണ്ട്. അത് പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റേതാണ്.യുവനേതാവിനെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ മികച്ച മത്സരം മണ്ഡലത്തില്‍ കാഴ്ച്ച വയ്ക്കാനാകുമെന്നും നേതൃത്വം കരുതുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച സി.കൃഷ്ണകുമാര്‍ ഇത്തവണ മലമ്പുഴ മണ്ഡലത്തിലായിരിക്കും ജനവിധി തേടുക.ഇതിനൊപ്പം മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സിനിമ താരം ഉണ്ണി മുകുന്ദന്‍ എന്നിവരുടെ പേരും ഉയരുന്നുണ്ട്.
2021 ലെ കണക്കുകള്‍
എല്‍ ഡി എഫ്
1.പി പി സുമോദ് - തരൂര്‍ -24,531
2.കെ ഡി പ്രസേനന്‍ -ആലത്തൂര്‍ -34,118
3.കെ ബാബു -നെന്മാറ-28,704
4.കെ കൃഷ്ണന്‍ കുട്ടി - ചിറ്റൂര്‍ -33,878
5.എ പ്രഭാകരന്‍ -മലമ്പുഴ -25,734
6.കെ ശാന്തകുമാരി -കോങ്ങാട് -27,219
7.കെ പ്രേംകുമാര്‍ -ഒറ്റപ്പാലം -15,152
8.പി മമ്മിക്കുട്ടി -ഷോര്‍ണൂര്‍ -36,674
9.മുഹമ്മദ് മുഹസിന്‍ - പട്ടാമ്പി-17,974
10.എം ബി രാജേഷ് -തൃത്താല- 3,016
യുഡിഎഫ്
1.രാഹുല്‍ മാങ്കൂട്ടത്തില്‍-പാലക്കാട് -18,840
2.എ ഷംസുദീന്‍ - മണ്ണാര്‍ക്കാട് -5,870
നാളെ എറണാകുളം
