കേരളത്തില്‍ എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേര്‍ വോട്ടര്‍പട്ടികയ്ക്ക് പുറത്ത്; കണ്ടെത്താനുള്ളത് ആറ് ലക്ഷത്തിലേറെ പേര്‍; നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെ കൈയിലും വോട്ടര്‍പട്ടിക എത്തിക്കാന്‍ നീക്കം തുടങ്ങിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം

കേരളത്തില്‍ എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു

Update: 2025-12-23 12:11 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്ഐആര്‍ കരടു വോട്ടര്‍പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. 24.08 ലക്ഷം പേര്‍ പട്ടികയില്‍നിന്ന് പുറത്തായതായും അദ്ദേഹം അറിയിച്ചു. 2,78,50856 ആയിരുന്നു വോട്ടര്‍മാര്‍. 2,5442352 എന്യൂമറേഷന്‍ ഫോം തിരികെ ലഭിച്ചു. 91.35% പൂരിപ്പിച്ച് ലഭിച്ചു. 8.65 %, അഥവാ 2480503 എണ്ണം തിരികെ കിട്ടാനുണ്ട്. മരിച്ചവരുടെ എണ്ണം 649885. കണ്ടെത്താനുള്ളവര്‍ - 645548.

നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെ കൈയിലും വോട്ടര്‍പട്ടിക എത്തിക്കാന്‍ നീക്കം ആരംഭിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പേരുകള്‍ പരിശോധിക്കാന്‍ തിഞ്ഞെടുപ്പ് കമ്മീഷന്റെ ബെബ്‌സൈറ്റ് സന്ദര്‍ശിക്കാം. പൊതുജനങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ പ്രവേശിച്ച്, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിലോ, എപിക് നമ്പര്‍ നല്‍കിയോ പരിശോധിക്കാവുന്നതാണ്.

കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ആക്ഷേപങ്ങളും പരാതികളും ചൊവ്വാഴ്ച മുതല്‍ തന്നെ സമര്‍പ്പിക്കാം. ജനുവരി 22 വരെയാണ് ഇതിനുള്ള സമയം. കരട് പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനും പരാതികള്‍ നല്‍കാവുന്നതാണ്. ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്.

2025 ഒക്ടോബറിലെ വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന 2.78 കോടി പേര്‍ക്കാണ് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തത്. ഇതില്‍ 2.54 കോടി പേര്‍ ഫോം പൂരിപ്പിച്ച് തിരികെയേല്‍പിച്ചു. ഇവരുടെ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫലത്തില്‍ 2.54 കോടി പേരുടെ പട്ടികയാണ് കരടിലുണ്ടാവുക.

എന്യൂമറേഷന്‍ ഘട്ടത്തില്‍ ഫോം സമര്‍പ്പിക്കാന്‍ കഴിയാത്ത 'കണ്ടെത്താനാകാത്തവരുടെ' പട്ടികയിലുള്ളവര്‍ക്ക് ഡിക്ലറേഷനും ഫോം 6 ഉം നല്‍കി എസ്.ഐ.ആറിന്റെ ഭാഗമാകാനും അവസരമുണ്ട്. ഇതേ സമയപരിധിയില്‍ തന്നെ എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കിയവരില്‍ മതിയായ വിവരങ്ങള്‍ നല്‍കാത്തവര്‍ക്ക് ഇ.ആര്‍.ഒമാര്‍ നോട്ടീസ് നല്‍കും. മൂന്ന് തലത്തിലുള്ള ഹിയറിങ് പൂര്‍ത്തിയാക്കി ശേഷം മാത്രമാവും ഒരു വോട്ടറെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത്.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഫോം 6, പ്രവാസി വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാന്‍ ഫോം 6 അ, ഒഴിവാക്കാന്‍ ഫോം 7, സ്ഥലംമാറ്റത്തിന് ഫോം 8 എന്നിവ വഴി ഇനി അപേക്ഷ നല്‍കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Tags:    

Similar News