'വേലിക്കകത്ത് അച്യുതാനന്ദന്‍' അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കും! ഹാട്രിക് ഉറപ്പിക്കാന്‍ വിഎസ് തരംഗം അനിവാര്യം; അച്യുതാനന്ദനോടുള്ള പകയില്‍ മുമ്പ് ചെയ്തതെല്ലാം പലരും മറക്കും; വിഎസ് അച്യുതാനന്ദന്റെ മകനെ നിയമസഭയിലേക്ക് മത്സരിപ്പിക്കും? കായംകുളവും മലമ്പുഴയും അരുണ്‍കുമാറിനായി പരിഗണനയില്‍
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നടത്തിയ അപ്രതീക്ഷിത മുന്നേറ്റം സിറ്റിംഗ് സീറ്റുകളില്‍ ഉയര്‍ത്തുന്ന കനത്ത വെല്ലുവിളി നേരിടാന്‍ വമ്പന്‍ നീക്കവുമായി സി.പി.എം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. അരുണ്‍കുമാര്‍ മത്സരിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കായംകുളത്തും മലമ്പുഴയിലും ബി.ജെ.പി. വന്‍ നേട്ടമുണ്ടാക്കിയിരുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ഈ രണ്ട് സിറ്റിംഗ് സീറ്റുകളിലും ഇത്തവണ വിജയം ഉറപ്പിക്കുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഈ പ്രതിസന്ധി മറികടക്കാനും ബി.ജെ.പി. ഉയര്‍ത്തുന്ന ഭീഷണി നേരിടാനും വി.എസിന്റെ പൊതുസമ്മതിയും 'വി.എസ്. ഇഫക്റ്റും' വോട്ടാക്കി മാറ്റാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ആലപ്പുഴയില്‍ ജി സുധാകരനും എതിര്‍പ്പിലാണ്. ഇത് മറികടക്കാന്‍ കൂടി വേണ്ടിയാണ് ഈ നീക്കം. ഹാട്രിക് വിജയത്തിന് വിഎസ് ഫാക്ടര്‍ അനിവാര്യമാണെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്.
ആലപ്പുഴയിലെ കായംകുളം മണ്ഡലത്തിനാണ് അരുണ്‍കുമാറിനായി പ്രഥമ പരിഗണന നല്‍കുന്നത്. നിലവിലെ എം.എല്‍.എ യു. പ്രതിഭ രണ്ട് തവണ വിജയിച്ച സാഹചര്യത്തില്‍, ഇത്തവണ അവര്‍ക്ക് ഇളവ് ലഭിച്ചില്ലെങ്കില്‍ പകരക്കാരനായി അരുണ്‍കുമാറിനെ പരിഗണിക്കാനാണ് സാധ്യത. കായംകുളത്ത് ബിജെപിക്കായി ശോഭാ ,സുരേന്ദ്രന്‍ മത്സരിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് നീക്കം.
വി.എസ്. ദീര്‍ഘകാലം പ്രതിനിധീകരിച്ച പാലക്കാട്ടെ മലമ്പുഴ മണ്ഡലവും പരിഗണനയിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ ക്ഷീണം മാറ്റാനും മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാനും ജനപക്ഷ പ്രതിച്ഛായയുള്ള ഇത്തരം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങള്‍ അനിവാര്യമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മലമ്പുഴയില്‍ തദ്ദേശത്തില്‍ ബിജെപി ഏറെ നേട്ടമുണ്ടാക്കി. കൃഷ്ണകുമാര്‍ മലമ്പുഴയില്‍ മത്സരിക്കുമെന്നാണ് ബിജെപി നല്‍കുന്ന സൂചന. ഇതു കൂടി പരിഗണിച്ചാണ് നീക്കം. നിയമസഭയില്‍ സിപിഎമ്മിന്റെ കുത്തക സീറ്റാണ് മലമ്പുഴ.
ഐ.എച്ച്.ആര്‍.ഡി. അസിസ്റ്റന്റ് ഡയറക്ടറായ അരുണ്‍കുമാറിന് മത്സരിക്കണമെങ്കില്‍ ഔദ്യോഗിക പദവി രാജിവെക്കേണ്ടതുണ്ട്. കൂടാതെ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നു. പാര്‍ട്ടി അംഗമല്ലെങ്കിലും സ്ഥാനാര്‍ത്ഥിയാകുന്നതിന് തടസ്സമില്ല. വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഔദ്യോഗികമായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നാണ് അരുണ്‍കുമാറിന്റെ പ്രതികരണം. അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവമാണെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ഔദ്യോഗിക നടപടികളിലേക്ക് പാര്‍ട്ടി കടന്നിട്ടില്ല.
അരുണ്‍കുമാര്‍ മുമ്പ് പാര്‍ട്ടി അംഗമായിരുന്നു. അന്ന് വിഎസിനെ വേദനപ്പിക്കാന്‍ വേണ്ടി നടത്തിയ ഇടപെടലില്‍ അരുണ്‍കുമാറിന്റെ പ്രവര്‍ത്തന മണ്ഡലം ആലപ്പുഴയില്‍ നിന്നും മാറ്റി. അന്നത് വലിയ വിവാദമായിരുന്നു.
