യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടു: സ്ഥിരീകരിച്ച് ഹമാസിന്റെ വീഡിയോ സന്ദേശം; പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിക്കും; സിന്‍വറിന്റെ മരണം തങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും ഉപമേധാവി ഖലീല്‍ അല്‍ ഹയ്യ; ഡ്രോണിന് നേരേ വടി എറിയുന്ന യഹ്യയുടെ അവസാന നിമിഷങ്ങളുടെ വീഡിയോ പുറത്തുവിട്ട് ഇസ്രേയല്‍

യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടു: സ്ഥിരീകരിച്ച് ഹമാസ്‌

Update: 2024-10-18 12:51 GMT

ഗസ്സ: യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഹമാസ് അറിയിച്ചു. റഫയിലെ ഒരു കെട്ടിടത്തിനു നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഹമാസിന്റെ സ്ഥിരീകരണം.

ഹമാസിന്റെ ഉപമേധാവിയും ഗ്രൂപ്പിന്റെ മുഖ്യ മധ്യസ്ഥനുമായ ഖലീല്‍ അല്‍ ഹയ്യയാണ് മരണം സ്ഥിരീകരിച്ചത്. 'യഹ്യ സിന്‍വര്‍, രക്തസാക്ഷിയായ സഹോദരന്‍, ഞങ്ങളുടെ വലിയ നേതാവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു': അല്‍ജസീറയ്ക്ക് നല്‍കിയ വീഡിയോ പ്രസ്താവനയില്‍ ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. സിന്‍വറിന്റെ മരണം ഹമാസിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയേ ഉള്ളു. അധിനിവേശക്കാരിലേക്ക് ഒരു ശാപം പോലെയായി മാറും സിന്‍വറിന്റെ വിയോഗം. ഗസ്സയുടെ മേലുള്ള ആക്രമണം അവസാനിപ്പിക്കുകയും, ഇസ്രയേല്‍ സേന പിന്മാറുകയും ചെയ്യുന്നതും വരെ ഇസ്രയേലി ബന്ദികളെ വിട്ടുകൊടുക്കില്ലെന്നും ഖലീല്‍ അല്‍ ഹയ്യ പ്രഖ്യാപിച്ചു.



സിന്‍വാറിന് പുറമെ മറ്റു മൂന്ന് ഹമാസ് നേതാക്കളെ വധിച്ചെന്നും ഇസ്രായേല്‍ പറഞ്ഞിരുന്നു. ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടത് സിന്‍വാര്‍ തന്നെയാണു സ്ഥിരീകരിച്ചെന്നാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചത്. ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് സിന്‍വാറിനെ ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഒക്ടോബര്‍ ഏഴിനുശേഷമുള്ള ആക്രമണം നേരിട്ടു നയിക്കുന്നത് സിന്‍വാറാണ്. കഴിഞ്ഞ ജൂലൈ 31ന് ഇറാനില്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ട ശേഷമാണ് അദ്ദേഹം ഹമാസ് നേതൃത്വം ഏറ്റെടുക്കുന്നത്.

അതിനിടെ, യഹിയ സിന്‍വാറിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ ഇസ്രയേല്‍ പുറത്തുവിട്ടു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സാണ് (ഐഡിഎഫ്) യഹിയയുടെ അവസാന നിമിഷം എന്നവകാശപ്പെടുന്ന ഡ്രോണ്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.



തകര്‍ന്ന ഒരു അപാര്‍ട്ട്‌മെന്റിലെ പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ സോഫയില്‍ യഹിയ ഇരിക്കുന്നതും കണ്ണ് മാത്രം കാണുന്ന രീതിയില്‍ മുഖവും തലയും തുണികൊണ്ട് മറച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. കെട്ടിടത്തിന്റെ ഭിത്തികള്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഡ്രോണ്‍ അടുത്തേക്ക് വരുമ്പോള്‍ കൈയിലിരുന്ന വടി അതിനുനേരെ എറിയുന്നതും വീഡിയോയിലുണ്ട്.

ഡിഫന്‍സ് ഫോഴ്സിന്റെ ഒരു യൂണിറ്റ് റാഫയിലെ താല്‍ അല്‍ സുല്‍ത്താനില്‍ ബുധനാഴ്ച്ച പട്രോളിങ് നടത്തിയെന്നും കെട്ടിടങ്ങളുടെ മറവിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച യഹിയ ഉള്‍പ്പെടെ മൂന്നുപേരെ ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്തി കൊലപ്പെടുത്തിയെന്നുമാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചത്.

Tags:    

Similar News