വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കേണ്ടത് ചൈനയ്ക്ക് അനിവാര്യത; ട്രംപ് വന്നതോടെ നികുതി കൂട്ടുമെന്നും ആശങ്ക; തെക്കന്‍ ചൈനാകടലിലെ അപ്രതീക്ഷിത വെല്ലുവിളിയും പ്രായോഗികബുദ്ധിയും സഹകരണത്തിന് വഴിയൊരുക്കും; ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുമെന്ന് ചൈന; ഡോവലിന്റെ ചൈനീസ് നയയന്ത്രം വിജയത്തിലേക്ക്

Update: 2024-12-18 05:55 GMT

ബെയ്ജിങ്: ഒടുവില്‍ ചൈനയും ഇന്ത്യന്‍ പക്ഷത്തേക്ക്. അജിത് ഡോവല്‍ ഓപ്പറേഷന്‍ ഫലിക്കും. ഉഭയകക്ഷി ബന്ധം എത്രയും വേഗം സാധാരണനിലയിലാക്കാന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൈന അറിയിച്ചു. അഞ്ചുവര്‍ഷത്തിനുശേഷം നടക്കുന്ന ഇന്ത്യ-ചൈന പ്രത്യേകപ്രതിനിധികളുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിന്‍ ജീയാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൊവ്വാഴ്ച ബെയ്ജിങ്ങിലെത്തി. ബുധനാഴ്ച നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമാണ്. അതിന് മുമ്പാണ് ഈ പ്രസ്താവന.

ഇരുരാജ്യങ്ങളുടേയും പ്രധാന താല്‍പര്യങ്ങളേയും ആശങ്കകളെയും പരസ്പരം ബഹുമാനിക്കുക, ചര്‍ച്ചയിലൂടെയും ആശയവിനിമയത്തിലൂടെയും പരസ്പരവിശ്വാസം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത, ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകള്‍ ആത്മാര്‍ഥതയോടെയും വിശ്വാസത്തോടെയും കൃത്യമായവിധത്തില്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത എന്നിവ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രത്യേകം എടുത്തുപറഞ്ഞു. ചൈനയുടെ പ്രതിനിധിയായ വിദേശകാര്യമന്ത്രി വാങ് യിയായിരിക്കും ബുധനാഴ്ച നടക്കുന്ന ചര്‍ച്ച നയിക്കുക.

കിഴക്കന്‍ ലഡാക്കിലെ സൈനികപിന്‍മാറ്റം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ഡിസംബറിലാണ് അവസാനമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല പ്രതിനിധി ചര്‍ച്ച നടന്നത്. അതിര്‍ത്തി പ്രശ്നങ്ങളായിരുന്നു ഇതില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. കിഴക്കന്‍ ലഡാക്കിലെ സൈനികപിന്‍മാറ്റം ഘട്ടംഘട്ടമായി പൂര്‍ത്തിയായതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇന്ത്യയും ചൈനയുമായുള്ള നയതന്ത്രബന്ധത്തിലെ പുരോഗതിയ്ക്കായി അതിര്‍ത്തിമേഖലകളില്‍ സമാധാനപരമായ അന്തരീക്ഷം ഒരുക്കേണ്ടതുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിപ്രദേശങ്ങളിലെ യഥാര്‍ഥ നിയന്ത്രണരേഖയിലെ പട്രോളിങ് സംബന്ധിച്ച് ഇക്കൊല്ലം ഒക്ടോബറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഐക്യത്തിലെത്തിയിരുന്നു.

ഈ വര്‍ഷത്തെ കണക്കനുസരിച്ച് ചൈനയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി ഇന്ത്യയാണ്. 118.4 ബില്യണ്‍ ഡോളര്‍. ഏതാണ്ട് 10 ലക്ഷം കോടി രൂപ. അമേരിക്ക രണ്ടാമതാണ് 118.3 ബില്ല്യന്‍. വ്യാപാരമാന്ദ്യവും കടുത്ത തൊഴിലില്ലായ്മയും നേരിടുന്ന ചൈനയ്ക്ക് ഇന്ത്യയുമായുള്ള അതിര്‍ത്തി സമാധാനം പലതരത്തില്‍ ഗുണകരമാണ്. ഇന്ത്യയുടെ വലിയ കമ്പോളമാണ് ആദ്യത്തേത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് ജയിച്ചാതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത നികുതി ചുമത്താനുള്ള സാധ്യതയാണ് രണ്ടാമത്തേത്. മൂന്നാമത്തേത് തെക്കന്‍ ചൈനാകടലില്‍ ചൈന നേരിടുന്ന അപ്രതീക്ഷിത വെല്ലുവിളിയാണ്. നാലാമത്തേത്, പ്രായോഗികബുദ്ധിയും

നാലര വര്‍ഷം നീണ്ട സംഘര്‍ഷത്തിനു ശേഷം യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഒത്തുതീര്‍പ്പിന് ഇന്ത്യയും ചൈനയും നേരത്തെ തയ്യാറായിരുന്നു. ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് ഈ പ്രഖ്യാപനമുണ്ടായത്. അതിര്‍ത്തിയില്‍ തര്‍ക്കം ബാക്കി നിന്ന ഡെംചോക്ക്, ഡെപ്സാങ് സമതലം എന്നിവിടങ്ങളില്‍ നിന്നും പിന്‍മാറി പട്രോളിങ് പുനരാരംഭിക്കാനുള്ള തീരുമാനം നടപ്പായിരുന്നു. ഗാല്‍വന്‍ താഴ്വരയില്‍ 2020-ലാണ് ഇരുരാജ്യങ്ങളിലെയും പട്ടാളക്കാര്‍ ഏറ്റുമുട്ടിയത്. നമ്മുടെ 20 ജവാന്‍മാര്‍ വീരമൃത്യു വരിച്ചപ്പോള്‍ ചൈനീസ് പക്ഷത്ത് നാല്‍പ്പതോളം പേര്‍ മരിച്ചെന്നാണ് കണക്കാക്കുന്നത്, ചൈന സമ്മതിക്കുന്നില്ലെങ്കിലും. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വഷളായി. രക്തം മരവിക്കുന്ന തണുപ്പില്‍ ഇരു ഭാഗത്തും 50,000 വരുന്ന സൈന്യങ്ങള്‍ പൂര്‍ണ്ണസജ്ജരായി മുഖാമുഖം നില്‍ക്കുകയാണ്. ചൈന ചില സ്ഥാനങ്ങളില്‍ നിന്നും ഇന്ത്യന്‍ സൈനികരെ പുറത്താക്കിയപ്പോള്‍ ഇന്ത്യ ചൈനീസ് സൈനികരെ ചിലയിടങ്ങളില്‍ നിന്നും പുറത്താക്കി. വ്യാപാരബന്ധങ്ങള്‍ തളര്‍ത്തി ഇന്ത്യ, ചൈനയ്ക്കുമേല്‍ സമ്മര്‍ദ്ദം കൂട്ടി. അതിര്‍ത്തി പ്രശ്നം പരിഹരിച്ചാല്‍ മാത്രമേ ചര്‍ച്ച പുനരാരംഭിക്കുവാന്‍ ആകുവെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കി. നിലപാടിന് ഇളക്കമുണ്ടാവില്ലെന്ന് ഒടുവില്‍ ചൈന മനസ്സിലാക്കി. അങ്ങനെയാണ് വിട്ടുവീഴ്ചകളിലേക്ക് കാര്യങ്ങളെത്തിയത്.

ഇരുരാജ്യങ്ങളും തമ്മില്‍ 21 വട്ടം സൈനിക തല ചര്‍ച്ചകളും 17 വട്ടം നയതന്ത്ര ചര്‍ച്ചകളും നടത്തിയ ശേഷമാണ് കരാറിലെത്തിയത്. ഇത് അതിര്‍ത്തികളില്‍ നിന്നും പരസ്പരം സൈന്യം പിന്‍വലിക്കുന്നതിനും പിന്നീട് പൂര്‍ണമായ അതിര്‍ത്തിത്തര്‍ക്ക പരിഹാരത്തിനും വഴിവെക്കുമെന്നാണ് പ്രതീക്ഷ. പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ ഇരുരാജ്യങ്ങളും രാഷ്ട്രീയമായ ഇച്ഛാശക്തിയും കാട്ടി. ഇരുവര്‍ക്കും ലാഭകരമായ കാര്യങ്ങളിലേക്ക് നീങ്ങുക എന്ന നിലപാടിലേക്ക് അവരെത്തി. അതിന്റെ ഒരു സൂചന ഈ വര്‍ഷം ആദ്യം വന്നു. ചൈനയില്‍ നിന്നുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പിന്തുണച്ചു. കഴിഞ്ഞ ജൂലൈയില്‍ ജയശങ്കര്‍, ചൈനയുടെ വിദേശമന്ത്രി വാങ് യീയെ എസ്.സി.ഒ സമ്മേളനത്തിനിടയ്ക്കു വെച്ചും പിന്നീട് ലാവോസില്‍ വച്ചും കണ്ടു. കൂടാതെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജീത് ഡോവല്‍ റഷ്യയില്‍ വെച്ച് വാങ് യീയെ കണ്ടു സംസാരിച്ചിരുന്നു. അങ്ങനെയാണ് കരാര്‍ സാധ്യമായത്. അതിന്റെ തുടര്‍ച്ചയാണ് വീണ്ടുമുള്ള ചര്‍ച്ച.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന് അയവുണ്ടാക്കാന്‍ റഷ്യയും പ്രയത്നിച്ചതായി കരുതപ്പെടുന്നു. മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങുമായുള്ള വ്യക്തിപരമായി സൗഹൃദമുള്ള റഷ്യന്‍ പ്രസിഡന്റ് വ്ലാദിമീര്‍ പുടിനെ തര്‍ക്ക പരിഹാരത്തിനു മുന്‍കൈയെടുക്കാന്‍ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളും താല്‍പ്പര്യങ്ങളും പ്രേരിപ്പിച്ചിരിക്കാം. പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധം കാരണം ഇരുരാജ്യങ്ങളുടെയും സഹകരണം റഷ്യക്ക് അത്യാവശ്യമാണ്. ഇതിനു പുറമേയാണ് ആര്‍ട്ടിക് സമുദ്രം വഴിയുള്ള ഉത്തര സമുദ്രപാത (എന്‍.എസ്.ആര്‍) വികസിപ്പിക്കാന്‍ വേണ്ടുന്ന വന്‍നിക്ഷേപവും സാങ്കേതിക സഹകരണവും. കഴിഞ്ഞ ജൂലായില്‍ റഷ്യ സന്ദര്‍ശിച്ച മോദി പുടിനുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു.

പാശ്ചാത്യ ഉപരോധം കാരണം ചരക്കു വിനിമയത്തിന് കൂടുതല്‍ സുരക്ഷിതമായ പാത എന്ന നിലയ്ക്കാണ് റഷ്യ ഉത്തര സമുദ്രപാത വികസിപ്പിക്കാനൊരുങ്ങുന്നത്. മാത്രമല്ല, ഇന്ധനങ്ങളുടെയും ധാതുസമ്പത്തിന്റെയും വലിയ കലവറയുമാണ് പ്രദേശം. പാതയില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യയെയും ക്ഷണിച്ചിട്ടുണ്ട്.

Tags:    

Similar News