സിന്‍വറിനെ തീര്‍ത്ത ഇസ്രായേല്‍ അടുത്ത ടാര്‍ജെറ്റ് നിശ്ചയിച്ചു; ഇനി ഇല്ലാതാവേണ്ടത് ഹിസ്ബുള്ളയുടെ നേതൃനിര; ടെസ്റ്റ് ഡോസായി ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ചു; മൂന്ന് കമാന്‍ഡര്‍മാരെ വധിച്ചു; ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ കേന്ദ്രവും തവിടുപൊടിയാക്കി ഇസ്രായേല്‍

ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ കേന്ദ്രവും തവിടുപൊടിയാക്കി ഇസ്രായേല്‍

Update: 2024-10-21 03:33 GMT

ബെയ്‌റൂട്ട്: ഹമാസിന്റെ നേതൃനിരയെ തീര്‍ത്ത ഇസ്രായേല്‍ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ഇറാനെ നേരിട്ട് ആക്രമിക്കാന്‍ അമേരിക്കയുടെ സമ്മതത്തിന് കാത്തിരിക്കുന്ന ഇസ്രായേല്‍ ഹിസ്ബുള്ളക്കെതിരെ കടുത്ത നീക്കങ്ങളാണ് നടക്കുന്നത്. പേജര്‍ ആക്രമണത്തില്‍ പകച്ചുപോയ ഹിസ്ബുള്ളക്കെതിരെ അടുത്ത ഘട്ടത്തില്‍ ആഞ്ഞടിക്കാനാണ് ഇസ്രായേല്‍ ഒരുങ്ങുന്നത്. ഇതിന്റെ തുടക്കമെന്നോണം ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇസ്രായേല്‍ സേന ആക്രമിച്ചു.

ലെബനീസ് തലസ്ഥാനമായ ബെയ്‌റൂത്തിലെ ഹിസ്ബുള്ള ഹെഡ്ക്വാട്ടേഴ്‌സും ഭൂഗര്‍ഭ ആയുധനിര്‍മ്മാണ കേന്ദ്രവും ഇസ്രയേല്‍ സൈന്യം ആക്രമിച്ചതായി റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ സൈന്യം ആക്രമിച്ചിരുന്നു. ഇതോടെ ഹിസ്ബുള്ളയുടെ ആയുധവിതരണവും നിര്‍മാണവുമെല്ലാം തകര്‍ക്കുക ഇന്നതാണ് ഇസ്രായേല്‍ ലക്ഷ്യം.

ഏറ്റവും ഒടുവില്‍ നടന്ന ആക്രമണത്തില്‍ തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകള്‍ മൂന്ന് ഹിസ്ബുള്ള കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഹിസ്ബുള്ളയുടെ സതേണ്‍ കമാന്‍ഡിലെ ഉയര്‍ന്ന കമാന്‍ഡര്‍ അല്‍ഹാജ് അബ്ബാസ് സലേം, കമ്യൂണിക്കേഷന്‍ വിദഗ്ധന്‍ റദ്ജ അബ്ബാസ് അവ്‌ച്ചെ, ഹിസ്ബുള്ള തന്ത്രപ്രധാനമാായ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിന്റെ മേല്‍നോട്ടം വഹിക്കുന്ന അഹമ്മദ് അലി ഹുസൈന്‍ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലി സൈന്യത്തിന്റെ അവകാശവാദം. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ എക്‌സ് പോസ്റ്റിലൂടെ ഇസ്രയേലി സൈന്യംപങ്കുവെച്ചിട്ടുണ്ട്.

ഇവര്‍ കൊല്ലപ്പെട്ടെങ്കില്‍ അത് ഹിസ്ബുള്ളയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ഇന്നലെ രാവിലെ ഇസ്രയേലി എയര്‍ഫോഴ്‌സ് ഹിസ്ബുള്ളയുടെ ഇന്റലിജന്‍സിന്റെ കമാന്‍ഡോ കേന്ദ്രത്തിലും ഭൂഗര്‍ഭ ആയുധ നിര്‍മ്മാണകേന്ദ്രത്തിലും ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആക്രമണം നടത്തിയെന്നായിരുന്നു ഇസ്രയേല്‍ സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. തെക്കന്‍ ബെയ്‌റൂത്തിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദഹിയയിലെ ഹാരെത്ത് ഹ്രീക്കിലും ഹദാാത്തിലും ഞായറാഴ്ച രാവിലെ ഇസ്രയേല്‍ ആക്രമണം നടത്തിയതായി ലെബനീസ് സര്‍ക്കാര്‍ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹിസ്ബുള്ളയുടെ തെക്കന്‍ ഫ്രണ്ട് കമാന്‍ഡിലെ മുതിര്‍ന്ന അംഗമായ അല്‍ഹാജ് അബ്ബാസ് സലാമയുടെ കൊലപാതകം ഹിസ്ബുള്ളയ്ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ബിന്‍ത് ജബീല്‍ സെക്ടറിലെ ഹിസ്ബുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന സലാമ ഇസ്രയേലിനെതിരായ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണെന്നാണ് റിപ്പോര്‍ട്ട്. ഹിസ്ബുല്ലയുടെ തെക്കന്‍ മുന്നണിയില്‍ നിരവധി ചുമതലകള്‍ നേരത്തെ സലാമ വഹിച്ചിട്ടുണ്ട്.

വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഹിസ്ബുള്ളയുടെ ശക്തി കേന്ദ്രങ്ങളിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. അതിനിടെ ഇറാനില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ തയാറെടുക്കുന്നതു സംബന്ധിച്ച് യുഎസിന്റെ അതീവ രഹസ്യമായ 2 ഇന്റലിജന്‍സ് രേഖകള്‍ പുറത്തായതായി റിപ്പോര്‍ട്ടുകളും. 'ന്യൂയോര്‍ക്ക് ടൈംസ്' ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇസ്രയേല്‍ സൈനിക നീക്കങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ ചാര ഉപഗ്രങ്ങള്‍ നല്‍കിയ ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഒക്ടോബര്‍ 15, 16 തീയതികളില്‍ പുറത്തിറക്കിയതായി പറയപ്പെടുന്ന രേഖകളുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലെ ഇറാന്‍ അനുകൂല ഗ്രൂപ്പുകളിലാണ് പ്രചരിച്ചത്. ഇറാനെ ഇസ്രയേല്‍ ഉടന്‍ ആക്രമിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഇത് തുടക്കമിട്ടു. ഇസ്രയേലിലേക്ക് ഒക്ടോബര്‍ ഒന്നിന് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കിയിരുന്നു. ലബനനില്‍ ഹിസ്ബുല്ല മേധാവിയെയും ഇറാന്‍ സൈനിക കമാന്‍ഡറെയും വധിച്ചതിനു തിരിച്ചടിയായാണ് ആക്രമണമെന്നാണ് ഇറാന്‍ സൈന്യം അന്ന് പ്രതികരിച്ചത്. ഇരുനൂറിലേറെ ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിന് നേര്‍ക്ക് ഇറാന്‍ തൊടുത്തിരുന്നു. ഇതിലേറെയും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ഇസ്രയേല്‍ വ്യോമസേന ഇറാനില്‍ ആക്രമണം നടത്തുന്നതിനു മുന്നോടിയായി വിവിധ തയാറെടുപ്പുകള്‍ നടത്തുന്നതായാണ് പുറത്തുവിട്ട ഒരു രേഖയില്‍ പറയുന്നത്. ആകാശത്തുവച്ച് വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കല്‍, തിരച്ചില്‍രക്ഷപ്പെടുത്തല്‍ ഓപ്പറേഷനുകള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പുനര്‍വിന്യാസം തുടങ്ങിയവയെല്ലാം ഇസ്രയേല്‍ നടത്തുന്നതായി രേഖകളില്‍ പറയുന്നുണ്ട്. തന്ത്രപ്രധാന മേഖലകളില്‍ ഇസ്രയേല്‍ ആയുധങ്ങള്‍ വിന്യസിക്കുന്നതിനെക്കുറിച്ചാണ് രണ്ടാമത്തെ രേഖ പറയുന്നത്. രേഖകള്‍ പുറത്തുവന്നതിനെക്കുറിച്ച് ചര്‍ച്ചകളും ആരംഭിച്ചു. രേഖകള്‍ പുറത്തുവിട്ട വ്യക്തിയെ കുറിച്ച് വ്യക്തതയില്ല.

താഴെത്തട്ടിലുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആരെങ്കിലും രേഖകള്‍ പുറത്തു വിട്ടിരിക്കാം എന്നാണ് നിഗമനം. അമേരിക്കന്‍ അധികൃതര്‍ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇറാനെ ആക്രമിക്കാന്‍ ഇസ്രയേല്‍ തയാറെടുക്കുന്നതിനെക്കുറിച്ച് അറിയാമോ എന്ന ചോദ്യത്തിന് 'അതെ' എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മറുപടി. ഇറാന്റെ ആണവകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ആക്രമിക്കരുതെന്നു ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

Similar News