ഓരോ തവണയും നമ്മള്‍ ഒന്നിച്ചിരിക്കുമ്പോഴും സഹകരണത്തിന്റെ പുതിയ പാതകള്‍; അദ്ഭുതകരം; ഇന്ത്യ-യുഎസ് ബന്ധം ശക്തവും ചലനാത്മകവുമെന്ന് ബൈഡന്‍; മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ചു
ഇന്ത്യ-യുഎസ് ബന്ധം ശക്തവും ചലനാത്മകവുമെന്ന് ബൈഡന്‍;
വില്‍മിങ്ടണ്‍: ക്വാഡ് ഉച്ചകോടിയോട് അനുബന്ധിച്ച് പരധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഡെലാവറിലെ വില്‍മിങ്ടനിലുള്ള തന്റെ വസതിയില്‍ വച്ച് മോദിയെ ബൈഡന്‍ സ്വാഗതം ചെയ്തു. ഇരുനേതാക്കളും പരസ്പരം ആലിംഗനം ചെയ്തു. മോദിയുടെ കൈകള്‍ പിടിച്ചുകൊണ്ടാണ് ബൈഡന്‍ വസതിക്കുള്ളിലേക്ക് അദ്ദേഹത്തെ നയിച്ചത്. ചിത്രങ്ങള്‍ ബൈഡന്‍ എക്‌സില്‍ പങ്കുവച്ചു.
' ചരിത്രത്തിലെ ഏതുകാലത്തേക്കാലും കൂടുതല്‍ ശക്തവും, ദൃഢവും, ഊര്‍ജ്ജസ്വലവുമാണ് ഇന്ത്യ-യുഎസ് ബന്ധം. പ്രധാനമന്ത്രി മോദി, ഓരോതവണയും നാം ഒരുമിച്ചിരിക്കുമ്പോഴും സഹകരണത്തിന്റെ പുതിയ പാതകള്‍ കണ്ടെത്താനുള്ള നമ്മുടെ കഴിവ് എന്നെ അദ്ഭുതപ്പെടുത്താറുണ്ട്. ഇത്തവണയും വ്യത്യസ്തമായിരുന്നില്ല', പ്രസിഡന്റ്ബൈഡന്‍ എക്‌സില്‍ കുറിച്ചു.
ഒരുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും യോഗത്തില്‍ പ്രാദേശിക- ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്നും മോദി എക്സില്‍ കുറിച്ചു. യോഗത്തില്‍ പ്രാദേശിക ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും സമൂഹമാധ്യമത്തില്‍ കുറിച്ചു. പരസ്പര താല്‍പ്പര്യമുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. 'ഇന്തോ - പസഫിക് മേഖലയും അതിനുമപ്പുറവുമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളെ കുറിച്ചും ഇരുവരും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു' രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, അമേരിക്കയിലെ യുഎസ് അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര എന്നിവര്‍ മോദിക്കൊപ്പം ഉണ്ടായിരുന്നു. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മൂന്നുദിവസത്തെ യുഎസ് സന്ദര്‍ശത്തിനെത്തിയ മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായി പ്രത്യേക ഉഭയകക്ഷി ചര്‍ച്ച നടത്തും.