ലിവിങ് റൂമില്‍ മിസൈലും ഗാരേജില്‍ റോക്കറ്റും സൂക്ഷിക്കുന്നവരെ നിങ്ങള്‍ക്കിനി വീടുണ്ടാവില്ല; ലെബനീസ് ജനതക്ക് നെതന്യാഹുവിന്റെ ഉഗ്രന്‍ മുന്നറിപ്പ്; മിസൈല്‍ കമാണ്ടര്‍ അടക്കമുള്ളവരെ കൊന്ന് തള്ളി ഇസ്രായേല്‍ സേന മുന്‍പോട്ട്; മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തിരിച്ചടി

ഭീകരസംഘടനയുടെ റോക്കറ്റുകളുടേയും മിസൈലുകളുടേയും ഏകോപന ചുമതല വഹിക്കുന്ന ഇബ്രാഹിം കൊബീസിയാണ് കൊല്ലപ്പെട്ടത്.

Update: 2024-09-25 04:05 GMT

ബെയ്‌റൂട്ട്: ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരേ ഇന്നലെയും ശക്തമായ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഹിസ്ബുള്ളയുടെ ഒരു മുതിര്‍ന്ന കമാന്‍ഡര്‍ ഇസ്രയേല്‍ വ്യോമസേനയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭീകരസംഘടനയുടെ റോക്കറ്റുകളുടേയും മിസൈലുകളുടേയും ഏകോപന ചുമതല വഹിക്കുന്ന ഇബ്രാഹിം കൊബീസിയാണ് കൊല്ലപ്പെട്ടത്.

ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടന്ന വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഹിസ്ബുള്ല മറ്റ് പല കമാന്‍ഡര്‍മാരും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നതെങ്കിലും അവരും കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന കാര്യം ഇനിയും വ്യക്തമല്ല. കുറേ ദിവസങ്ങളായി തുടര്‍ച്ചയായി തുടരുന്ന ബോംബാക്രമണങ്ങളെ തുടര്‍ന്ന് ലബനനിലെ ജനങ്ങളാകെ ചിന്നിച്ചിതറിയ അവസ്ഥയിലാണ്. അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി ഉയര്‍ന്നിട്ടുണ്ട്.

ലബനനില്‍ ഒരു സമ്പൂര്‍ണ യുദ്ധം തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന് ഐകര്യരാഷ്ട്ര പൊതുസഭയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ഗാസയിലെ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം മേഖലയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതിനിടെ ലബനന്‍ ജനതക്ക് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ള ലബനനിലെ ജനങ്ങളെ നാശത്തിലേക്ക് ആഴങ്ങളിലേക്ക് കൊണ്ട് പോകുകയാണെന്ന് ചൂണ്ടിക്കാട്ടിയ നെതന്യാഹു ലിവിങ് റൂമില്‍ മിസൈലും ഗ്യാരേജില്‍ റോക്കറ്റും സൂക്ഷിക്കുന്നവരേ നിങ്ങള്‍ക്ക് ഇനി വീട് ഉണ്ടാകില്ല എന്ന് മുന്നറിയിപ്പ് നല്‍കി.

ഗാസയില്‍ സംഘര്‍ഷം ആരംഭിക്കുകയും ഹിസ്ബുള്ള ഹമാസിന് പിന്തുണ നല്‍കി ഇസ്രയേലിലേക്ക് ആക്രമണം തുടങ്ങിയത് മുതല്‍ തന്നെ ലബനനിലേക്ക് ഇസ്രേയല്‍ ആക്രമണം നടത്തുന്നുണ്ടായിരുന്നു എങ്കിലും കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് അതിശക്തമായ തോതിലുള്ള ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടന്ന പേജര്‍, വാക്കിടോക്കി സ്ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് ലബനനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ നിഷേധിച്ചു എങ്കിലും അവരുടെ ചാരസംഘടനയായ മൊസാദ് തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലായിരുന്നു.

ഹിസ്ബുള്ളയും കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേലിലേക്ക് ആക്രമണം നടത്തി എങ്കിലും ഇസ്രയേല്‍ അതിശക്തമായിട്ടാണ് ഇതിന് തിരിച്ചടി നല്‍കിയത്. അതേ സമയം മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ സര്‍ക്കാര്‍ സജീവമായി രംഗത്തെത്തിയിട്ടുണ്ട്. പ്രിസഡന്റ് ജോബൈഡന്‍ തന്നെ ഇത്തരം ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. സ്ഥിതിഗതികള്‍ വഷളായെങ്കിലും നയതന്ത്രപരമായ രീതിയില്‍ പരിഹാരം കണ്ടെത്താന്‍ ഇനിയും കഴിയുമെന്ന് ബൈഡന്‍ ഐക്യരാഷ്ട്രപൊതുസഭയിലെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

അതിനിടെ ലബനനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി വരികയാണ്. ബോംബാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരെ താല്‍ക്കാലികമായി സ്‌ക്കൂളുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രേയല്‍ നടത്തിയ ആക്രമണം അതിരൂക്ഷമായിരുന്നു. ഹിസ്ബുള്ള നേതാവ് അലി ലക്ഷ്യമിട്ടാണ് ബെയ്റൂട്ടില്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഇയാള്‍ രക്ഷപ്പെട്ടു എന്നാണ് ഹിസ്ബുള്ള അവകാശപ്പെടുന്നത്. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഖുബൈസിയാണെന്നാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐ.ഡിഎഫ്) പറയുന്നത്.

ഖുബൈസിക്കൊപ്പം കൊല്ലപ്പെട്ട മറ്റു രണ്ട് ഹിസ്ബുള്ള കമാന്‍ഡര്‍മാരും റോക്കറ്റ് - മിസൈല്‍ വിഭാഗങ്ങളുടെ നേതൃനിരയില്‍ ഉണ്ടായിരുന്നവരാണ് എന്നാണ് ഐ.ഡി.എഫ്. വ്യക്തമാക്കുന്നത്. ഇസ്രയേലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നവരെയാണ് വകവരുത്തിയതെന്നാണ് അവരുടെ വാദം. അതിനിടെ ഖുബൈസി കൊല്ലപ്പെട്ട വിവരം ഹിസ്ബുള്ളയും സ്ഥിരീകരിച്ചിട്ടുണ്ട്. രക്തസാക്ഷിത്വം എന്നാണ് ഖുബൈസിയുടെ മരണത്തെ ഹിസ്ബുള്ള വിശേഷിപ്പിച്ചിട്ടുള്ളത്. 1980-കളില്‍ ഹിസ്ബുള്ളയുടെ ഭാഗമായ ഖുബൈസി ഏറെ വൈകാതെതന്നെ മിസൈല്‍ - റോക്കറ്റ് ആക്രമണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയെന്നാണ് വിവരം. വളരെ കൃത്യതയോടെയുള്ള മിസൈല്‍ ആക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് ഖുബൈസിയാണ്.

ഇസ്രയേല്‍ സൈന്യത്തിനെതിരായ ഹിസ്ബുള്ളയുടെ നീക്കങ്ങളില്‍ ഖുബൈസി വഹിച്ചിരുന്ന പങ്ക് നിര്‍ണായകമായിരുന്നു. 2000-ല്‍ മൂന്ന് ഇസ്രയേല്‍ സൈനികരെ തട്ടിക്കൊണ്ടുപോയ മൗണ്ട് ഡോവ് ഓപ്പറേഷന് പിന്നില്‍ ഖുബൈസി ആയിരുന്നുവന്നൊണ് വിവരം. ഈ സൈനികരെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Tags:    

Similar News