ഭീകരര്‍ ഇസ്രയേലിലേക്ക് അയച്ച മൂന്ന് ഡ്രോണുകളില്‍ രണ്ടെണ്ണം ഇസ്രയേല്‍ പ്രതിരോധ സംവിധാനം തകര്‍ത്തുച പക്ഷേ ഒന്ന് ലക്ഷ്യത്തില്‍ വീണു; ഹിസ്ബുള്ളയ്ക്കും ചിരിക്കാം; കൊല്ലപ്പെട്ടത് നാല് ഇസ്രയേല്‍ സൈനികര്‍; ഇത് ഏറ്റവും പ്രഹരശേഷിയുണ്ടാക്കിയ പ്രത്യാക്രമണം

Update: 2024-10-14 03:58 GMT

ജെറുസലേം: ഹിസ്ബുള്ള ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടത് ഇസ്രയേലിന് ഞെട്ടലായി. ലബനനിലേക്ക് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ഇത്രയധികം ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. 67 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിന്യാമിന മേഖലയിലാണ് ലബനനില്‍ നിന്ന് ശക്തമായ തോതില്‍ ആക്രമണം നടക്കുന്നത്. പരിക്കേറ്റവര്‍ സൈനികരാണോ സാധാരണ പൗരന്‍മാരോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

ഭീകരര്‍ ഇസ്രയേലിലേക്ക് അയച്ച മൂന്ന് ഡ്രോണുകളില്‍ രണ്ടെണ്ണം ഇസ്രയേല്‍ പ്രതിരോധ സംവിധാനം തകര്‍ത്തു എങ്കിലും ഒരു ഡ്രോണ്‍ ഇസ്രയേലില്‍ വന്ന് പതിക്കുകയായിരുന്നു. എങ്ങനെയാണ് അയണ്‍ഡോം സംവിധാനത്തെ മറികടന്ന് ഇവ ഇസ്രയേലില്‍ എത്തിയത് എന്ന് ഇനിയും വ്യക്തമായിട്ടില്ല. അത് കൊണ്ട് തന്നെ ഇസ്രയേല്‍ സൈന്യത്തിന് അപകട മുന്നറിയിപ്പ് നല്‍കാനും കഴിഞ്ഞിരുന്നില്ല. ഇന്നലെ ഒരു ദിവസം മാത്രം ലബനനിലെ ഹിസ്ബുളള കേന്ദ്രങ്ങള്‍ക്ക് നേരേ ഇസ്രയേല്‍ 200 വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു.

തെക്കന്‍ ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന് വേണ്ടിയാണ് ഇസ്രയേല്‍ സൈന്യം ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഹിസ്ബുള്ള ഭീകരര്‍ ഇസ്രയേലിലേക്ക് ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഡ്രോണ്‍ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയും ഹിസ്ബുള്ള ഇസ്രയേലിലെ ടെല്‍ അവീവിന് സമീപം ഡ്രോണാക്രമണം നടത്തിയിരുന്നു. എന്നാല്‍ അന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായി എങ്കിലും ആളപായം ഉണ്ടായില്ല. ലബനനില്‍ കഴിഞ്ഞ വ്യാഴാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടി നല്‍കി എന്നാണ് ഇന്നലത്തെ ആക്രമണത്തെ കുറിച്ച്് ഹിസ്ബുള്ള തീവ്രവാദികള്‍ പ്രതികരിച്ചത്.

പലപ്പോഴും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ കടന്ന് കയറി ആക്രമണം നടത്തിയതിന് അടുത്ത ദിവസം മുതല്‍ തന്നെ ഹിസ്ബുള്ള ഭീകരര്‍ റോക്കറ്റാക്രമണം ആരംഭിച്ചിരുന്നു. ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ഹിസ്ബുള്ള ഇസ്രയേലിലേക്ക് ആക്രമണം നടത്തിയിരുന്നത്. ഇസ്രയേലിന്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഹിസ്ബുള്ളയുടെ റോക്കറ്റുകള്‍ തകര്‍ത്തെറിയുന്നതും പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അയണ്‍ഡോമുകളുടെ കണ്ണ് വെട്ടിച്ച് ഹിസ്ബുള്ള ഡ്രോണുകള്‍ എങ്ങനെയാണ് കടന്ന് കറിയത് എന്ന കാര്യം ഇസ്രയേലിനെ ഞെട്ടിച്ചിരിക്കുകയാണ്.

തെക്കന്‍ അതിര്‍ത്തിയിലുള്ള സ്വന്തം നാട്ടുകാരെ എങ്ങനെയും തിരികെ എത്തിക്കുന്നതിന്റെ കൂടി ഭാഗമായിട്ടാണ് ഇസ്രയേല്‍ ശക്തമായ തോതില്‍ ലബനനിലേക്ക് കരയുദ്ധം ആരംഭിച്ചത്. ഇസ്രയേലിനെ മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനായി പുതിയ പ്രതിരോധ സംവിധാനം നല്‍കുമെന്ന് അമേരിക്ക വെളിപ്പെടുത്തിയ അതേ ദിവസം തന്നെയാണ് ഹിസ്ബുള്ള ഭീകരര്‍ ഇസ്രയേലില്‍ ശക്തമായ ആക്രമണം നടത്തിയത് എന്ന കാര്യം ശ്രദ്ധേയമാണ്. ഇസ്രയേല്‍ ലബനനിലേക്ക് ആക്രമണം നടത്തിയ തുടര്‍ന്ന് ഇതു വരെ 1300 ഓളം പേര്‍ കൊല്ലപ്പെട്ടു എന്നാണ് ലബനീസ് സര്‍ക്കാര്‍ ആരോപിക്കുന്നത്.

രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണമുണ്ടാകുന്നത്. ശനിയാഴ്ച ടെല്‍ അവീവിനു നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. മിസൈലുകള്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിനു കൈമാറുമെന്ന് യുഎസ് പ്രഖ്യാപിച്ച ദിവസമാണ് ഇസ്രയേലിനു നേര്‍ക്ക് വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലബനനിലെ ഹിസ്ബുള്ള സംഘടന ഏറ്റെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രയേലിന്റെ നേര്‍ക്കുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിത്.

ബെയ്‌റൂട്ടില്‍ വ്യാഴാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇസ്രയേലിന്റെ സൈനിക പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല അറിയിച്ചു. അതേസമയം, മധ്യഗാസയില്‍ പുനരധിവാസ ക്യാംപ് പ്രവര്‍ത്തിച്ച സ്‌കൂളിനു നേരെ ഞായാറാഴ്ച ഇസ്രയേല്‍ നടത്തിയ ഷെല്ലിങ്ങില്‍ 20 പേര്‍ കൊല്ലപ്പെടുകയും അനവധി ആളുകള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

Tags:    

Similar News