ചേട്ടനുമായി കളിക്കുമ്പോള്‍ ഇസ്രയേലി സൈനിക വാഹനം കണ്ടു; എനിക്കവരെ പേടിയില്ലെന്ന് പറഞ്ഞ് കല്ലുമായി പാഞ്ഞ 11കാരന്‍; പയ്യനെ വെടിവച്ചിട്ട് വാഹനത്തിനുള്ളിലെ സൈനികന്‍; വെസ്റ്റ് ബാങ്കിലെ കുട്ടിയുടെ കൊല അതിക്രൂരം; അന്വേഷണത്തിന് ഇസ്രയേല്‍ സൈന്യവും; ഫലസ്തീന് നൊമ്പരമായി അബ്ദുള്ളയും

Update: 2024-10-28 02:16 GMT

ജെറുസലേം: വെസ്റ്റ് ബാങ്കിലെ നബ്ലസില്‍ പതിനൊന്നുകാരന്‍ വെടിയേറ്റു മരിച്ചതിനെ ഗൗരവത്തില്‍ കണ്ട് ഇസ്രയേലി സേന. ഇക്കാര്യത്തില്‍ സൈന്യം അന്വേഷണം നടത്തും. പതിനൊന്ന് വയസ്സുള്ള അബ്ദുള്ള ഹവാഷാണ് മരിച്ചത്. വെസ്റ്റ് ബാങ്കിലെ ഈ നഗരത്തില്‍ സൈന്യം മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഒരു ഭീകരന് വേണ്ടിയുള്ള തെരച്ചിലായിരുന്നു. ഇതിനിടെ സൈന്യത്തിന് നേരെ വ്യാപകമായ കല്ലേറുണ്ടായിരുന്നു. കല്ലെറിയുമെന്ന ഭീതിയില്‍ പോകുന്നതിനിടെ ഈ പതിനൊന്നുകാരനും കല്ലുമായി മുമ്പോട്ട് വന്നു. സൈന്യത്തിന് ആ പയ്യനോട് പൊറുക്കാനായില്ല. അവര്‍ ആ കുരുന്നിന്റെ ജീവനെടുത്തു. വെടിയേറ്റാണ് മരണം.

ഇസ്രയേല്‍ സൈനിക വാഹനത്തിന് അമ്പത് മീറ്ററോളം അകലെയായിരുന്നു പയ്യന്‍ നിന്നിരുന്നത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന സൈനികനാണ് കുട്ടിയ്ക്ക് നേരെ വെടിവച്ചത്. നെഞ്ചു പിളര്‍ന്ന് വെടിയുണ്ട പോയി. തൊട്ടടുത്ത് വെടിയേറ്റ പയ്യന്റെ മൂത്ത സഹോദരനും ഉണ്ടായിരുന്നു. ഇയാള്‍ രക്ഷപ്പെട്ടത് മറയില്‍ ഒളിച്ചാണ്. വെടിയൊച്ച കേട്ടു നോക്കിയപ്പോഴാണ് സഹോദരന് വെടിയേറ്റുവെന്ന് നിഡല്‍ തിരിച്ചറിഞ്ഞത്. അടുത്ത ബന്ധുവിന്റെ ബൈക്കില്‍ കളിക്കുമ്പോഴായിരുന്നു ഈ സംഭവങ്ങള്‍. സൈന്യത്തെ കണ്ടതും അനുജനുമായി ഒളിക്കാന്‍ ശ്രമിച്ചു. പന്തികേടുണ്ടെന്ന് മനസ്സിലായതു കൊണ്ടാണ് ഇത്. എന്നാല്‍ അനുജന്‍ തന്നില്‍ നിന്നും രക്ഷപ്പെട്ട് കല്ലെടുത്ത് എറിഞ്ഞുവെന്ന് നിഡല്‍ പറഞ്ഞതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരിച്ചു വരാന്‍ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. എനിക്ക് പേടിയില്ലെന്ന് പറഞ്ഞ് കല്ലെറിഞ്ഞു. അവര്‍ വെടിയുതിര്‍ക്കുകയും ചെയ്തു-ചേട്ടന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

വെടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ അതിവേഗം എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്ലെറിഞ്ഞത് കൊച്ചു കുട്ടിയാണ്. എന്നിട്ടും വെടിവച്ചിട്ടതില്‍ ഇസ്രയേലി സേനയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമാണ്. അബ്ദുള്ളയുടെ അച്ഛന് ഫര്‍ണിച്ചര്‍ കടയാണ്. ആളുകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നടന്ന മിടുക്കന്‍ പയ്യനായിരുന്നു അബ്ദുള്ള. പഠനത്തിലും മിടുക്കന്‍. ആയിരക്കണക്കിന് ആളുകളാണ് അബ്ദുള്ളയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ഇസ്രയേലി സൈന്യത്തിന് വലിയ ഭീഷണിയല്ലാത്ത കുട്ടിയെ പോലും വെടിവച്ചിട്ടത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നുണ്ട്. തീര്‍ത്തും സഹിഷ്ണുതയില്ലാത്ത പ്രവര്‍ത്തിയാണ് ഇസ്രയേലി സേനയുടേതെന്നാണ് അഭിപ്രായം. ഐക്യരാഷ്ട്ര സഭയും ഒരു വെല്ലുവിളികളും ഉര്‍ത്താന്‍ സാധ്യതയില്ലാത്ത കുട്ടിയെ കൊന്നു തള്ളിയതിനെ എതിര്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് ഇസ്രായേല്‍ അന്വേഷണത്തിന് ഉത്തവിട്ടത്.

ഫലസ്തീന്‍ കുട്ടികള്‍ക്കെതിരെ അതിക്രൂരമായ നടപടികള്‍ ഇസ്രേയല്‍ സൈന്യം എടുക്കുന്നുവെന്ന വ്യാപക പരാതിയുണ്ട്. ഇതിനിടെയാണ് ഈ സംഭവവും. കഴിഞ്ഞ ദിവസം വടക്കന്‍ ഗാസയിലെ താമസസമുച്ചയത്തിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബെയ് ലെഹിയയിലെ കെട്ടിടത്തിനുനേരെയാണ് ഞായറാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജബാലിയയിലും ആക്രമുണ്ടായി. ഇവിടെ നിരവധി പേര്‍ക്ക് ജീവഹാനിയുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു.

ഗാസാമുനമ്പിലെ ഏറ്റവും വലിയ എട്ട് അഭയാര്‍ഥി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ജബാലിയ ലക്ഷ്യമിട്ട് മൂന്നാഴ്ചയിലധികമായി ഇസ്രയേല്‍ രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്.

Tags:    

Similar News