പ്രളയം ഉണ്ടായ സ്പെയിനില്‍ ലോകാവസാന സമാനമായ കാഴ്ചകള്‍; മരണ സംഖ്യ 158 ആയി ഉയര്‍ന്നു; ദുരന്തത്തിനിടയിലും കടകള്‍ കൊള്ളയടിച്ച് സ്പെയിനിനെ നാണം കെടുത്തി ചിലര്‍
വലേന്‍സിയ: കൊടും പ്രളയം സ്പെയിനിനെ വിഴുങ്ങിയപ്പോള്‍ ജനങ്ങളുടെ ഓര്‍മ്മയിലെത്തിയത് ബൈബിളില്‍ പരാമര്‍ശിക്കുന്ന മഹാപ്രളയമായിരുന്നു. പ്രളയം ബാധിച്ച സ്പെയിനിന്റെ ആകാശക്കാഴ്ചകളും നല്‍കുന്നത് ലോകാവസാനത്തിന് സമാനമായ ദൃശ്യങ്ങളാണ്. 158 പേരാണ് ഇതുവരെ മരിച്ചത്.
വഴിയരുകില്‍ ഉപേക്ഷിക്കപ്പെട്ട കാറുകളും ചെളിയില്‍ പുതഞ്ഞ ഹൈവേകളും, മറ്റ് അവശിഷ്ടങ്ങളുമൊക്കെ മനുഷ്യ മനസ്സില്‍ ഉണര്‍ത്തുന്നത് ഒരു പ്രേത നഗരത്തിലെത്തിയ അനുഭവമാണ്. ഇതില്‍ ചില വാഹനങ്ങള്‍ക്കുള്ളില്‍ മനുഷ്യരുടെ മൃതദേഹങ്ങളും ഉണ്ടാകാം എന്നാണ് ഗതാഗത വകുപ്പ് മന്ത്രി ഓസ്‌കാര്‍ പ്യൂനെറ്റ് മുന്നറിയിപ്പ് നല്‍കി. ഒരു വര്‍ഷത്തിലധികം കാലയളവില്‍ പെയ്തിറങ്ങേണ്ട മഴ എട്ടുമണിക്കൂര്‍ കൊണ്ട് പേമാരിയായി പെയ്തപ്പോള്‍ കിഴക്കന്‍ സ്പെയിനിലെ വലേന്‍സിയ നഗരം സാക്ഷ്യം വഹിച്ചത് ഭയപ്പെടുത്തുന്ന വന്‍ പ്രളയത്തെയായിരുന്നു.
നിരവധി ഗ്രാമങ്ങളെ പൂര്‍ണ്ണമായും വിഴുങ്ങിയ പ്രളയം നിരവധി പേരുടെ മരണത്തിനും കാരണമായി. ധാരാളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല എന്നും പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. അതുകൊണ്ടു തന്നെ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മരണമടഞ്ഞവരില്‍ ഒരാള്‍ ബ്രിട്ടീഷ് പൗരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനിടയില്‍ പുര കത്തുമ്പോള്‍ വാഴ വെട്ടാനിറങ്ങുന്ന കള്ളന്മാരെയും കൊള്ളക്കാരെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ജീവരക്ഷാര്‍ത്ഥം ആളുകള്‍ ഉപേക്ഷിച്ചു പോയ കടകളും മറ്റും കൊള്ളയടിക്കുന്ന ചിലരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, പെര്‍ഫ്യൂം തുടങ്ങി വലിയ വിലയുള്ള സാധനങ്ങളാണ് ഇവര്‍ കൊള്ളയടിക്കുന്നത്. വലേസിനിയയില്‍ നിന്നു മാത്രം 39 പേരെയാണ് കൊള്ളയ്ക്കും മോഷണത്തിനുമായി അറസ്റ്റ് ചെയ്തത്. അതിനിടെ കുട്ടികള്‍ ഉള്‍പ്പടെ നിസ്സഹായരായ കുടുംബങ്ങള്‍, താറുമാറായ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കയറി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എടുക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
കൂടുതല്‍ വേഗത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആയിരം പേരടങ്ങുന്ന ഒരു സൈനിക സംഘത്തിനെ വലേന്‍സിയയില്‍ ഇറക്കിയിട്ടുണ്ട്. പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന, വലേന്‍സിയയില്‍ ഒരു പാലം മുഴുവനുമായി ഒലിച്ചു പോകുന്ന ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പായ്പോര്‍ട്ട പട്ടണത്തിലാണ് ഈ സംഭവം നടന്നത്.