ഇറാന്റെ ആണവ നിലയങ്ങളിലേക്ക് ബോംബിടാന്‍ പദ്ധതികള്‍ ഒരുക്കി ട്രംപ്; അധികാരമേറ്റാല്‍ ഉടന്‍ അമേരിക്കയുടെ ആക്രമണം എന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപ് വരുന്നതോടെ സമവാക്യങ്ങളും മാറിയേക്കും
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം വട്ടം എത്തുന്ന ഡൊണാള്‍ഡ് ട്രംപ് ഇറാന്റെ ആണവ നിലയങ്ങള്‍ ബോംബിട്ട് തകര്‍ക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. അധികാരമേറ്റോല്‍ എത്രയും വേഗം തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പ്രസിഡന്റ് ജോബൈഡന്‍ ഇക്കാര്യത്തില്‍ തുടരുന്ന നിലപാട് മാറ്റാന്‍ തന്നെയാണ് ട്രംപ് പദ്ധതിയിടുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
സിറിയയിലെ അസദ് സര്‍ക്കാരിന്റെ പതനവും ഹിസ്ബുള്ളയും ഹമാസുമായി ഇസ്രയേല്‍ നടത്തുന്ന യുദ്ധം ഇപ്പോഴും തുടരുന്നതുമാണ് ട്രംപിന്റെ ടീമിനെ ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ വിലയിരുത്തുന്നത്. നിലവില്‍ ഇറാന്‍ എല്ലാ തരത്തിലും ദുര്‍ബലമായിരിക്കുകയാണ്. കൂടാതെ ഇവര്‍ ഇപ്പോഴും ആണവ പദ്ധതികള്‍ തുടരുന്നതായുള്ള വാര്‍ത്തകളുമാണ് ട്രംപിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇറാനെ നിലയ്ക്ക് നിര്‍ത്തുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ട്രംപിന്റെ ടീം അന്വേഷിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.
ഇസ്രയേലിന്റെ ആക്രമണം ശക്തിപ്പെടുത്തുന്നതിനൊപ്പം അമേരിക്ക കൂടുതല്‍ സേനകളെയും കപ്പലുകളും യുദ്ധവിമാനങ്ങളും മേഖലയിലേക്ക് അയയ്ക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. 2015-ല്‍, ഇറാന്‍ തങ്ങളുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്ക ഉള്‍പ്പെടെയുള്ള ലോകശക്തികളുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. പ്രസിഡന്റ് ആയിരുന്ന ബരാക് ഒബാമയുടെ നേതൃത്വത്തിലായിരുന്നു ഈ നീക്കം നടന്നത്. എന്നാല്‍ 2018 ല്‍ പിന്നീട് പ്രസിഡന്റായി വന്ന ഡൊണാള്‍ഡ്് ട്രംപ് കരാറിനെ വികലമെന്നാണ് വിശേഷിപ്പിച്ചത്. ബൈഡന്‍ തന്റെ പ്രസിഡന്റായിരിക്കെ കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇറാന്‍ പിന്‍വാങ്ങുകയായിരുന്നു.
എങ്കിലും മേഖലയിലെ ആണവ വിഷയങ്ങല്‍ നയതന്ത്രപരമായ പരിഹാരം തേടുന്നത് അദ്ദേഹം തുടര്‍ന്നു. അതേ സമയം ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്രയേല്‍ തകര്‍ക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന സമയത്തെ പ്രചാരണവേളയില്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിന് നേരേ ഇറാന്‍ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരെ കൂടുതല്‍ ഉപരോധം വേണമെന്നും ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്രയേല്‍ അക്രമിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശം വന്നതിന് തൊട്ടുപിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നത്.
നോര്‍ത്ത് കരോലിനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. പ്രചാരണം പുരോഗമിക്കവേ ഇസ്രയേല്‍-ഇറാന്‍ പ്രശ്നങ്ങളേക്കുറിച്ചും ഇസ്രയേലില്‍ ഇറാന്‍ 200 തവണ നടത്തിയ മിസൈല്‍ ആക്രമണങ്ങളേക്കുറിച്ചും ചോദ്യമുയര്‍ന്നിരുന്നു. അപ്പോഴാണ് ട്രംപ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആദ്യം ബോംബിട്ട് തകര്‍ക്കുകയാണ് ഇസ്രയേല്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജോ ബൈഡനോട് ഈ പ്രശ്നത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യം ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് വേണ്ടതെന്നും തുടര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ പിന്നീട് നോക്കാം എന്നുമായിരുന്നു അദ്ദേഹം മറുപടി പറയേണ്ടിയിരുന്നത്.
ഇസ്രയേല്‍ അങ്ങനെ ചെയ്യാന്‍ പോവുകയാണെങ്കില്‍ അതിന്റെ അര്‍ത്ഥം അതുതന്നെയാണ്. പക്ഷേ അവരുടെ പദ്ധതികളെന്താണെന്ന് അറിയേണ്ടിയിരിക്കുന്നു ട്രംപ് പറഞ്ഞു. ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് ആനുപാതികമായിരിക്കണമെന്നുമാണ് ഇറാന്‍-ഇസ്രയേല്‍ പ്രശ്നത്തേക്കുറിച്ച് ബൈഡന്‍ അന്ന്് പറഞ്ഞത്. നിലവില്‍ ഇറാന്റെ കൈവശം 42 കിലോഗ്രാം സമ്പുഷ്ട യുറേനിയം ഉണ്ടെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ടൈം മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപിനോട് ഇറാന്റെ ആണവായുധ പദ്ധതിയെ എങ്ങനെ നേരിടും എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ എന്തും സംഭവിക്കാമെന്നാണ് മറുപടി പറഞ്ഞത്.
അതേ സമയം ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു തകര്‍ക്കാന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതായി പറയപ്പെടുന്നു. ഇറാന്റെ ഏറ്റവും അടുപ്പമുള്ള രാജ്യങ്ങല്‍ ഒന്നായ സിറിയയിലെ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇതിന് കാരണമായതെന്നാണ് സൂചന.