പുടിനെ സഹായിക്കാന്‍ ഇറങ്ങി എട്ടിന്റെ പണി വാങ്ങി കിം ജോങ് ഉന്നും! റഷ്യക്ക് വേണ്ടി യുദ്ധത്തിനിറങ്ങിയ ഉത്തര കൊറിയന്‍ സേനക്ക് കനത്ത ആള്‍നാശമെന്ന് റിപ്പോര്‍ട്ട്; ആയിരത്തേറെ സൈനികര്‍ കൊല്ലപ്പെട്ടു; അവശേഷിക്കുന്നവര്‍ കുടിവെള്ളവും അവശ്യ സാധനങ്ങളുമില്ലാതെ പ്രതിസന്ധിയില്‍

പുടിനെ സഹായിക്കാന്‍ ഇറങ്ങി എട്ടിന്റെ പണി വാങ്ങി കിം ജോങ് ഉന്നും!

Update: 2024-12-28 01:16 GMT

കീവ്: യുക്രൈനെതിരെ രംഗത്തിറങ്ങിയ റഷ്യക്ക് കുറച്ചുകാലമായി കനത്ത തിരിച്ചടിയാണ് നേടിരുന്നത്. നാറ്റോ കൂടുതല്‍ ആയുധങ്ങള്‍ യുക്രൈന് നല്‍കിയതോടെ റഷ്യന്‍ സൈന്യത്തിന് അത് വലിയ പ്രഹരമായി തുടര്‍ച്ചയായി തിരിച്ചടികളാണ് റഷ്യ നേരിടുന്നത്. ഇപ്പോഴിതാ റഷ്യയെ സഹായിക്കാന്‍ ഇറങ്ങി കിം ജോങ് ഉന്നിനും പണികിട്ടിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

റഷ്യക്കു വേണ്ടി കുര്‍സ്‌ക് മേഖലയില്‍ ഏറ്റുമുട്ടുന്ന ഉത്തര കൊറിയയുടെ സൈന്യത്തിന് കനത്ത ആള്‍ നാശമുണ്ടായതായി യുക്രെയ്ന്‍ രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കി. നോവോയിവനോവ്ക മേഖലയിലുണ്ടായ ശക്തമായ ആക്രമണത്തിലാണ് നിരവധി സൈനികര്‍ കൊല്ലപ്പെട്ടതെന്നും രഹസ്യാന്വേഷണ ഏജന്‍സിയായ ജി.യു.ആര്‍ അറിയിച്ചു.

കുടിവെള്ള ക്ഷാമമടക്കം സൈന്യം നിരവധി പ്രതിസന്ധി നേരിടുന്നതായും ജി.യു.ആര്‍ വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌ന് വന്‍ സാമ്പത്തിക, സൈനിക സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനിക നാശത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കുര്‍സ്‌ക് മേഖലയിലെ ഏറ്റുമുട്ടലിനിടെ 3000ത്തോളം ഉത്തര കൊറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ 12,000 സൈനികരെ ഉത്തര കൊറിയ വിന്യസിച്ചെന്നാണ് വിവരം.

അതേസമയം 1,100 ഓളം ഉത്തരകൊറിയന്‍ സൈനികര്‍ മാത്രമാണ് കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതെന്നാണ് ദക്ഷിണ കൊറിയ അറിയിക്കുന്നത്. റഷ്യന്‍ അധിനിവേശം ആരംഭിച്ച് രണ്ടര വര്‍ഷത്തോളം സമയത്തിന് ശേഷം 2024 ഒക്ടോബറോടെയാണ് ഉത്തരകൊറിയന്‍ സൈനികര്‍ മോസ്‌കോയിലേക്ക് എത്തിത്തുടങ്ങിയതെന്നാണ് യുക്രെയ്ന്‍, ദക്ഷിണ കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങള്‍ അവകാശപ്പെടുന്നത്.

തുടര്‍ന്നുള്ള മൂന്ന് മാസക്കാലയളവില്‍ 10,000 ഉത്തര കൊറിയന്‍ സൈനികരെ കുര്‍സ്‌ക് മേഖലയിലേക്ക് വിന്യസിച്ചതായി പെന്റഗണ്‍ കണക്കാക്കുന്നു. 2024 ഓഗസ്റ്റോടെയാണ് റഷ്യന്‍ അതിര്‍ത്തി പ്രദേശമായ കുര്‍സ്‌കിലെ 1294 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശം യുക്രെയ്ന്‍ പിടിച്ചെടുത്തത്. മൂന്ന് ആഴ്ചയോളം നീണ്ട നുഴഞ്ഞുകയറ്റ ശ്രമമായിരുന്നു യുക്രെയ്ന്റെ ഭാഗത്ത് നിന്നുമുണ്ടായത്. യുക്രെയ്ന്‍ സേനയില്‍ നിന്നും കുര്‍സ്‌കിലെ ചില പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ റഷ്യയ്ക്കായെങ്കിലും പൂര്‍ണമായും യുക്രെയ്ന്‍ സൈന്യത്തെ പുറത്താക്കാന്‍ കഴിഞ്ഞിട്ടില്ല.

യുക്രെയ്ന്‍ പ്രതിരോധം തകര്‍ക്കുന്നതിന് ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചും റഷ്യ ആക്രമണങ്ങള്‍ തുടരുന്നുണ്ട്. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ യുക്രെയ്ന്റെ ഊര്‍ജ സംവിധാനം തകര്‍ക്കാന്‍ റഷ്യക്കായി. ക്രിവി റിഹിലെയും ഖാര്‍ കീവിലെയും ജനവാസമേഖലകള്‍ക്ക് നേരെയായിരുന്നു റഷ്യയുടെ മിസൈല്‍ ആക്രമണം. ഈ സംഭവത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് യൂറോപ്യന്‍ സുരക്ഷയ്ക്ക് മാത്രമല്ല, യുഎസിനും ഭീഷണിയാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രെയ്നിനെതിരായ യുദ്ധത്തിന് ഉത്തരകൊറിയ റഷ്യക്ക് സൈനിക സഹായം നല്‍കിയിരുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സഹായത്തിന് പകരമായി റഷ്യ ഉത്തര കൊറിയയിലേക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ എത്തിക്കുകയാണെന്നും ഇതിലൂടെ ഉത്തര കൊറിയ റഷ്യ കൂട്ടുകെട്ട് വളരുകയാണെന്നുമാണ് നാറ്റോയുടെ വാദം.

Tags:    

Similar News