റഷ്യയെ രക്ഷിച്ചത് ഞാന്‍, കാല്‍ നൂറ്റാണ്ട് ഭരണകാലയളവില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ റഷ്യക്കാര്‍ അഭിമാനിക്കണം; നമ്മള്‍ ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ എല്ലാം ശരിയാകുമെന്ന് നമുക്ക് ഉറപ്പുണ്ട്; പുതുവത്സര സന്ദേശത്തില്‍ പുടിന്‍; യുക്രൈന്‍ യുദ്ധത്തിന് അറുതിയാകുമെന്ന പ്രതീക്ഷയില്‍ യൂറോപ്പ്
റഷ്യയെ രക്ഷിച്ചത് ഞാന്‍
മോസ്‌കോ: താനാണു റഷ്യയെ രക്ഷിച്ചതെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. കാല്‍ നൂറ്റാണ്ട് ഭരണകാലയളവില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ റഷ്യക്കാര്‍ അഭിമാനിക്കണമെന്നും പുതുവത്സര പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 1999 ഡിസംബര്‍ 31നാണ് പുടിന്‍ റഷ്യയുടെ ആക്ടിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. യുക്രൈനുമായുള്ള യുദ്ധം നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കവേയാണ് പുടിന്റെ വാക്കുകള്‍.
''പ്രിയ സുഹൃത്തുക്കളെ, 2025 പിറന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദം പൂര്‍ത്തിയായി. റഷ്യയ്ക്ക് ഇനിയും ഒരുപാട് കുതിക്കാനുണ്ട്. ഇതിനകം നേടിയ നേട്ടങ്ങളില്‍ നമുക്ക് അഭിമാനിക്കാം. ഒരു പുതുവര്‍ഷത്തിന്റെ പടിവാതില്‍ക്കല്‍, നമ്മള്‍ ഭാവിയെ കുറിച്ച് ചിന്തിക്കുകയാണ്. എല്ലാം ശരിയാകുമെന്ന് നമുക്ക് ഉറപ്പുണ്ട്. നമ്മള്‍ മുന്നോട്ട് പോകും'' പുടിന്‍ പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ റഷ്യ പരീക്ഷണങ്ങളെ തരണം ചെയ്യുകയും പ്രധാന ലക്ഷ്യങ്ങള്‍ നേടുകയും ഐക്യം ശക്തിപ്പെടുത്തുകയും ചെയ്തു. പൗരന്മാരുടെ ക്ഷേമത്തിനാണു മുന്‍തൂക്കം നല്‍കുന്നതെന്നും പുട്ടിന്‍ പറഞ്ഞു. റഷ്യയുടെ സമ്പദ്വ്യവസ്ഥയെ കുറിച്ചോ യുക്രെയ്നിലെ യുദ്ധത്തെ കുറിച്ചോ പറഞ്ഞില്ല.
2025ല്‍ രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്നാണു പ്രസംഗത്തിലുടനീളം പുടിന്‍ സൂചിപ്പിച്ചത്. യുഎസില്‍ ട്രംപ് അധികാരമേല്‍ക്കുന്നതോടെ യുദ്ധത്തിന് അറുതി വരുമെന്ന പ്രതീക്ഷയിലാണ് യൂറോപ്പ് മുന്നോട്ടു പോകുന്നത്. കാല്‍ നൂറ്റാണ്ടോളം അധികാരത്തിലിരുന്ന ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതല്‍ കാലം ക്രെംലിന്‍ ഭരിച്ച നേതാവായി പുടിന്‍ മാറുകയാണ്, പുടിന്റെ പുതിയ കാലാവധി 2030 വരെയെങ്കിലും , ഭരണഘടനാപരമായി അദ്ദേഹത്തിനു വീണ്ടും മത്സരിക്കാം, അങ്ങനെ നോക്കിയാല്‍ ഭരണരംഗത്തും പുടിന്‍ അമരന്‍ തന്നെയായി തുടരുമെന്നതാണ് അവസ്ഥ.
പുടിന്‍ യുഗത്തിന്റെ തുടക്കം
പ്രസിഡന്റ് ബോറിസ് യെല്‍റ്റ്സിന്റെ പിന്‍ഗാമിയായാണ് 1999ല്‍ പുടിന്‍ റഷ്യയുടെ അമരത്തെത്തുന്നത്. സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഒരു രാജ്യത്തില്‍ നിന്ന് ആഗോള സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതും ലോകരാജ്യങ്ങള്‍ ആശങ്കയോടെ നോക്കിക്കാണുന്നതുമായ ഒരു രാജ്യമാക്കി പുടിന്‍ റഷ്യയെ മാറ്റി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സംഘര്‍ഷമായി മാറിയിട്ടുണ്ട് യുക്രൈന്‍ യുദ്ധം.
2000 മേയ് 7നാണ് 53ശതമാനം വോട്ട് നേടി പുടിന്‍ തന്റെ ആദ്യ ഭരണവര്‍ഷം ആരംഭിക്കുന്നത്. ക്രംലിനെതിരെ വിമര്‍ശനങ്ങളുന്നയിച്ച റഷ്യയിലെ പ്രമുഖ ചാനലായ എന്‍ടിവി ടാക്‌സ് പൊലീസിനെക്കൊണ്ട് റെയ്ഡ് ചെയ്തുകൊണ്ടായിരുന്നു പുടിന്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. മേയ് 11ന് കുര്‍സ്‌ക് അന്തര്‍വാഹിനി 118 പേരുമായി ബാരന്റ്‌സ് കടലില്‍ മുങ്ങിയ നേരത്ത് അവധിക്കാലം ആഘോഷിച്ച നേതാവിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു.
റഷ്യയിലെ ചെച്നിയ മേഖലയില്‍ നിന്നുള്ള തീവ്രവാദികള്‍ മോസ്‌കോയിലെ തിയേറ്ററില്‍ 850 പേരെ ബന്ദികളാക്കിയത് 2002ലായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം, പ്രതിസന്ധി അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രത്യേക സേന തീയേറ്ററിലേക്ക് ഒരു അജ്ഞാത വാതകം പമ്പ് ചെയ്തു, അന്ന് തീവ്രവാദികളോടൊപ്പം 130 ബന്ദികളും ജീവന്‍ വെടിഞ്ഞു, അപ്പോഴും നൂറുകണക്കിന് ജീവന്‍ രക്ഷിച്ചെന്നായിരുന്നു പുടിന്റെ അവകാശവാദം.
തന്നെ വെല്ലുവിളിക്കുന്നവരെയെല്ലാം അടിയറവ് പറയിക്കാനായിരുന്നു പുടിന്റെ പിന്നീടുള്ള ശ്രമം. റഷ്യയിലെ ഏറ്റവും ധനികനും പുടിനെ വെല്ലുവിളിക്കാന്‍ പോന്നതുമായ എണ്ണ വ്യവസായി മിഖായേല്‍ ഖോഡോര്‍കോവ്‌സ്‌കിയെ നികുതി വെട്ടിപ്പ്, വഞ്ചനാ കേസില്‍ അറസ്റ്റ് ചെയ്ത് 10 വര്‍ഷം തടവിലിട്ടു. ഇനി വളരാതിരിക്കാന്‍ പാകത്തില്‍ എണ്ണക്കമ്പനി പൊളിച്ചുമാറ്റി, അതിന്റെ ഭൂരിഭാഗം സ്റ്റേറ്റ് ഓയില്‍ കമ്പനിയായ റോസ്‌നെഫ്റ്റ് ഏറ്റെടുത്തു. ഇങ്ങനെ പുടിന്റെ ശത്രുക്കളുടെ എണ്ണം കൂടിവന്നു.
2008ല്‍ തുടര്‍ച്ചയായി മൂന്നാം തവണയും മത്സരിക്കുന്നതില്‍ നിന്ന് ഭരണഘടന വിലക്കിയ പുടിനെ പുതിയ പ്രസിഡന്റ് ദിമിത്രി മെദ്വദേവ് പ്രധാനമന്ത്രിയായി നിയമിച്ചു, ഫലത്തില്‍ റഷ്യയുടെ രാഷ്ട്രീയ നേതാവായി പുടിന്‍ തന്നെ തുടര്‍ന്നു. പുടിന്‍ നടത്തിയ ഭരണഘടനാ മാറ്റങ്ങള്‍ക്ക് കീഴില്‍ 2012ല്‍ പുതിയ പ്രസിഡന്റ് ടേമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 4 വര്‍ഷമെന്നത് ആറ് വര്‍ഷമായി മാറി. തുടര്‍ന്ന് വന്ന പ്രതിഷേധങ്ങള്‍ റഷ്യയെ പ്രകമ്പനം കൊള്ളിച്ചു. സ്ഥാനാരോഹണത്തിന്റെ തലേദിവസവും വോട്ടെടുപ്പിന് മുമ്പും പതിനായിരക്കണക്കിന് ആളുകളുടെ പ്രതിഷേധം മറ്റൊരു നിയമനിര്‍മാണത്തിനും വഴിവച്ചു.അതോടെ അനധികൃത രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ കടുപ്പിച്ചു.അങ്ങനെ പ്രതിഷേധസ്വരം ഉയരാനനുവദിക്കാത്ത വിധം പുടിന്‍ വടവൃക്ഷമായി വളര്‍ന്നു.
2013ല്‍ ഭാര്യ ല്യൂഡ്മിലയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതായി സ്റ്റേറ്റ് ടെലിവിഷനിലൂടെ തന്നെ ജനങ്ങളെയറിയിച്ചു. അഭിമാന പദ്ധതിയായി വിന്റര്‍ ഒളിമ്പിക്‌സിന് 2014ല്‍ സോച്ചിയില്‍ തുടക്കമിട്ടു. അതേ വര്‍ഷമായിരുന്നു റഷ്യ ക്രിമിയ പിടിച്ചടക്കിയത്. യുക്രെയ്‌നിന്റെ റഷ്യന്‍ സൗഹൃദ പ്രസിഡന്റിനെ പുറത്താക്കിയതിനെത്തുടര്‍ന്നായിരുന്നു അധിനിവേശം.
2022ല്‍ ഔദ്യോഗികമായി ഉക്രയിന്‍ അധിനിവേശം ആരംഭിച്ചു. റഷ്യയുടെ സുരക്ഷക്കായി ഈ അധിനിവേശം അനിവാര്യമെന്നതായിരുന്നു പുടിന്റെ വാദം. യുദ്ധത്തോടൊപ്പം തന്നെ രാജ്യത്തിനകത്തു നിന്നു ഒരു വിമര്‍ശനസ്വരവും സൈന്യത്തിനെതിരെ വരാതിരിക്കാനുള്ള ഒരു നിയമം കൂടി പുടിന്‍ പാസാക്കി. ഇതോടെ സൈന്യത്തെ കുറിച്ച് തെറ്റായതോ അപകീര്‍ത്തികരമായതോ ആയ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ 15 വര്‍ഷം വരെ അകത്തുകിടക്കാവുന്ന നിയമവും രാജ്യത്ത് നിലവില്‍ വന്നു. എന്നാല്‍ അന്ന് തുടങ്ങിയ യുദ്ധം ഇപ്പോഴും തുടരുകയാണ്. ഈ യുദ്ധത്തിന്റെ അവസാനം എങ്ങനെയാകുമെന്നാണ് ലോകം കാത്തിരിക്കുന്നത്.