ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നരേന്ദ്ര മോദി അമേരിക്കയിലേയ്ക്ക്; കൂടിക്കാഴ്ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചു ട്രംപ്; പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിത പ്രഖ്യാപനം

പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിത പ്രഖ്യാപനം

Update: 2024-09-18 03:15 GMT

വാഷിങ്ടന്‍: യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നു വിവരം. അടുത്ത ആഴ്ച്ച ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി അമേരിക്കയില്‍ എത്തുന്നുണ്ട്. ഈ സമയം കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം.

മിഷിഗണിലെ ഫ്‌ലിന്റില്‍ നടന്ന പ്രചരണ പരിപാടിയില്‍ ഇന്ത്യയുമായുള്ള യുഎസ് ബന്ധത്തെ കുറിച്ച് സംസാരിക്കവെയാണ് ട്രംപ് കൂടിക്കാഴ്ച പ്രഖ്യാപിച്ചത്. എവിടെ വച്ചാകും കൂടിക്കാഴ്ച എന്നതടക്കമുള്ള വിശദാംശങ്ങള്‍ ട്രംപ് പുറത്തുവിട്ടില്ല. സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ട്രംപ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും.

മോദിയുടെ യുഎസ് സന്ദര്‍ശനം 21 മുതല്‍ ഉണ്ടായിരിക്കുമെന്ന് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പ്രസിഡന്റായിരിക്കെ ട്രംപും മോദിയും തമ്മില്‍ ശക്തമായ ബന്ധമായിരുന്നു. ഹൂസ്റ്റണില്‍ നരേന്ദ്ര മോദി പങ്കെടുത്ത 'ഹൌഡി മോഡി' എന്ന പരിപാടി ഇതിന് ഉദാഹരണമായിരുന്നു. ഇതിന് ശേഷം ഇന്ത്യയിലെത്തിയ ട്രംപിനെ 'നമസ്‌തേ ട്രംപ്' എന്ന പരിപാടിയിലൂടെയാണ് മോദി സ്വാഗതം ചെയ്തത്.

ചൈനയുടെ സ്വാധീനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ രംഗത്തെ സഹകരണത്തിന് ട്രംപും മോദിയും വലിയ പ്രാധാന്യം നല്‍കിയിരുന്നു. പല അന്താരാഷ്ട്ര വിഷയങ്ങളിലും ഇരുരാജ്യങ്ങളുടെയും നിലപാട് ഇക്കാലയളവില്‍ നിര്‍ണായകമായി. മോദിയുമായുള്ള കൂടിക്കാഴ്ചയിലൂടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ ഉറപ്പിക്കുക എന്ന ലക്ഷ്യവും ട്രംപിനുണ്ട്.

അതേസമയം, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി സെപ്റ്റംബര്‍ 20ന് പ്രധാനമന്ത്രി അമേരിക്കയിലെത്തും. ക്വാഡ് ഉച്ചകോടി, യുഎന്‍ ഉച്ചകോടി തുടങ്ങി തന്ത്രപ്രധാനമായ നിരവധി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും. സെപ്റ്റംബര്‍ 24നാകും അദ്ദേഹം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുക.

Tags:    

Similar News