മോദിയെ യുഎസിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെട്ട് എസ് ജയശങ്കറിനെ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് അയച്ചെന്ന് രാഹുല്‍ ഗാന്ധി; നിങ്ങള്‍ നുണ പറയുന്നുവെന്നും അടിസ്ഥാനരഹിത പരാമര്‍ശങ്ങള്‍ നടത്താനാവില്ലെന്നും കിരണ്‍ റിജിജു; ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം; രാഹുലിന്റെ കടന്നാക്രമണം മോദി സഭയിലിരിക്കെ
രാഹുലിന്റെ പരാമര്‍ശത്തില്‍ ലോക്‌സഭയില്‍ ബഹളം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാന്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ യുഎസിലേക്ക് അയച്ചെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ചൊല്ലി ലോക്‌സഭയില്‍ പ്രതിപക്ഷ-ഭരണപക്ഷവും തമ്മില്‍ ചൂടേറിയ വാക്കേറ്റം. പ്രധാനമന്ത്രി സഭയിലിരിക്കെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. രാജ്യത്തിന്റെ വിദേശനയത്തെ കുറിച്ച് ഇത്തരം അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ നടത്താനാവില്ലെന്ന് കാട്ടി പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തില്‍ ഭരണപക്ഷ എംപിമാര്‍ ശക്തമായി പ്രതിഷേധിച്ചു.
മോദിയെ ക്ഷണിക്കാന്‍ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിയെ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് അയച്ചെന്നും ഉല്‍പാദനരംഗത്ത് നമ്മള്‍ കരുത്തരെങ്കില്‍ യു.എസ്.പ്രസിഡന്റ് ക്ഷണിക്കാന്‍ ഇങ്ങോട്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങള്‍ക്ക് എങ്ങനെ ഇത് പറയാന്‍ സാധിക്കും? നിങ്ങള്‍ നുണ പറയുകയാണ്, കിരണ്‍ റിജിജു രാഹുലിനെ നേരിട്ടു. സ്പീക്കര്‍ ഓം ബിര്‍ള നേരില്‍ കണ്ട് രാഹുലിന്റെ അവകാശവാദങ്ങള്‍ക്ക് തെളിവ് ആവശ്യപ്പെടണമെന്ന് റിജിജു ആവശ്യപ്പെട്ടു. നിങ്ങള്‍ പറയുന്നതിന് തെളിവുവേണമെന്ന് സ്പീക്കറും രാഹുലിനോട് പറഞ്ഞു.
പ്രതിപക്ഷ ബഹളത്തിനിടെ, നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.
ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണിലുണ്ടെന്ന് കരസേന മേധാവി പറഞ്ഞെന്ന പരാമര്‍ശത്തെ തുടര്‍ന്നും ബഹളമുണ്ടായി. എന്നാല്‍ പ്രധാനമന്ത്രി ഇത് അംഗീകരിക്കുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. ചൈനയെ മറികടക്കാന്‍ യു.എസുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നും തലപ്പത്ത് പിന്നാക്കക്കാരില്ലെന്നും വികസനം പിന്നാക്ക വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയാകണമെന്നും രാഹുല്‍ പറഞ്ഞു. മോദിയെ പുകഴ്ത്തുന്ന മാധ്യമങ്ങളുടെ തലപ്പത്തും മുന്നോക്കക്കാരാണ്. ഭരണപക്ഷത്ത് ഒബിസി എം.പിമാരുണ്ട്, അവര്‍ക്ക് വാ തുറക്കാന്‍ പറ്റുന്നില്ല. പിന്നാക്കവിഭാഗക്കാരെ മുന്നോട്ട് കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ വോട്ടര്‍പട്ടികയില്‍ വന്‍ ക്രമക്കേടാണ് നടന്നത് . നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 ലക്ഷം വോട്ടര്‍മാര്‍ അധികമായി വന്നെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഹുല്‍ ഗാന്ധി പരിഹസിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പ് 400 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണഘടനയെ വണങ്ങേണ്ടിവന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യു.പി.എ, എന്‍.ഡി.എ സര്‍ക്കാരുകള്‍ക്ക് തൊഴിലില്ലായ്മ പരിഹരിക്കാനായില്ല. ഉല്‍പാദന മേഖലയെ നേരായി നയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ച ശേഷം ഉല്‍പാദനം കുറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെ കുറ്റം പറയുന്നില്ല, അദ്ദേഹം ശ്രമിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോക്‌സഭയ്ക്ക് പുറമേ രാജ്യസഭയും ഇന്ന് ബഹളമയമായിരുന്നു.