സാമൂഹികമായും രാഷ്ട്രീയമായും തന്റെ അടിത്തറ മാനന്തവാടി; പോരാട്ടവും രാഷ്ട്രീയ യാത്രയുമെല്ലാം ആരംഭിച്ചത് മാനന്തവാടിയില്‍ നിന്ന്; മാനന്തവാടിയില്‍ ഉറയ്ക്കാന്‍ സികെ ജാനു; ഐസി ബാലകൃഷ്ണന്‍ ബത്തേരിയില്‍ തുടരും; പ്രതീക്ഷകളുമായി മഞ്ജുകുട്ടനും; ബാലുശ്ശേരിയിലും ജാനുവിന് കണ്ണ്

Update: 2026-01-25 03:38 GMT

മാനന്തവാടി : നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് രണ്ടു സീറ്റ് ആവശ്യപ്പെടാന്‍ സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി. മാനന്തവാടി, ബാലുശ്ശേരി മണ്ഡലങ്ങളാണ് ലക്ഷ്യമിടുന്നത്. മാനന്തവാടിയില്‍ ജാനു മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സി കെ ജാനുവിന്റെ പാര്‍ട്ടിയെ അടുത്തിടെയാണ് യുഡിഎഫില്‍ അസോസിയേറ്റ് അംഗമായി ഉള്‍പ്പെടുത്തിയത്.

സാമൂഹികമായും രാഷ്ട്രീയമായും തന്റെ അടിത്തറ മാനന്തവാടിയാണെന്ന് സി കെ ജാനു അഭിപ്രായപ്പെട്ടിരുന്നു. തന്റെ പോരാട്ടവും രാഷ്ട്രീയ യാത്രയുമെല്ലാം ആരംഭിച്ചത് മാനന്തവാടിയില്‍ നിന്നാണെന്നും ജാനു വ്യക്തമാക്കിയിരുന്നു. ഇതു പരിഗണിച്ചാണ് മാനന്തവാടി ജാനുവിന് നല്‍കുന്നത് ആലോചിക്കുന്നത്. മാനന്തവാടിയില്‍ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് ജാനു യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.

ഐ.സി.ബാലകൃഷ്ണന്‍ ബത്തേരിയില്‍ മത്സരിക്കുന്നതിനു പകരം മാനന്തവാടിയില്‍ മത്സരിക്കണമെന്ന ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായത്തോട് അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നാണു വിവരം. ജാനു മാനന്തവാടി സീറ്റ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പട്ടികജാതി പട്ടികവര്‍ഗ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍ഡിനു താല്‍പര്യമുണ്ട്. സംസ്ഥാനത്ത് ചര്‍ച്ചകള്‍ തീരുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.

മാനന്തവാടിയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്. മുന്നണി ഭൂരഹിതരായ, ഗോത്രസമുദായങ്ങളോട് നീതി പുലര്‍ത്തണമെന്നും, തന്റെ സ്ഥാനാര്‍ത്ഥിത്വം ഗൗരവകരമായി ആലോചിക്കണമെന്നും സി കെ ജാനു ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫില്‍ ചേര്‍ന്നതോടെ പാര്‍ട്ടിക്ക് കൂടുതള്‍ ശക്തി വന്നതായും എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിച്ചതായും ജാനു പറഞ്ഞു. നിലവില്‍ മന്ത്രി ഒ ആര്‍ കേളുവാണ് മാനന്തവാടിയിലെ എംഎല്‍എ.

കോണ്‍ഗ്രസില്‍ പരിഗണിക്കുന്ന പേരുകളില്‍ പ്രധാനം ജി മഞ്ജുകുട്ടന്റേതാണ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ മഞ്ജുകുട്ടന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച ഭാരത് ജോടോ യാത്രികന്‍ കൂടിയായ മഞ്ജുക്കുട്ടന് എഐസിസി നേതൃത്വവുമായുള്ള ബന്ധം തുണയായേക്കും. മണ്ഡലം കേന്ദ്രീകരിച്ച് മഞ്ജുക്കുട്ടന്‍ സജീവമായി രംഗത്തുണ്ട്.

Tags:    

Similar News