ടീച്ചറമ്മ മോശം സ്ഥാനാര്‍ത്ഥിയാണോ എന്നു ചോദിച്ചു വിമര്‍ശകരെ ഒതുക്കി മുഖ്യമന്ത്രി; പി. ജയരാജനും പി.പി ദിവ്യയ്ക്കും വീഴ്ച്ച പറ്റിയെന്ന വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കി; പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി നടപടിയെന്നും സൂചന; കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും നിറഞ്ഞാടിയത് പിണറായി; എം വി ഗോവിന്ദന് കാര്യമായ റോളില്ലാതെ സമ്മേളനം

എം വി ഗോവിന്ദന് കാര്യമായ റോളില്ലാതെ സമ്മേളനം

Update: 2025-02-03 05:58 GMT

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികളുടെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങള്‍ക്ക് ചടുലവും മൂര്‍ച്ചയേറിയതുമായി മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പ്രതിനിധി ചര്‍ച്ചയുടെ മുഴുവന്‍ സമയവും ഇരുന്ന് ചോദ്യങ്ങള്‍ കുറിച്ചെടുത്താണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വളരെ കുറച്ചു ചോദ്യങ്ങള്‍ക്ക് മാത്രമേ സംഘടനാ ചര്‍ച്ചയില്‍ മറുപടി പറഞ്ഞുള്ളു.

പി. ബിഅംഗമായ മുഖ്യമന്ത്രി തന്നെയാണ് സമ്മേളനത്തില്‍ പങ്കെടുത്ത മേല്‍ കമ്മിറ്റിയെ നിയന്ത്രിച്ചത്. വ്യക്തി പൂജാ വിവാദത്തില്‍ പാര്‍ട്ടി മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തിയ പി. ജയരാജനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ 'പരോക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അക്കാര്യം ശരിവെച്ചത് ശ്രദ്ധേയമായി. ഡി.വൈ.എഫ്.ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസ് ഉയര്‍ത്തിയ സ്വര്‍ണക്കടത്ത് -ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പി.ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നടപടിയെടുക്കുമെന്ന് വ്യക്തമായ സൂചന നല്‍കി കൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ കൃത്യമായി മറുപടി നല്‍കിയത്.

തളിപറമ്പില്‍ നടന്ന കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലാണ് മനു തോമസ് വിഷയം പൊതു ചര്‍ച്ചയില്‍ ചില പ്രതിനിധികള്‍ ഉന്നയിച്ചത്. ഗുരുതരമായ സംഘടനാ പ്രവര്‍ത്തന വീഴ്ച്ച വരുത്തിയ മനു തോമസിനെ തക്ക സമയത്ത് ജില്ലാ കമ്മിറ്റിയംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതു ഗുരുതരമായ വീഴ്ച്ചയാണ്. പാര്‍ട്ടിയില്‍ നിന്നും സ്വയം പുറത്തുപോകാനും മാധ്യമങ്ങളില്‍ വീര പരിവേഷത്തോടെ നിറഞ്ഞുനില്‍ക്കാനും മനു തോമസിനെ ഇതും സഹായിച്ചു. ഇതിനിടെയില്‍ മനു തോമസിനെ വിമര്‍ശിച്ചു പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായ പി. ജയരാജന്‍ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കി.


 



ക്വട്ടേഷന്‍ സംഘങ്ങള്‍ ഈ പോസ്റ്റിനെ അനുകുലിച്ചു സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. ഈക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് തത്ത് ന കിയിട്ടുണ്ട്. പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റി അംഗമായതിനാലാണ് ജില്ലാ കമ്മിറ്റി നേരത്തെ പരിശോധനയ്ക്ക് കത്തുനല്‍കിയത്. ഇതില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിലില്‍ നടക്കുന്ന കൊല്ലം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പി.ജയരാജനെതിരെ അച്ചടക്കനടപടി വരുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന സൂചന. ഇതേ സമയം മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം പി.പി ദിവ്യയെ തള്ളിപ്പറഞ്ഞുംപറഞ്ഞുമാണ് മുഖ്യമന്ത്രി ദിവ്യ യ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ മറുപടി പറഞ്ഞത്.

ദിവ്യ യ്ക്ക് കാലിടറിയതു കൊണ്ടാണ് പാര്‍ട്ടി നടപടിയെടുത്തത്. കാലിടറുന്ന ഏതു സഖാവിനെതിരെയും അച്ചടക്കനടപടിയെടുക്കുന്നത് സ്വാഭാവികമാണ്. അതു ഒരാളെ ഇല്ലാതാക്കാനല്ല തെറ്റുതിരുത്തിക്കുന്നതിനുവേണ്ടിയാണ്. ഇത്തരം സഖാക്കള്‍ തെറ്റുതിരുത്തി സംഘടന. ഘടകങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.ഡി. എമ്മിന്റെ മരണത്തിന് മുന്‍പുള്ള യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യ പ്രസംഗിച്ച ശൈലി ശരിയായില്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട ഔചിത്യവും ജാഗ്രതയും ദിവ്യകാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.പി ദിവ്യ ഒരു യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കേണ്ട രീതിയില്‍ അല്ല സംസാരിച്ചത് ഏതു ഘട്ടത്തിലും സഖാക്കള്‍ കാലിടറിപ്പോകാതെ നോക്കണം. കാലിടറിയാല്‍ പാര്‍ട്ടി നടപടിയെടുക്കും. നടപടിയെടുത്താലും നമ്മള്‍ സഖാവായി തന്നെ നില്‍ക്കണം. നടപടിയെന്നാല്‍ ഒരു സഖാവിനെ അവസാനിപ്പിക്കലല്ല തെറ്റുതിരുത്തി വീണ്ടും പാര്‍ട്ടി ഘടകങ്ങളിലേക്ക് വരുന്നതിത് ഒരു തടസവുമില്ല. സംഘടനാ നടപടിയെന്നത തെറ്റ് തിരുത്തല്‍ പ്രക്രിയയായി മാത്രം കണ്ടാല്‍ മതിയെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയത് പരാജയ കാരണമായെന്ന ചില അംഗങ്ങളുടെ ആരോപണവും മുഖ്യമന്ത്രി ഖണ്ഡിച്ചു. ആരാണ് മോശം സ്ഥാനാര്‍ത്ഥിയെന്ന് ചോദിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഘടനാ രംഗത്ത് നില്‍ക്കുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയത് കണ്ണൂരില്‍ ഉള്‍പ്പെടെ തോല്‍വിക്ക് കാരണമായെന്നായിരുന്നു പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം. വിജയം ഉറപ്പിച്ച കാസര്‍കോട് മണ്ഡലത്തില്‍ പോലും തോല്‍ക്കാന്‍ ഇതു കാരണമായെന്നും ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ ബാലകൃഷ്ണന്‍ മാസ്റ്ററോ ജയരാജനോ ടീച്ചറമ്മയോ മോശം സ്ഥാനാര്‍ത്ഥിയായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.


 



മുഖ്യമന്ത്രി വടകര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.കെ ശൈലജയെ ടീച്ചറമ്മയെന്നു വിശേഷിപ്പിച്ചത് പ്രതിനിധികളില്‍ ചിരി പരത്തി. ഇതോടൊപ്പം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജന്‍ പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്നുവെന്ന് മഹിളാ അസോസിയേഷന്‍ ഭാരവാഹി പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശിച്ചു. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം ആത്മകഥാ വിവാദമുണ്ടായത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഡി.സി ബുക്‌സിന് ആത്മകഥയുടെ ഭാഗങ്ങള്‍ എങ്ങനെ കിട്ടിയെന്ന് അവര്‍ ചോദിച്ചു. ഇതു പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരുന്നോയെന്നും അവര്‍ ചോദിച്ചു.

ഇ.പിയുടെ പല നടപടികളും പാര്‍ട്ടിയെ പ്രതിസന്ധിലാക്കുന്നുവെന്നായിരുന്നു സമ്മേളനത്തില്‍ ഉയര്‍ത്തിയ ചര്‍ച്ചയില്‍ പല പ്രതിനിധികളും ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരിനെതിരെ അതിരൂക്ഷമായി വിമര്‍ശിച്ചും ക്ഷേമ പെന്‍ഷന്‍, പഞ്ചായത്തുകള്‍ക്ക് പ്രവര്‍ത്തന ഫണ്ട് ലഭിക്കാതിരിക്കല്‍, സാമ്പത്തിക പ്രതിസന്ധി എന്നിവയിലും സമ്മേളന പ്രതിനിധികള്‍ രംഗത്തെത്തി. സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി തന്നെയാണ് മറുപടി പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ ഫണ്ടു നല്‍കാത്തത് കാരണമാണ് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാകാന്‍ കാരണമെന്നായിരുന്നു വിശദീകരണം.

Tags:    

Similar News