സിപിഎം പുറത്താക്കിയ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എത്തി ജിയോ ഫോക്സിന് പാര്‍ട്ടി അംഗത്വം നല്‍കി; ജിയോ ഫോക്സ് സിപിഎമ്മുമായി ഉടക്കിയത് മണലൂര്‍ നിയമസഭാ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടതോടെ
സിപിഎം പുറത്താക്കിയ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
തൃശൂര്‍: സിപിഎമ്മിന്റെ അച്ചടക്കം ലംഘിച്ചു പരസ്യപ്രസ്താവന നടത്തിയതിന് സിപിഎം പുറത്താക്കിയ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എളവളളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സാണ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എത്തി ജിയോ ഫോക്സിന് പാര്‍ട്ടി അംഗത്വം നല്‍കി. കഴിഞ്ഞ ദിവസമാണ് ഫോക്സിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സിപിഐഎം അറിയിച്ചത്. നേരത്തെ കോണ്‍ഗ്രസ് വിട്ട് പുറത്തുവന്ന ജിയോ ഫോക്സിനെ സിപിഐഎം ടിക്കറ്റില്‍ മത്സരിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് ആക്കിയത്.
മണലൂര്‍ നിയമസഭാ സീറ്റ് വേണമെന്ന് ജിയോ ഫോക്സ് ആവശ്യപ്പെട്ടതോടെയാണ് സിപിഐഎമ്മുമായി പ്രശ്നങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് വീണ്ടും യുഡിഎഫിലേക്ക് പോകുന്നതിനുള്ള നീക്കമുണ്ടെന്ന് കഴിഞ്ഞ ദിവസം ജിയോ ഫോക്സ് പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി ജിയോ ഫോക്സിനെതിരെ നടപടി സ്വീകരിച്ചത്.
സിപിഎമ്മില്‍ നിന്ന് തന്നെ പുറത്താക്കിയതില്‍ തനിക്ക് വിഷമമില്ലെന്ന് ജിയോ ഫോക്‌സ് പ്രതികരിച്ചിരുന്നു. പല ഘട്ടങ്ങളിലും സിപിഎം തന്നെ തഴഞ്ഞതാണ്. 20 വര്‍ഷമായി സിപിഎമ്മില്‍ സത്യസന്ധമായാണ് താന്‍ പ്രവര്‍ത്തിച്ചത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും അദ്ദേഹം പറഞ്ഞു.
'നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല. ആ ആരോപണവും അടിസ്ഥാനരഹിതമാണ്. നിയമസഭാ സീറ്റിനായി യുഡിഎഫ് നേതൃത്വവുമായി താന്‍ ചര്‍ച്ച നടത്തിയെന്നതും തെറ്റാണ്. എളവള്ളിയിലെ സിപിഎം പ്രവര്‍ത്തകര്‍ തനിക്കൊപ്പമുണ്ട്. എളവള്ളി പഞ്ചായത്തില്‍ കൊണ്ടുവന്ന വികസനങ്ങള്‍ക്ക് മന്ത്രി എം.ബി.രാജേഷ് ഉള്‍പ്പെടെ തന്നെ പ്രശംസിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഉന്നതരായ നേതാക്കളുമായി തനിക്ക് പതിറ്റാണ്ടുകളായി സൗഹൃദമുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ വിഷമമില്ല. തുടര്‍ന്നും സജീവമായി രാഷ്ട്രീയ രംഗത്ത് ഉണ്ടാകും,' - ജിയോ ഫോക്‌സ് വ്യക്തമാക്കിയിരുന്നു.
അച്ചടക്ക ലംഘനം, പാര്‍ടി നയ വ്യതിയാനം, പരസ്യ പ്രസ്താവന എന്നിവയുടെ പേരിലാണ് സിപിഎം മണലൂര്‍ ഏരിയ കമ്മിറ്റിക്ക് കീഴിലെ ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റി അംഗമായ ജിയോ ഫോക്‌സിനെ പാര്‍ട്ടിയില്‍ നിന്ന് സിപിഎം പുറത്താക്കിയത്. ഏരിയ കമ്മിറ്റി അംഗമായിരുന്ന തന്നെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തിയില്ല, എല്‍ഡിഎഫ് എളവള്ളിയില്‍ നടത്തിയ വികസന മുന്നേറ്റ ജാഥയില്‍ ക്യാപ്റ്റന്‍ സ്ഥാനം തന്നെ ഒഴിവാക്കാന്‍ സിപിഐക്ക് നല്‍കി തുടങ്ങിയ ആരോപണങ്ങള്‍ ഇദ്ദേഹം ഉന്നയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും എളവള്ളി പഞ്ചായത്ത് അംഗവുമായിരിക്കേ 21 വര്‍ഷം മുന്‍പാണ് ജിയോ ഫോക്സ് സിപിഎമ്മില്‍ ചേര്‍ന്നത്.