രാഹുല്‍ ഗാന്ധിയുമായും കെ സിയുമായും ജോസ് കെ മാണി കൂടിക്കാഴ്ച നടത്തിയെന്നും മറുകണ്ടം ചാടുമെന്നും വാര്‍ത്ത; വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യവും മുന്നണി മാറ്റത്തിന്റെ സൂചന? കേരളാ കോണ്‍ഗ്രസിനെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ടെന്ന ചെയര്‍മാന്റെ കുറിപ്പോടെ അഭ്യൂഹങ്ങള്‍ക്ക് അര്‍ദ്ധവിരാമം
കേരള കോണ്‍ഗ്രസ് എമ്മിനെ കണ്ട് ആരും വെള്ളമിറക്കേണ്ടെന്ന് ജോസ് കെ മാണി
കോട്ടയം: ക്രൈസ്തവ സഭകളുടെ പിന്തുണയില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്കെത്തിക്കാന്‍ യു ഡി എഫ് നീക്കം ശക്തമാക്കിയിരിക്കെ ജോസ് കെ മാണി മുഖം തിരിക്കയാണോ? ഡല്‍ഹിയില്‍ വച്ച് രാഹുല്‍ ഗാന്ധിയുമായും, കെ സി വേണുഗോപാലുമായും ജോസ് കെ മാണി ചര്‍ച്ച നടത്തിയെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന ജോസ് കെ. മാണിയുടെ ആവശ്യം, ഇടതുമുന്നണി വിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും വിലയിരുത്തലുകള്‍ വന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യുഡിഎഫിന്റെ നീക്കം. ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കാന്‍ ജോസിന്റെ വരവ് സഹായിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ, കൂടുതല്‍ ഘടകകക്ഷികളെ ഒപ്പം ചേര്‍ത്ത് മുന്നണി ശക്തമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് (എം)നെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ സജീവമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി, ജോസ് കെ. മാണിക്ക് തിരുവമ്പാടി സീറ്റ് വിട്ടുനല്‍കാന്‍ വരെ ലീഗ് തയ്യാറാണെന്ന് അറിയിച്ചതായും വാര്‍ത്തകള്‍ വന്നു. എന്തായാലും, മുന്നണിമാറ്റ വാര്‍ത്ത കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി തള്ളിയിരിക്കുകയാണ്.
കേരളാ കോണ്‍ഗ്രസിനെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ടെന്നും അത് വാങ്ങി വെക്കുന്നതാണ് നല്ലതെന്നുമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ജോസ് കെ.മാണി പറഞ്ഞത്. ഇടതു മുന്നണിയുടെ അവിഭാജ്യ ഘടകമാണ് കേരള കോണ്‍ഗ്രസ്. മലയോര വിഷയം മുന്നണി മാറ്റവുമായി കൂട്ടിക്കെട്ടേണ്ടെന്നും മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ഫോട്ടോയുടെ കൂടെയാണ് മുന്നണി മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പൂര്‍ണമായും തള്ളി പോസ്റ്റിട്ടത്.
മുന്നണിമാറ്റം സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകളെ കേരള കോണ്‍ഗ്രസ് (എം) പൂര്‍ണ്ണമായും തള്ളുന്നു.
ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായ കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിനും മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുകയാണ്. നേതൃസ്ഥാനത്തിന്റെ പേരില്‍ കലഹിക്കുന്ന യു.ഡി.എഫിനെ രക്ഷിക്കാന്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും, അസംബ്ലി തെരെഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അഭിമാനകരമായ വിജയം സമ്മാനിക്കാന്‍ പാര്‍ട്ടി ഘടകങ്ങളെ പൂര്‍ണ്ണമായും സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നടക്കുകയാണ്.
മലയോരമേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേരള കോണ്‍ഗ്രസ് (എം)ശ്രദ്ധയില്‍ പ്പെടുത്തിയതിനെത്തുടര്‍ന്ന് ബഹുമാന്യനായ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്. വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരത്തിനായി കേരളത്തിലെ ഗവണ്‍മെന്റിന് ഒപ്പം പ്രതിപക്ഷവും കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരായി ശബ്ദം ഉയര്‍ത്തുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഒരേ നിലപാട് ഉയര്‍ത്തുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് സഹായകരമാകും. മലയോരമേഖലയിലെ പ്രശ്‌നങ്ങള്‍ കേരള കോണ്‍ഗ്രസ് (എം) ഉയര്‍ത്തുന്നതിനെ മുന്നണി രാഷ്ട്രീയ ചര്‍ച്ചകളുമായി കൂട്ടികെട്ടുന്നതിന്റെ ലക്ഷ്യം വിലകുറഞ്ഞ രാഷ്ട്രീയമാണ്. അതിനെ പാര്‍ട്ടി പൂര്‍ണ്ണമായും തള്ളുന്നു. മൂന്നാം തവണയും എല്‍.ഡി.എഫിനെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാന്‍ ഇടതുപക്ഷ ജനാധിപ്യമുന്നണി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകും. കേരള കോണ്‍ഗ്രസ് (എം) ന്റെ രാഷ്ട്രീയ നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അങ്ങനെയുള്ളവര്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം.
ജോസ് കെ മാണി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം കൃത്യമായി വിശകലനം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് ഭരണമാറ്റത്തിലേക്ക് നയിക്കുന്ന രീതിയിലുള്ള ഭരണവിരുദ്ധവികാരമില്ലെന്നാണ് കേരള കോണ്‍ഗ്രസ് വിലയിരുത്തല്‍. ഭരണത്തുടര്‍ച്ചയ്ക്കുള്ള അന്തരീക്ഷമാണ് നിലവില്‍ ഉള്ളതെന്നും ഇപ്പോള്‍ മുന്നണി വിടുന്നത് ദോഷം ചെയ്യുമെന്നും കേരള കോണ്‍ഗ്രസ് നേതൃത്വം കൂട്ടായി നിലപാടെടുത്തിരുന്നു.
മുന്നണി മാറ്റം സംബന്ധിച്ചു ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ജോസ് കെ.മാണിയും പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ആരും ഇക്കാര്യത്തെപറ്റി ചര്‍ച്ച ചെയ്തിട്ടില്ല. ഇതു സംബന്ധിച്ചു പാര്‍ട്ടി കൃത്യമായ തീരുമാനമെടുത്തിട്ടുണ്ട്. ഇടതുമുന്നണിയില്‍ തങ്ങള്‍ പൂര്‍ണ സന്തുഷ്ടരാണെന്നും ജോസ് കെ.മാണി പറഞ്ഞിരുന്നു.