ഞാന്‍ കാരണം രണ്ട് ഉപതെരഞ്ഞെടുപ്പ് നടന്നു, ആ കുറ്റബോധം എനിക്കുണ്ട്; എം.പിമാര്‍ മല്‍സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണം; കെ സുധാകരനും അടൂര്‍ പ്രകാശും അടക്കം മത്സരിക്കാന്‍ തയ്യാറെടുത്തു നില്‍ക്കവേ എതിര്‍പ്പുയുര്‍ത്തി കെ മുരളീധരന്‍; നിയമസഭയിലേക്ക് സീറ്റു മോഹിക്കുന്ന നേതാക്കള്‍ക്ക് തിരിച്ചടിയാകുമോ?
ഞാന്‍ കാരണം രണ്ട് ഉപതെരഞ്ഞെടുപ്പ് നടന്നു, ആ കുറ്റബോധം എനിക്കുണ്ട്
തിരുവനന്തപുരം: യുഡിഎഫിന് ഏറെ വിജയസാധ്യതയുള്ള സാഹചര്യമാണ് നിലവില്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു അടുക്കുമ്പോള്‍ സംജാതമായിരിക്കുന്നത്. ഇതോടെ മത്സരിക്കാന്‍ തയ്യാറായി നിരവധി നേതാക്കള്‍ രംഗത്തുണ്ട്. എംപിമാരായ കോണ്‍ഗ്രസ് നേതാക്കളും മത്സരിക്കാന്‍ തയ്യാറായി അരയും തലയും മുറുക്കി രംഗത്തുവന്നിട്ടുണ്ട്. എംപിമാര്‍ മത്സരിച്ചാല്‍ ചില സീറ്റുകളില്‍ വിജയം ഉറപ്പാക്കാം എന്നാണ് വിലയിരുത്തല്‍. കോന്നി, കണ്ണൂര്‍ തുടങ്ങിയ സീറ്റുകളാണ് ഇത്തരത്തിലുള്ള സീറ്റുകളില്‍ ചിലത്. എന്നാല്‍, എംപിമാര്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പുമായി മറ്റു ചില നേതാക്കളുമുണ്ട്.
കെ മുരളീധരന്‍ അടക്കമുള്ള ചില നേതാക്കളാണ് ഇക്കാര്യത്തില്‍ എതിര്‍പ്പ് പരസ്യമാക്കിയിരിക്കുന്നത്. കെ സുധാകരനും അടൂര്‍ പ്രകാശും അടക്കമുള്ളവര്‍ മത്സരിക്കാന്‍ തയ്യാറായി നില്‍ക്കവേയാണ് മുരളീധരന്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. എം.പി മാര്‍ മല്‍സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണം എന്നാണ് മുരളീധരന്‍ പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഞാന്‍ കാരണം കേരളത്തില്‍ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. അതിന്റെ കുറ്റബോധം ഇന്നെനിക്കുണ്ട്. കഴിയുന്നത്ര ബൈ ഇലക്ഷനുകള്‍ ഒഴിവാക്കണം. സിറ്റിങ് എം.എല്‍.എമാര്‍ മത്സരിക്കണമെന്ന് തന്നെയാണ് ഒരു ധാരണ. സിറ്റിങ് എം.എല്‍.എമാര്‍ക്കെതിരായ വികാരമുള്ളതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.പിമാര്‍ മത്സരിക്കുന്നതില്‍ വിലക്കില്ല എന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അടക്കം വ്യക്തമാക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കെ. മുരളീധരന്‍ ഇക്കാര്യം പറയുന്നത് എന്നതും ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇക്കുറി സ്വന്തം നിലയ്ക്ക് മുന്‍കൈ എടുക്കില്ലെന്നു കെ. മുരളീധരന്‍. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ ഇറങ്ങൂ. മാറി നിന്ന് പ്രചാരണത്തിന് നേതൃത്വം കൊടുക്കണമെന്ന് പറഞ്ഞാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
സിറ്റിങ്ങ് എം.എല്‍.എമാരെല്ലാം മല്‍സരിക്കാന്‍ ധാരണയുള്ളതുകൊണ്ടാണ് കെ പി സിസി പ്രസിഡന്റ് സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വി.ഡി സതീശനാണോ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന ചോദ്യത്തിന് പല കാര്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ ഉറച്ച് നിലപാട് ജനങ്ങള്‍ക്കിഷ്ടമാണെന്നായിരുന്നു മുരളിയുടെ മറുപടി.
ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് അവതരിപ്പിക്കും. യുവാക്കളും വനിതകളും അനുഭവ സമ്പന്നരും പട്ടികയില്‍ ഉണ്ടാകും. ഇത്തവണ തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും പാര്‍ട്ടിയില്‍ തര്‍ക്കം ഉണ്ടാകില്ല. സ്ഥാനാര്‍ഥി നിര്‍ണയം തര്‍ക്കം ഇല്ലാതെ പൂര്‍ത്തീകരിക്കും. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ പുനര്‍ സംഘടിപ്പിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപിയില്‍ ഇപ്പോള്‍ തന്നെ അടി തുടങ്ങി. അതാണ് തിരുവനന്തപുരത്ത് കാണുന്നത്. ബിജെപിയിലെ തര്‍ക്കം മൂര്‍ച്ഛിക്കും.നഗരസഭ ഭരണം കോണ്‍ഗ്രസ് അട്ടിമറിക്കില്ലെന്നും അവര്‍ സ്വയം തന്നെ തകര്‍ത്താല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎം - ബിജെപി അന്തര്‍ധാര മണക്കുന്ന്. നേമത്ത് നിന്നുള്ള ശിവന്‍കുട്ടിയുടെയും വട്ടിയൂര്‍ക്കാവില്‍ നിന്നും ശ്രീലേഖയുടെയും പിന്മാറ്റം ഇതിന് തെളിവാണെന്ന് മുരളീധരന്‍ ആരോപിച്ചു. തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുത്തത് പോലെ ചില നിയമസഭ സീറ്റുകളിലും ധാരണയ്ക്ക് നീക്കമെന്ന് മുരളീധരന്‍ ആരോപിച്ചു.
എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ബെന്നി ബെഹന്നാന്‍ എംപി നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ എംപിമാര്‍ മത്സരിക്കരുതെന്ന നിബന്ധന ഇല്ലെന്ന് യുഡിഎഫ് അധ്യക്ഷന്‍ അടൂര്‍ പ്രകാശും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേടത്ത് എഐസിസി എന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്ന് മുതിര്‍ന്ന നേതാവ് പി.ജെ.കുര്യനും അഭിപ്രായപ്പെട്ടിരുന്നു. എംപിമാര്‍ എംഎല്‍എ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. അടുത്ത മാസം തുടങ്ങുന്ന യുഡിഎഫ് ജാഥയ്ക്ക് മുമ്പ് 50 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നിശ്ചയിച്ചേക്കും.
തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ സംസ്ഥാനത്ത് ഭരണമാറ്റത്തിന് കളമൊരുങ്ങിയെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് ക്യാംപ്. എന്നാല്‍ എംപിമാര്‍ ഈ സ്ഥാനം വിട്ട് എംഎല്‍എമാരാകാന്‍ ശ്രമിക്കുന്നത് എതിരാളികള്‍ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ഒന്നോ രണ്ടോ എംപിമാര്‍ക്ക് ഇളവ് നല്‍കിയാല്‍ കൂടുതല്‍ പേര്‍ അവകാശവാദം ഉന്നയിക്കാനും തര്‍ക്കമുണ്ടാകാനും സാധ്യതയുണ്ട്. മത്സരിച്ചവര്‍ കൂട്ടത്തോടെ ജയിച്ചുവന്നാല്‍, ഒരു മിനി ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ വേണ്ടി വരും. പകരം സ്ഥാനാര്‍ത്ഥികളെ കണ്ടെത്തണമെന്ന തലവേദന വേറെയുമുണ്ടാകുമെന്നും ചിലനേതാക്കള്‍ പറയുന്നു.
അതേസമയം കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ കെ സുധാകരന്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നിയമസഭയില്‍ യു.ഡി.എഫ് 85 സീറ്റുകള്‍ ഉറപ്പായും നേടുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ മുന്‍നിര്‍ത്തി ഭരണം നേടുമെന്ന് കോണ്‍ഗ്രസ് ഉറച്ചുവിശ്വസിക്കുന്നത്.
കാസര്‍കോട് മൂന്ന്, കണ്ണൂര്‍ നാല്, കോഴിക്കോട് എട്ട്, വയനാട് മൂന്ന്, മലപ്പുറം 16, പാലക്കാട് അഞ്ച്, തൃശ്ശൂര്‍ ആറ്, എറണാകുളം 12, ഇടുക്കി നാല്, കോട്ടയം അഞ്ച്, ആലപ്പുഴ നാല്, പത്തനംതിട്ട അഞ്ച്, കൊല്ലം ആറ്, തിരുവനന്തപുരം നാല് എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും യു.ഡി.എഫ് ഉറച്ച സീറ്റുകളായി കണക്കാക്കുന്നത്.
