കണ്ണൂര്‍ ഡിസിസി അധ്യക്ഷനെ തൊടാന്‍ സമ്മതിക്കില്ലെന്ന നിലപാടില്‍ കെ സുധാകരന്‍; 'ചിലര്‍ക്ക് ചില താല്‍പര്യങ്ങളുണ്ടാകും, നന്നായി പ്രവര്‍ത്തിക്കുന്ന ഡിസിസി അധ്യക്ഷന്‍മാരെ മാറ്റരുത്' എന്ന് മുന്നറിയിപ്പ്; അഞ്ച് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റാതെ മറ്റിടങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ നീക്കം; പ്രഖ്യാപനം വൈകുന്നത് എംപിമാരുടെ ലിസ്റ്റില്‍ തട്ടി; തെരഞ്ഞെടുപ്പു കാലമായതിനാല്‍ കെപിസിസിക്ക് വരിക ജംബോ കമ്മറ്റി ഉറപ്പ്
കണ്ണൂര്‍ ഡിസിസി അധ്യക്ഷനെ തൊടാന്‍ സമ്മതിക്കില്ലെന്ന നിലപാടില്‍ കെ സുധാകരന്‍
കണ്ണൂര്‍: കെപിസിസി പുനസംഘടന എന്നു പൂര്‍ത്തിയാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ഏപപക്ഷീയമായ തീരുമാനം എടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പാര്‍ട്ടി. പുനസംഘടനയില്‍ താല്‍പ്പര്യങ്ങളുമായി എംപിമാര്‍ രംഗത്തുണ്ട്. എല്ലാ ഡിസിസി അധ്യക്ഷമാരെയും മാറ്റണം എന്ന ആവശ്യം ഉന്നയിക്കുന്ന ഒരു വിഭാഗം പാര്‍ട്ടിയില്‍ ഉണ്ട്. എന്നാല്‍, നല്ലതുപോലെ പ്രവര്‍ത്തിക്കുന്നവരെ ഇപ്പോള്‍ മാറ്റരുതെന്നാണ് കെ സുധാകരനെ പോലുള്ളവര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിക്ക് മുന്നില്‍ ഈ ആവശ്യം അദ്ദേഹം ഉന്നയിച്ചു കഴിഞ്ഞു.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് എംപിമാര്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയിരുന്നു. ഇങ്ങനെ പരാതി നല്‍കിയെന്ന് സ്ഥിരീകരിച്ചാണ് സുധാകരന്‍ ഇന്ന് രംഗത്തുവന്നത്. ഡിസിസി പുനഃസംഘടനയില്‍ എല്ലാം ചര്‍ച്ച ചെയ്തു പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. ചിലര്‍ക്ക് ചില താല്‍പര്യങ്ങള്‍ ഉണ്ടാകും, അത് പറയും, കൊള്ളാവുന്ന ഡിസിസി പ്രസിഡന്റുമാരെ മാറ്റരുതെന്നാണ് അഭിപ്രായമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. അത് ആരൊക്കെയെന്ന് നേതൃത്വം തീരുമാനിക്കട്ടെയെന്നും കെ. സുധാകരന്‍.
കെപിസിസി- ഡിസിസി പുനഃസംഘടനയിലെ പട്ടിക തയാറാക്കിയതില്‍ എതിര്‍പ്പറിയിച്ച് എംപിമാര്‍ രാഹുല്‍ഗാന്ധിക്ക് പരാതി നല്‍കിയിരുന്നു. ഷാഫി പറമ്പില്‍ മലബാറിലെ പാര്‍ട്ടിയില്‍ കൂടുതല്‍ ഇടപെടല്‍ നടത്തുന്നു എന്ന ആക്ഷേപം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിലും വിഷ്ണുനാഥും ചേര്‍ന്ന് തയ്യാറാക്ക പട്ടിക അംഗകരിക്കാന്‍ മടിയുള്ള നേതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.
കൂടിയാലോചന എന്ന പേരില്‍ നടന്നത് പ്രഹസനമാണെന്ന് കെ. സുധാകരന്‍ പറഞ്ഞിരുന്നു. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പലയിടത്തും നിര്‍ദേശിച്ചത് ഒറ്റപ്പേര് മാത്രമാണെന്നും ആക്ഷേപവും ഉയരുന്നുണ്ട്. കൊടിക്കുന്നേല്‍ സുരേഷ്, ബെന്നിബഹ്നാന്‍, എം കെ രാഘവന്‍ അടക്കമുള്ളവരുമായി ഹൈക്കമാന്‍ഡ് വീണ്ടും ചര്‍ച്ച നടത്തും. അവസാന വട്ട കൂടിക്കാഴ്ചകള്‍ നടത്തി ഈയാഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. യൂത്ത് കോണ്‍ഗ്രസ് ദേശീയ പുനസംഘടനയില്‍ അഭിജിത്ത് തഴയപ്പെട്ടത് കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഷാഫിയാണ് അഭിജിത്തിനെതിരെ നീങ്ങിയതെന്ന ആക്ഷേപവും സജീവമാണ്.
ഇതിനിടയാണ് കെപിസിസി-ഡിസിസി ഭാരവാഹികളുടെ പാനല്‍ പട്ടികയില്‍ കേരള എംപിമാര്‍ നേരത്തെ അതൃപ്തി അറിയിച്ചത്. കണ്ണൂര്‍ ഡിസിസി അധ്യക്ഷനെ തൊടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കെ സുധാകരന്‍. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും നിലവിലെ അധ്യക്ഷനെ മാറ്റുന്നതിനോട് യോജിപ്പില്ല. സുധാകരനെ പിണക്കേണ്ടതില്ലെന്നതാണ് അദ്ദേഹത്തിന്റെയും അഭിപ്രായം. കെപിസിസി പ്രസിഡന്റുസ്ഥാനം കൈവിട്ടശേഷം ഉന്നത നേതൃത്വത്തോട് പിണങ്ങിക്കഴിയുന്ന സുധാകരന്‍, സണ്ണി ജോസഫ് വഴി തന്റെ പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ഡിസിസി പ്രസിഡന്റുമാരെ മാറ്റരുതെന്നാണ് സുധാകരന്റെ പിടിവാശി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് സുധാകരനെ ഭയന്ന് സ്വന്തം നിലയില്‍ പേര് നിര്‍ദേശിക്കാന്‍ കഴിയുന്നില്ല.
കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഡല്‍ഹിയിലെ വസതിയില്‍ കെ. സുധാകരന്‍, ബെന്നി ബെഹ്നാന്‍, എം.കെ. രാഘവന്‍ അടക്കമുള്ളവര്‍ യോഗം ചേര്‍ന്നിരുന്നു. എല്ലാവരുമായി കൂടിയാലോചിച്ച് പുനഃസംഘടന പൂര്‍ത്തിയാക്കുമെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. അതേസമയം ഒന്‍പത് ഡിസിസികളില്‍ അധ്യക്ഷന്മാര്‍ മാറുമെന്നാണ് വിവരം. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ഒഴികെയുള്ള ഡിസിസികളില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചനകള്‍.
തൃശൂരില്‍ പുതിയതായി നിയമിച്ച അധ്യക്ഷനാണ്. മറ്റു നാലിടങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്തികൊണ്ടാണ് മാറ്റം വേണ്ടെന്ന നിലപാടിലെത്തിയത്. എന്നാല്‍ ഇതിനോട് എല്ലാ നേതാക്കളും യോജിച്ചിട്ടില്ല. അേേതസമയം തിരുവനന്തപുരത്ത് എന്‍ ശക്തനെ തുടരാന്‍ അനുവദിക്കണെന്ന ആവശ്യമാണ് തരൂര്‍ ഉന്നയിച്ചത്. നാടാര്‍ വിഭാഗത്തിലെ വോട്ടുകള്‍ അടുപ്പിക്കാന്‍ ഇതാണ് നല്ലതെന്നാണ് പൊതു വിലയിരുത്തല്‍.
പല ജില്ലകളിലും ചുരുക്കപ്പട്ടിക നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്നും നാലും വരെ പേരുകളാണ് ഓരോ ജില്ലയില്‍ നിന്നും ഉയരുന്നത്. പേരുകളുടെ കാര്യത്തിലും സമവായത്തിലെത്താന്‍ നേതാക്കള്‍ക്കായിട്ടില്ല. നിലവില്‍ കൊണ്ടുവന്ന മാനദണ്ഡങ്ങളില്‍ വ്യക്തത കുറവുണ്ടെന്നാണ് നേതാക്കളുടെ നിലപാട്. ചുമതല മാറുന്നതോടെ, ഡിസിസി അധ്യക്ഷന്മാരെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് മാറ്റാനാണ് നീക്കം. മുതിര്‍ന്ന നേതാക്കള്‍ക്കും യുവജനങ്ങള്‍ക്കും കെപിസിസി ചുമതല നല്‍കിയേക്കും. അങ്ങനെയെങ്കില്‍ കെപിസിസിക്ക് വരിക ജംബോ കമ്മറ്റി ആകും.
നിരവധി ഗ്രൂപ്പുകളിലേക്ക് പാര്‍ട്ടി മാറിയപ്പോള്‍ പുനസംഘടന എന്നത് വലിയ വെല്ലുവിളിയായി നില്‍ക്കുകയാണ്. അതേസമയം കെ സി വേണുഗോപാലിന് തെരഞ്ഞെടുപ്പു കാലമായതിനാല്‍ സ്വന്തം താല്‍പ്പര്യവും അടിച്ചേല്‍പ്പിക്കാന്‍ താല്‍പ്പര്യമില്ല. സംസ്ഥാന തലത്തില്‍ സമവായം ഉണ്ടാകട്ടെ എന്ന നിലപാടിലാണ് കെ സി.