'മുനവറലി തങ്ങളെ വിളിക്കൂ... മുസ്ലിം ലീഗിനെ രക്ഷിക്കൂ; മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക'; മുനമ്പം വിഷയത്തില്‍ ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം; പോസ്റ്ററുകള്‍ സമസ്ത മുശാവറ യോഗം ചേരാനിക്കെ

'മുനവറലി തങ്ങളെ വിളിക്കൂ... മുസ്ലിം ലീഗിനെ രക്ഷിക്കൂ;

Update: 2024-12-11 04:38 GMT

കോഴിക്കോട്: മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗില്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പോസ്റ്ററുകളും. കോഴിക്കോട് ലീഗ് ഹൗസിന് മുന്നിലാണ് പോസ്റ്ററുകള്‍ എത്തിയത്. ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് നീക്കം.

'മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ ലക്ഷിക്കൂ', 'മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക', 'ബിനാമി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഫത്വ തേടി വരുന്ന രാഷ്ട്രീയക്കാരുടെ ചതിക്കുഴികള്‍ പണ്ഡിതന്മാര്‍ തിരിച്ചറിയുക', എന്നിങ്ങനെയാണ് പോസ്റ്ററുകള്‍.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരാമര്‍ശത്തെ തള്ളി കെഎം ഷാജി രംഗത്തെത്തിയതോടെ മുസ്ലിംലീഗില്‍ രണ്ട് പക്ഷമായി. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നുമാണ് കെ എം ഷാജി പറഞ്ഞത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും കെ എം ഷാജി വ്യക്തമാക്കി.

കെ എം ഷാജിയെ തള്ളി പി കെ കുഞ്ഞാലിക്കുട്ടിയും പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും രംഗത്തെത്തുകയായിരുന്നു. ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം. കെ എം ഷാജിയുടെ അഭിപ്രായം വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആണെന്ന് ഇ ടി മുഹമ്മദ് ബഷീറും വ്യക്തമാക്കുകയായിരുന്നു.

ഇതിനിടെ നേതാക്കള്‍ക്കിടയിലെ ഭിന്നസ്വരങ്ങള്‍ വിവാദമായതോടെ മുനമ്പം ഭൂമിപ്രശ്നത്തില്‍ പരസ്യപ്രസ്താവന ലീഗ് വിലക്കിയിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയാണോ അല്ലയോ എന്നതിലാണ് നേതാക്കളില്‍നിന്ന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായത്. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും ഇവിടത്തെ താമസക്കാരെ കൂടിയൊഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ലീഗ് ആദ്യംതന്നെ വ്യക്തമാക്കിയതാണെന്ന് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുസ്ലിം സംഘടനകളുമായി ചര്‍ച്ചചെയ്ത ശേഷമാണ് ലീഗ് അന്നു നിലപാട് പറഞ്ഞത്. അതല്ലാത്ത അഭിപ്രായങ്ങള്‍ ലീഗിന്റേതല്ല. ഇനി ഇക്കാര്യത്തില്‍ മറ്റൊരു പ്രതികരണമുണ്ടാകില്ല. നേതാക്കളില്‍നിന്ന് പരസ്യ പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. സാമുദായിക സൗഹാര്‍ദത്തിന് മുന്‍ഗണന നല്‍കുന്നതാണ് ലീഗ് നയം. രാഷ്ട്രീയനേട്ടത്തിനായി അതില്‍നിന്ന് പിന്നോട്ടുപോകില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

മുനമ്പത്ത് സൗഹാര്‍ദം നിലനിര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞ സാദിഖലി തങ്ങള്‍ സര്‍ക്കാരാണ് പ്രശ്നപരിഹാരം വേഗത്തിലാക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. ഈ വിഷയം ഇടതുപക്ഷം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാന്‍ പാടില്ലെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

Tags:    

Similar News