ജയത്തിന്റെ ചൂടാറും മുമ്പ് കളംപിടിക്കണം; ബിഡിജെഎസും ആര്‍ജെഡിയും ലിസ്റ്റില്‍; നിയമസഭയിലേക്ക് മുന്നേ ഇറങ്ങാന്‍ യുഡിഎഫ്; പിണറായിയെ വീഴ്ത്താന്‍ കരുതലോടെ നീങ്ങും; തുഷാര്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ചകള്‍ സജീവം; സീറ്റ് വിഭജനത്തിലും വിജയ സാധ്യത മാത്രം ഘടകമാക്കും

Update: 2025-12-23 01:20 GMT

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളിലെ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തില്‍ ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫ് മോഹങ്ങള്‍ക്ക് തടയിടാന്‍ യുഡിഎഫ് നേരത്തെ പ്രചരണത്തിന്. വെറുതെയിരുന്നാല്‍ അധികാരം കയ്യില്‍ വരുമെന്ന പഴയ ധാരണ തിരുത്തി, മുന്‍പേ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. പി.വി. അന്‍വറിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായതോടെ, ഇടതുമുന്നണിയിലെയും എന്‍ഡിഎയിലെയും അതൃപ്തരെ ഒപ്പം കൂട്ടി വമ്പന്‍ 'സര്‍പ്രൈസ്' കരുനീക്കങ്ങളാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നേരത്തെ നിശ്ചയിച്ചത് ഗുണകരമായി എന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

അന്‍വറില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ നീക്കം. എന്‍ഡിഎ സഖ്യത്തില്‍ അതൃപ്തരായ ബിഡിജെഎസിനെ യുഡിഎഫിലെത്തിക്കാന്‍ അണിയറയില്‍ ചര്‍ച്ചകള്‍ സജീവമാണ്. തുഷാര്‍ വെള്ളാപ്പള്ളിയുമായി പല തലങ്ങളില്‍ ആശയവിനിമയം നടന്നു കഴിഞ്ഞു. ഇതിനുപുറമെ, ഇടതുമുന്നണിയില്‍ അവഗണിക്കപ്പെടുന്ന ആര്‍ജെഡിയെയും പാളയത്തിലെത്തിച്ച് അടിത്തറ വിപുലീകരിക്കാനാണ് നീക്കം.

പഴയകാല സീറ്റ് വിഭജന രീതികള്‍ ഇനി നടക്കില്ലെന്ന കര്‍ശന നിലപാടിലാണ് കെപിസിസി. വിജയസാധ്യത മാത്രമാകും ഏക മാനദണ്ഡം. ഘടകകക്ഷികള്‍ക്ക് വിജയസാധ്യതയില്ലാത്ത സീറ്റുകള്‍ പിടിച്ചെടുക്കാനും അവിടെ ജനസമ്മതിയുള്ള സ്വതന്ത്രരെയോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയോ നിര്‍ത്താനാണ് ആലോചന. ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ കാഴ്ചവെച്ച വീര്യം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കണമെന്ന് താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

പിണറായി സര്‍ക്കാരിനെതിരായ ജനവികാരം കൃത്യമായി ഏകോപിപ്പിക്കാന്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള മാസങ്ങളില്‍ കാത്തുനില്‍ക്കേണ്ടതില്ലെന്നാണ് യുഡിഎഫ് യോഗത്തിലെ തീരുമാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ താഴെത്തട്ടിലുള്ള പുനഃസംഘടനയും ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസ് പൂര്‍ത്തിയാക്കും.

വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിമര്‍ശനങ്ങള്‍ക്ക് മുഖത്തടിച്ച മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയതു ചര്‍ച്ചയിലുണ്ട്. യുഡിഎഫിന്റെ പ്രവര്‍ത്തന ശൈലിയില്‍ തൃപ്തിയില്ലെങ്കില്‍ ആര്‍ക്കും മുന്നണി വിട്ടുപോകാമെന്നും ആരെയും നിര്‍ബന്ധിച്ച് പിടിച്ചുനിര്‍ത്തില്ലെന്നുമാണ് സതീശന്റെ കടുത്ത നിലപാട്. യുഡിഎഫില്‍ നിലവില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും മുന്നണി സംവിധാനം പരാജയമാണെന്നുമുള്ള വിഷ്ണുപുരം ചന്ദ്രശേഖരന്റെ പ്രസ്താവനയാണ് സതീശനെ ചൊടിപ്പിച്ചത്. 'താല്‍പ്പര്യമില്ലാത്തവര്‍ക്ക് സലാം പറഞ്ഞ് പോകാം' എന്ന പച്ചയായ മറുപടിയിലൂടെ ഘടകകക്ഷികളുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് താന്‍ വഴങ്ങില്ലെന്ന് സതീശന്‍ വ്യക്തമാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി ശുദ്ധീകരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഈ പൊട്ടിത്തെറിക്ക് പിന്നില്‍ കൃത്യമായ ചില രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ ഉണ്ടെന്നാണ് സൂചന. എന്‍ഡിഎ വിട്ട് ബിഡിജെഎസിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി എത്തുന്നതോടെ തെക്കന്‍ കേരളത്തിലെ നാടാര്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വോട്ട് ബാങ്കുകളില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News