ഭരണപക്ഷത്തല്ല, പ്രതിപക്ഷത്തുമല്ല..! അന്‍വറിന്റെ ലക്ഷ്യം രണ്ടും കൂടിയ ഇന്ത്യാ മുന്നണിയോ? ഡിഎംകെയിലേക്ക് ചേക്കേറുമെന്ന് സൂചനകള്‍; സെന്തില്‍ ബാലാജിയെ കണ്ട് നിലമ്പൂര്‍ എംഎല്‍എയുടെ മകന്‍; അനുയായികള്‍ സ്റ്റാലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും പ്രചരണത്തില്‍

അന്‍വറിന്റെ ലക്ഷ്യം രണ്ടും കൂടിയ ഇന്ത്യാ മുന്നണിയോ? ഡിഎംകെയിലേക്ക് ചേക്കേറുമെന്ന് സൂചനകള്‍

Update: 2024-10-05 11:18 GMT

തിരുവനന്തപുരം: താന്‍ ഭരണപക്ഷത്തുമല്ല, പ്രതിപക്ഷത്തുമല്ലെന്ന് പറഞ്ഞ പി വി അന്‍വര്‍ എംഎല്‍എയുടെ ലക്ഷ്യം രണ്ടും ചേര്‍ന്ന ഇന്ത്യാ മുന്നണിയോ? നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനായി യോഗം വിളിച്ചു ചേര്‍ക്കുന്ന അന്‍വര്‍ സസ്‌പെന്‍സ് നിലനിര്‍ത്തുകയാണ്. സിപിഎം അന്‍വറിനെതിരെ ശക്തമായ പ്രചരണം തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ അത്തരം പ്രചരണങ്ങളില്‍ നിന്നും രക്ഷതേടി കൂടിയാണ് അന്‍വര്‍ ഡിഎംകെയെ സമീപിക്കുന്നത് എന്നാണ് സൂചനകള്‍. നിലവില്‍ എംഎല്‍എ സ്ഥാനവുമായി ഡിഎംകെയില്‍ ചേരാന്‍ അന്‍വറിന് സാധിക്കില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സ്വീകാര്യമായ ഇന്ത്യാ മുന്നണി തന്ത്രം പയറ്റാന്‍ വേണ്ടിയാണ് അന്‍വറിന്റെ നീക്കം.

നിലവില്‍ അന്‍വര്‍ ചെന്നൈയിലാണ് എന്നാണ് സൂചനകള്‍. ചെന്നൈയിലെത്തി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് സൂചിപ്പിച്ചു കൊണ്ട് ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. പി വി അന്‍വറിന് വേണ്ടി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്താന്‍ മകനും രംഗത്തിറങ്ങിയെന്ന സൂചനകളുണ്ട്. ഡിഎംകെയുമായി സഹകരിക്കുന്നതിന് മുന്നോടിയായി അന്‍വറിന്റെ മകന്‍ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ പി വി അന്‍വറിന്റെ അനുയായികള്‍ സ്റ്റാലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുമുണ്ട്.

തമിഴ്‌നാട്ടിലെ ലീഗ് നേതാക്കളെയും അന്‍വര്‍ കണ്ടിട്ടുണ്ട്. ചെന്നൈയിലെ കെടിഡിസി റെയിന്‍ ഡ്രോപ്‌സ് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്‌ലിം ലീഗിന്റെ തമിഴ്‌നാട് ജനറല്‍ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കര്‍, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവര്‍ ചെന്നൈയിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായാണ് വിവരം.

കൂടിക്കാഴ്ചയില്‍ ഡിഎംകെയുടെ രാജ്യസഭാംഗം എംപി എം.എം.അബ്ദുള്ളയും പങ്കെടുത്തു. അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കെ.എ.എം.മുഹമ്മദ് അബൂബക്കര്‍ തയാറായില്ല. അതിനിടെ അന്‍വറിന്റെ മകന്‍ സെന്തില്‍ ബാലാജിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളും പുറത്തുവരുന്നു.

ഇടതുപക്ഷവുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിച്ച അന്‍വര്‍ നാളെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കമെന്നാണ് നേരത്തെ വ്യക്തമക്കിയത്. എന്നാല്‍ ദക്ഷണേന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംകെയുമായി ചേര്‍ന്ന് മുന്നോട്ടുപോകാനുള്ള പദ്ധതി നേരത്തേ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുമൊക്കെ അന്‍വര്‍ തുടരെത്തുടരെ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

നിയമസഭയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം കഴിഞ്ഞ ദിവസം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു. അതേസമയം മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കുന്ന പി വി അന്‍വര്‍ എംഎല്‍എയുടെ പിറകെ പോകേണ്ടതില്ലെന്നാണ് സിപിഐഎം സംസ്ഥാന സമിതിയുടെ തീരുമാനം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്. അന്‍വറിന്റെ ശ്രമം മുസ്ലിം കേന്ദ്രീകരണത്തിനാണ്. മുസ്ലിം കേന്ദ്രീകരണം ആഗ്രഹിക്കുന്നവര്‍ അന്‍വറിനെ വിലയ്‌ക്കെടുത്തു എന്നും സിപിഐഎം സംസ്ഥാന സമിതി വിലയിരുത്തി. അന്‍വറിനെതിരെ കടുത്ത വിമര്‍ശനമാണ് സിപിഐഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്.

പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയിരുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് അന്‍വര്‍. ഈ പശ്ചാത്തലത്തിലാണ് സിപിഎമ്മും പ്രതിരോധിക്കാന്‍ രംഗത്തിറങ്ങുന്നത്. അതേസമയം സി.പി.എമ്മിനോടും പിണറായി വിജയനോടും അടുത്ത ബന്ധം പുലര്‍ത്തുന്ന എം.കെ. സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡി.എം.കെയിലേക്ക് അന്‍വറിന്റെ കണ്ണെറിയുന്നത് രാഷ്ട്രീയ ലോകത്ത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ഉദയനിധി സ്റ്റാലിനാണ് ഡിഎംകെയുടെ പുതിയ മുഖം. പാര്‍ട്ടിയെ ഭാവിയില്‍ നയിക്കുക ഉദയനിധിയാണെനന്ന് വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ കൂടി ഡിഎംകെ കണ്ണെറിയുന്നത്. തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തി മണ്ഡലമാണ് നിലമ്പൂര്‍. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അന്‍വര്‍ ഡിഎംകെയിലേക്ക് കണ്ണുവെക്കുന്നത്.

Tags:    

Similar News