'നേമമാണ് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം' എന്നു പറഞ്ഞ് നിയമസഭാ സീറ്റുറപ്പിച്ചു രാജീവ് ചന്ദ്രശേഖര്‍; വി മുരളീധരന്‍ കഴക്കൂട്ടത്തും ശോഭാ സുരേന്ദ്രന്‍ കായംകുളത്തും പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിച്ചേക്കും; നേതാക്കള്‍ക്ക് തദ്ദേശ ചുമതല നല്‍കിയത് നിയമസഭാ സീറ്റ് സാധ്യത നോക്കി തന്നെ
'നേമമാണ് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം' എന്നു പറഞ്ഞ് നിയമസഭാ സീറ്റുറപ്പിച്ചു രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നേമം ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമെന്നും താന്‍ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് നേമത്ത് നിന്നാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രമുഖ നേതാക്കളും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിലാണ് നേമത്തെ സ്ഥാനാര്‍ത്ഥിത്വം രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്. മുന്‍കൂട്ടി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്ന പതിവ് ബിജെപിയില്‍ ഇല്ലെങ്കിലും ഇക്കുറി ബിജെപിയില്‍ മുന്നൊരുക്കങ്ങള്‍ നേരത്തെയാണ്. അതുകൊണ്ടാണ് നേമത്ത് താന്‍ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചതും.
സംസ്ഥാനത്ത് നിയമസഭയില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് നേമത്ത് നിന്നായിരുന്നു. 2016ലാണ് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ നേമത്ത് നിന്ന് മത്സരിച്ച് വിജയിച്ചത്. എന്നാല്‍ 2021ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം സീറ്റ് തിരിച്ചുപിടിച്ചു. കുമ്മനം രാജശേഖരനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത്. സിഎല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി ശിവന്‍കുട്ടിയാണ് 2021ല്‍ നേമം നിയമസഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ 38.24% വോട്ടുകള്‍ക്കാണ് തോറ്റത്.
ഈ മണ്ഡലം തിരിച്ചു പിടിക്കുക എന്ന ചുമതലയാണ് രാജീവ് ഏറ്റെടുക്കുന്നത്. ഇതോടൊപ്പം തന്നെ മുതിര്‍ന്ന നേതാക്കളെ എവിടെയാണ് മത്സരിപ്പിക്കേണ്ടതെന്ന ധാരണയും ഉരുത്തിരിഞ്ഞിട്ടുണ്ട്.നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ക്കു മത്സരിക്കാനുള്ള സീറ്റുകള്‍ കൂടി ലക്ഷ്യമിട്ടായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനച്ചുമതല നേതാക്കള്‍ക്ക് ബിജെപി വീതിച്ചു നല്‍കിയിരുന്നത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് തിരുവനന്തപുരം കോര്‍പറേഷനിലെ പ്രവര്‍ത്തനത്തിന്റെ ചുമതല മുഴുവന്‍. കോര്‍പറേഷനില്‍ ബിജെപി വലിയ പ്രതീക്ഷയിലാണ് മത്സരിക്കുന്നതും. കഴക്കൂട്ടത്ത് വി മുരളീധരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പാണ്. ഇവിടെ കുറച്ചുകാലമായി തന്നെ അദ്ദേഹം പ്രവര്‍ത്തിച്ചു വരികയാണ്.
കുമ്മനം രാജശേഖരനു ചെങ്ങന്നൂര്‍, മാവേലിക്കര നഗരസഭകളുടെ ചുമതലയാണ് നല്‍കിയിരുന്നത്. ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലമാണു പരിഗണനയില്‍. കാട്ടാക്കടയില്‍ മത്സരിക്കാന്‍ സാധ്യതയുള്ള പി.കെ.കൃഷ്ണദാസിനു കാട്ടാക്കട നിയമസഭാ മണ്ഡലവും പന്തളം നഗരസഭയുമാണു തദ്ദേശ ചുമതലയാണ് വഹിക്കുന്നത്. തൃശൂര്‍ കോര്‍പറേഷന്റെ ചുമതല കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കാണ്. കോര്‍പറേഷനിലെ 10 വാര്‍ഡുകളുടെ ചുമതല പത്മജ വേണുഗോപാലിനു നല്‍കിയിട്ടുണ്ട്. തൃശൂര്‍ സീറ്റില്‍ പത്മജ മത്സരിക്കാനാണു സാധ്യത. ശോഭ സുരേന്ദ്രന്‍ കായംകുളം സീറ്റില്‍ മത്സരിക്കാനും സാധ്യതയുണ്ട്.
കണ്ണൂരില്‍ മത്സരിക്കാന്‍ സാധ്യതയുള്ളത് എ.പി.അബ്ദുല്ലക്കുട്ടിക്കാണ്. പി.സി.ജോര്‍ജിനു പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയാണ്. പി.സി.ജോര്‍ജ് ഈ സീറ്റുകളിലൊന്നില്‍ മത്സരിച്ചേക്കും. പാലായില്‍ മത്സരിക്കാന്‍ സാധ്യതയുള്ള ഷോണ്‍ ജോര്‍ജിനു നഗരസഭയുടെയും മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയാണ് വഹിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ആഞ്ഞുവീശിയപ്പോള്‍ 111 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയിരുന്നു. 18 മണ്ഡലങ്ങളില്‍ മാത്രമേ എല്‍ഡിഎഫിന് മേല്‍ക്കൈ നേടാനായിട്ടുള്ളൂ. അതേ സമയം കേരളത്തില്‍ ആദ്യമായി ലോക്സഭാ സീറ്റ് പിടിച്ചെടുത്ത ബിജെപി 11 നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാമതെത്തിയത്.
11 നിയമസഭാ സീറ്റുകളില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയതിന് പുറമെ തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നീ എട്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തും എത്താനായി. ബിജെപി ഒന്നാമതെത്തിയ 11 മണ്ഡലങ്ങളും എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതില്‍ മന്ത്രിമാരായ കെ.രാജന്റെ ഒല്ലൂര്‍, വി.ശിവന്‍കുട്ടിയുടെ നേമം, ആര്‍.ബിന്ദുവിന്റെ ഇരിഞ്ഞാലക്കുടയും ഉള്‍പ്പെടുന്നുവെന്നത് ഇടതുപക്ഷത്തിനെ ഞെട്ടിച്ചിരുന്നു.
