'സ്ഥാനാര്‍ത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകം'; സ്‌നേഹിച്ച് അപമാനിക്കരുതെന്ന് മാധ്യമങ്ങളോട് ശോഭ സുരേന്ദ്രന്‍; കൃഷ്ണകുമാറിന്റെ പ്രചാരണത്തിനായി പാലക്കാട്ടെ ബിജെപി കണ്‍വന്‍ഷനില്‍

സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല

Update: 2024-10-28 12:20 GMT

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ പ്രചരണ കണ്‍വന്‍ഷനിലെത്തി മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല താനെന്ന് അവര്‍ പറഞ്ഞു. മത്സരിക്കുന്നില്ല എന്ന് പറഞ്ഞ ആളാണ് താന്‍. തന്നെ സ്ഥാനാര്‍ത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകമാണ്. തന്നെ സ്‌നേഹിച്ചു സ്‌നേഹിച്ച് അപമാനിക്കരുതെന്നും മാധ്യമങ്ങളോട് ശോഭ ആവശ്യപ്പെട്ടു.

പത്തുപേര് തികച്ച് ബിജെപിയ്ക്ക് ഇല്ലാതിരുന്ന കാലത്ത് ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതാണ് . ഈ പാര്‍ട്ടിയ്ക്ക് കേരളത്തില്‍ ഒരു മുഖ്യമന്ത്രിയുണ്ടാകുന്ന കാലംവരെ പ്രവര്‍ത്തിക്കാന്‍ ആരോഗ്യം തരണേ എന്നാണ് പ്രാര്‍ത്ഥനയെന്നും അവര്‍ പറഞ്ഞു


ബി.ജെ.പി. സ്ഥാനാര്‍ഥിയെ പിന്തുണച്ച് ശോഭാ സുരേന്ദ്രന്‍ ഒരു വാക്കുപോലും പറയുകയോ പാലക്കാട്ടേക്ക് വരികയോ ചെയ്തിട്ടില്ലെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. യു.ഡി.എഫ്. സ്ഥാനാര്‍ഥി തന്നെ അത്രകണ്ട് സ്നേഹിക്കേണ്ടെന്നായിരുന്നു ശോഭയുടെ മറുപടി. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി തലപൊട്ടിക്കിടക്കുന്ന മഹിളാ കോണ്‍ഗ്രസിന്റെ ചേച്ചിമാരുടെ കാര്യം നോക്കിയാല്‍ മതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'എനിക്ക് യാതൊരു പരിഭവവുമില്ല. സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി ഓടിനടക്കുന്ന ആളല്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാനില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനോടും അറിയിച്ചിരുന്നു. സര്‍ജറി കഴിഞ്ഞ് 28-ാം ദിവസമാണ് ആലപ്പുഴയിലേക്ക് സ്ഥാനാര്‍ഥിയായി പോയത്. സ്ഥാനമോഹിയായി എന്നെ ചിത്രീകരിക്കുന്നത് വ്യക്തിപരമായി ദുഃഖരമായ കാര്യമാണ്', അവര്‍ പറഞ്ഞു.

'എല്‍.ഡി.എഫും യു.ഡി.എഫും തുറന്ന വ്യാജമതേതരത്വത്തിന്റെ കട ഞങ്ങള്‍ പൂട്ടിക്കും. ഭാവാത്മക മതേതരത്വത്തിന്റെ കട ഞങ്ങള്‍ തുറക്കും. സ്നേഹിച്ച് സ്നേഹിച്ച് അപമാനിക്കരുത്. എം.എല്‍.എയും എംപിയുമാവുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം എന്ന് കരുതി നടക്കുന്ന ആളല്ല. പത്തുപേര്‍ ഇല്ലാത്ത കാലത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ട് കേരളത്തില്‍ എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയെ സൃഷ്ടിക്കുന്നതുവരെ ആരോഗ്യം നിലനില്‍ക്കണേയെന്നാണ് പ്രാര്‍ഥന', ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. ശോഭാ സുരേന്ദ്രനായി പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ അടക്കം ഫ്ളെക്സുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ സി കൃഷ്ണകുമാറിനെ മത്സരത്തിനിറക്കുകയായിരുന്നു. ഇതോടെ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്റെ അഭാവം ചര്‍ച്ചയായി.

അതിനിടെ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിന് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ബിജെപിക്ക് അകത്ത് ഒരു തരത്തിലുള്ള ഭിന്നതകളുമില്ല. ഓരോ ഘട്ടത്തിലും ഏതൊക്കെ നേതാക്കള്‍ എത്തണമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.

Tags:    

Similar News