മൂവ് ഔട്ട്, മൂവ് ഔട്ട്...., ആംബുലന്‍സ് യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ സുരേഷ് ഗോപി; അന്വേഷണത്തെപ്പറ്റി ചോദിച്ചപ്പോള്‍ സിബിഐയെ വിളിക്കാം എന്ന് പരിഹാസവും
കൊച്ചി: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പൂരനഗരിയില്‍ ആംബുലന്‍സില്‍ എത്തിയതിനെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെ സുരേഷ് ഗോപി. മാധ്യമങ്ങളോട് തന്റെ വഴിയില്‍ നിന്ന് മാറാനും സുരേഷ് ഗോപി ആക്രോശിച്ചു. ഇന്നലത്തെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മൂവ് ഔട്ട്, മൂവ് ഔട്ട് എന്ന് മാത്രമാണ് പറഞ്ഞത്. അന്വേഷണത്തെപ്പറ്റി ചോദിച്ചപ്പോള്‍ സിബിഐയെ വിളിക്കാം എന്നായിരുന്നു പരിഹാസരൂപേണയുള്ള സുരേഷ് ഗോപിയുടെ മറുപടി. സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരനഗരിയിലെത്തിയതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചിരുന്നു. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടത്.
പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് അന്ന് താന്‍ പോയതെന്നും സ്ഥലത്ത് കാറിലാണ് എത്തിയതെന്നുമായിരുന്നു സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്. പൂരനഗരിയില്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചേലക്കരയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
'പൂരം കലക്കലില്‍ സിബിഐ അന്വേഷണം വേണം. പൂരം കലക്കല്‍ സിപിഎമ്മിന് ബൂമറാംഗ് ആകും. പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയിട്ടില്ല. സ്ഥലത്ത് എത്തിയത് ബിജെപി ജില്ലാ അദ്ധ്യക്ഷന്റെ കാറിലാണ്. പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് പോയത്. പൂരം കലക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ തെളിയില്ല. കെ സുരേന്ദ്രന്‍ പറയുന്നതുപോലെ താന്‍ പൂരപ്പറമ്പില്‍ എത്തിയത് ആംബുലന്‍സിലല്ല', - എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
എന്നാല്‍ ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ സുരേഷ് ഗോപിയുടെ വാദം തള്ളിയിരുന്നു. സുരേഷ് ഗോപി സ്വരാജ് റൗണ്ടില്‍ സഞ്ചരിച്ചത് ആംബുലന്‍സില്‍ തന്നെയാണെന്നും റൗണ്ട് വരെ വന്നത് തന്റെ കാറിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല സുരേഷ് ഗോപി പൂരനഗരിയില്‍ ആംബുലന്‍സിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.