'ചുണയുണ്ടെങ്കില്‍ തെളിവ് ഹാജറാക്ക്' എന്ന കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുത്തു വി ഡി സതീശന്‍; തെളിവുകള്‍ കോടതിയില്‍ ഹാജറാക്കുമെന്ന് പ്രതിപക്ഷ നേതാവ്; രണ്ട് കോടി രൂപയുടെ മാനനഷ്ടം ഉണ്ടായി എന്നു പറഞ്ഞാണ് നോട്ടീസ് അയച്ചത്; കേസു കൊടുത്തപ്പോള്‍ രണ്ടുകോടി രൂപയുടെ മാനം 10 ലക്ഷമായി എങ്ങനെ കുറഞ്ഞെന്നും സതീശന്റെ ചോദ്യം
'ചുണയുണ്ടെങ്കില്‍ തെളിവ് ഹാജറാക്ക്' എന്ന കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുത്തു വി ഡി സതീശന്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അയാള്‍ വെല്ലുവിളിക്കുന്നതെന്തിനാണ്. എനിക്കെതിരായ കേസില്‍ ഞാന്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമല്ലോ. അതിന് വെല്ലുവിളിക്കുന്നത് എന്തിനാണെന്ന് വിഡി സതീശന്‍ ചോദിച്ചു.
തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും. അതുകൊണ്ടാണ് നോട്ടീസിന് മറുപടി കൊടുത്തത്. അദ്ദേഹം രണ്ടുകോടി രൂപയുടെ മാനനഷ്ടം ഉണ്ടായി എന്നു പറഞ്ഞാണ് നോട്ടീസ് അയച്ചത്. കേസു കൊടുത്തപ്പോള്‍ രണ്ടുകോടി രൂപയുടെ മാനം 10 ലക്ഷമായി എങ്ങനെ കുറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
കോടതിയില്‍ കേസ് നടക്കുമ്പോള്‍ അപ്പോഴല്ലേ തെളിവ് നല്‍കേണ്ടത്. അതു തുടങ്ങിയിട്ടില്ലല്ലോ. തെളിവു ഹാജരാക്കിക്കൊള്ളാമെന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. കടകംപള്ളിക്കെതിരെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണ്. ദ്വാരപാലകശില്‍പം ആര്‍ക്കാണ് കൊടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. അന്നത്തെ ദേവസ്വം മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അന്നത്തെ ആളുകള്‍ക്കെല്ലാം അറിയാമായിരുന്നു എന്ന് കോടതിയാണ് പറഞ്ഞത്. എന്തായാലും ദ്വാരപാലക ശില്‍പ്പം വാങ്ങിച്ചത് ഒരു കോടീശ്വരനായിരിക്കുമല്ലോ?. പാവപ്പെട്ട ആര്‍ക്കും അതു വാങ്ങാന്‍ കഴിയില്ലല്ലോ. ഇങ്ങനെയൊരു കച്ചവടം നടത്തി, എന്നിട്ട് വ്യാജ ദ്വാരപാലക ശില്‍പ്പം ഉണ്ടാക്കിയാണ് ചെന്നൈയ്ക്ക് കൊടുത്തു വിട്ടത്. അന്നത്തെ കാലത്തെ ദേവസ്വം മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രന്‍. അവിടെ നടന്നത് അദ്ദേഹം അറിയേണ്ടേയെന്നും വിഡി സതീശന്‍ ചോദിച്ചു.
ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്ന് പറയുന്നത് രാഷ്ട്രീയ നിയമനമാണ്. പത്മകുമാര്‍ സിപിഎമ്മിന്റെ മുന്‍ എംഎല്‍എ ആയിരുന്നയാളാണ്. സിപിഎം നിയമിച്ച ആളുകള്‍ അവിടെ ചെയ്യുന്നത് മന്ത്രി അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അവിടേക്ക് പറഞ്ഞുവിട്ടതും അദ്ദേഹമാണ്. അതിന്റെ തെളിവുകളൊക്കെ കോടതിയില്‍ ഹാജരാക്കിക്കോളാമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
നേത്തെ ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ചാണ് കടകംപളളി രംഗത്തുവന്നത്. ചുണയുണ്ടെങ്കില്‍ കയ്യില്‍ ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാനാണ് കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി. എല്ലാം കോടതിയും ജനങ്ങളും കാണട്ടെ എന്നും കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പ്രതിപക്ഷ നേതാവിനെതിരെ കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. പിന്നാലെയാണ് കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
'നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണ് നിങ്ങള്‍ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവര്‍ത്തിക്കാന്‍ ഉള്ളതാണ്. താന്‍ എന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങള്‍ ആയില്ലേ. ചുണയുണ്ടെങ്കില്‍ താന്‍ തന്റെ കൈയില്‍ ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ നാളെ കോടതിയില്‍ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ,' വി.ഡി. സതീശനെ കടകംപള്ളി സുരേന്ദ്രന്‍ വെല്ലുവിളിച്ചു.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വിഡി സതീശനെതിരെ ഞാന്‍ ഫയല്‍ ചെയ്തിരിക്കുന്ന മാനനഷ്ട ഹര്‍ജിയുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത നല്‍കുന്നത് ഇന്നലെ മനോരമ ന്യൂസ് ആണ്. അത് തെറ്റാണ് എന്നും കോടതിയില്‍ എന്താണ് നടന്നത് എന്നുമുള്ള എന്റെ വക്കീലിന്റെ പ്രസ്താവന ഞാന്‍ ഫേസ്ബുക്കില്‍ പങ്ക് വെക്കുകയും മീഡിയ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
അതിന് ശേഷം നടന്നിരിക്കുന്ന തോന്നിവാസം ആണ് നിങ്ങള്‍ കമന്റില്‍ കാണുന്നത്. ഇത് എന്തൊരു തരം മാധ്യമ പ്രവര്‍ത്തനം ആണ്? എല്ലാ മീഡിയയിലും ഒരേ ടെംപ്ലേറ്റില്‍ ഒരു വ്യാജ വാര്‍ത്ത വരുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം അതിന്റെ സോഴ്‌സ് ഒന്നായിരിക്കും എന്ന്. ആ സോഴ്‌സ് ആരായിരിക്കും എന്നും നമുക്ക് ഊഹിക്കാമല്ലോ.
ഇനി സതീശനോടാണ്. സതീശാ, നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരന്‍ ആണ് നിങ്ങള്‍ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവര്‍ത്തിക്കാന്‍ ഉള്ളതാണ്. താന്‍ എന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങള്‍ ആയില്ലേ. ചുണയുണ്ടെങ്കില്‍ താന്‍ തന്റെ കൈയില്‍ ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ നാളെ കോടതിയില്‍ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ..
അതേസമയം സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത അടിസ്ഥാനരഹിതവും കോടതിയെ അവഹേളിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. എല്‍ഡിഎഫ് നേതാവിന്റെ അഡ്വക്കേറ്റ് എഴുതിയ കുറിപ്പ് പങ്കുവച്ചായിരുന്നു പോസ്റ്റ്.
