ഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ല; പരാമര്‍ശം ഖേദകരം; ഗണേഷ് കുമാര്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വി ഡി സതീശന്‍

ഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ല; പരാമര്‍ശം ഖേദകരം; ഗണേഷ് കുമാര്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വി ഡി സതീശന്‍

Update: 2026-01-23 08:16 GMT

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ലെന്നും കുടുംബ കാര്യങ്ങള്‍ കൂടുതല്‍ പറയുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടെയുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ ചിത്രത്തെക്കുറിച്ചും വി ഡി സതീശന്‍ പ്രതികരിച്ചു. ആര്‍ക്കും ആരുടെയും കൂടെ ഫോട്ടോ എടുക്കാലോയെന്ന് വി ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിക്കൊപ്പം എത്രയോ പേര്‍ ഫോട്ടോ എടുക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.

'ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ? കടകംപള്ളി സുരേന്ദ്രന്‍ ആ സമയത്ത് മന്ത്രി ആയിരുന്നയാളാണ്. കേരളത്തില്‍ ടൂറിസം വകുപ്പിന്റെ പ്രചാരണത്തിന് കൊണ്ടുവന്ന വ്ലോഗര്‍ പിന്നീട് ചാരയാണെന്ന് തെളിഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഹമ്മദ് റിയാസിനെ അന്ന് ഞാന്‍ ആക്രമിച്ചിട്ടില്ല', വി ഡി സതീശന്‍ പറഞ്ഞു.

സോണിയാ ഗാന്ധിയ്ക്കെതിരായ പരാമര്‍ശങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. സോണിയാ ഗാന്ധിയെ അപ്പോയിന്‍മെന്റ് എടുത്താല്‍ ആര്‍ക്കും കാണാമെന്നും അദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ സ്വര്‍ണക്കൊള്ള അറിഞ്ഞില്ലെന്ന് പറയരുതെന്നും മന്ത്രി ആകുമ്പോള്‍ അറിയണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്ന് കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്റെ പിതാവിനെ ഗണേഷ് കുമാര്‍ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ആരോപണത്തിലായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി.

Tags:    

Similar News