ഓപ്പണറാകാന്‍ മെഗാ ലേലത്തില്‍ ജോസ് ബട്ലറെ ഒഴിവാക്കി; വൈഭവ് സൂര്യവംശി തിളങ്ങിയതോടെ 'നായകന്‍' പുറത്ത്; സഞ്ജു രാജസ്ഥാന്‍ വിടുന്നത് ബാറ്റിങ് പൊസിഷനിലെ പ്രശ്‌നങ്ങളാലെന്ന് ആകാശ് ചോപ്ര; ചെന്നൈയേക്കാള്‍ നല്ലത് കൊല്‍ക്കത്ത; കാരണം പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

സഞ്ജു രാജസ്ഥാന്‍ വിടുന്നത് ബാറ്റിങ് പൊസിഷനിലെ പ്രശ്‌നങ്ങളാലെന്ന് ആകാശ് ചോപ്ര

Update: 2025-08-08 12:40 GMT

ജയ്പൂര്‍: ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മലയാളി താരത്തിന്റെ തീരുമാനത്തിന് പിന്നിലെ കാരണം ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ടീമിലെ ബാറ്റിങ് പൊസിഷനിലെ പ്രശ്‌നങ്ങളാണ് സഞ്ജു ടീം വിടാന്‍ കാരണമെന്നാണ് ചോപ്ര പറയുന്നത്. രാജസ്ഥാനില്‍ നിന്നും സഞ്ജു ചെന്നൈയിലേക്ക് മാറുന്നതിന് പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് എത്തണമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

ടീമില്‍ ക്യാപ്റ്റനായിരുന്നിട്ട് പോലും സ്വന്തം ബാറ്റിങ് പൊസിഷന്‍ തീരുമാനിക്കാന്‍ സാധിക്കാത്തതാണ് സഞ്ജു ടീം വിടാനുള്ള കാരണങ്ങളിലൊന്ന്. ഓപ്പണറായി ഇറങ്ങാനാണ് സഞ്ജുവിന് താല്‍പര്യം. ട്വന്റി20 ദേശിയ ടീമിലും സഞ്ജു ഓപ്പണിങ് ബാറ്റ്‌സ്മാനാണ്. അവസാന സീസണില്‍ യശസ്വി ജയ്‌സ്വാള്‍ വൈഭവ് സൂര്യവംശി കൂട്ടുകെട്ട് രാജസ്ഥാന്റെ ഓപ്പണിങില്‍ തിളങ്ങിയിരുന്നു. ഇതോടെ സഞ്ജുവിന് സ്ഥാനം നഷ്ടമായത് മാനേജ്‌മെന്റുമായുള്ള തര്‍ക്കത്തിന് കാരണമായി. മെഗാലേലത്തിന് മുന്നോടിയായി ആരെയൊക്കെ നിലനിര്‍ത്തണമെന്നും ഒഴിവാക്കണമെന്നുമുള്ള തീരുമാനത്തില്‍ സഞ്ജുവിന്റെ ഇടപെടലുണ്ടായെന്നും സഞ്ജു കാരണമാണ് ബട്ട്‌ലര്‍ രാജസ്ഥാന്‍ വിട്ടതെന്നും ചോപ്ര നിരീക്ഷിക്കുന്നു

'എന്താണ് സഞ്ജു ടീം വിടാന്‍ കാരണം. കഴിഞ്ഞ മെഗാ ലേലത്തില്‍ അവര്‍ ജോസ് ബട്ലറെ ഒഴിവാക്കി. യശസ്വി വന്നു, സഞ്ജുവിന് ഓപ്പണിങ് ഇറങ്ങണം. ഇതാണ് ബട്ലര്‍ പോകാന്‍ കാരണം എന്നാണ് എനിക്ക് തോനുന്നത്', എന്നാണ് ആകാശ് ചോപ്ര പറയുന്നത്.

'മെഗാ ലേലത്തിന് മുന്നോടിയായി ആരെയൊക്കെ നിലനിര്‍ത്തണം ഒഴിവാക്കണം എന്നതില്‍ സഞ്ജുവിന്റെ ഇടപെടലുണ്ടായിട്ടുണ്ട് എന്നാണ് തോന്നുന്നത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി. വൈഭവ് സൂര്യവംശി വന്നു. രണ്ട് ഓപ്പണര്‍മാര്‍ നേരത്തെ തന്നെ ടീമിലുണ്ട്. ധ്രുവ് ജുറൈലിനെയും മുന്‍നിരയില്‍ ഇറക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതാണ് സഞ്ജു ടീം വിടാന്‍ കാരണം. ഞാനിങ്ങനെ ചിന്തിച്ചാല്‍ ഇതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം സാധ്യതകള്‍ മാത്രമാണ്. എനിക്കറിയില്ല എന്താണ് രാജസ്ഥാന്റെ മനസിലെന്ന്', ചോപ്ര പറഞ്ഞു.

മലയാളി താരത്തെ സ്വന്തമാക്കാന്‍ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ വിട്ടാല്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കളിക്കാരെ കൈമാറ്റം ചെയ്യുന്നതിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈ ശ്രമിക്കുന്നതെന്നും സഞ്ജുവിന് പകരം ചെന്നൈയുടെ രണ്ട് താരങ്ങളെ കൈമാറണമെന്ന് രാജസ്ഥാന്‍ ആവശ്യപ്പെട്ടെന്നും സൂചനകളുണ്ട്. ഇതിനിടെയാണ് സഞ്ജുവിനെ സ്വന്തമാക്കാനായി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനായി കൊല്‍ക്കത്ത കഴിഞ്ഞ സീസണില്‍ 23.75 കോടി മുടക്കി സ്വന്തമാക്കിയ വെങ്കടേഷ് അയ്യരെ അടുത്ത സീസണ് മുമ്പ് ടീം കൈവിടാന്‍ സാധ്യതയുണ്ടെന്ന് മുന്‍ താരം ആകാശ് ചോപ്ര പറഞ്ഞു. നിലവില്‍ ഐപിഎല്ലില്‍ ഇന്ത്യന്‍ കീപ്പറില്ലാത്ത ഒരേയൊരു ടീം കൊല്‍ക്കത്തയാണ്. അതുപോലെ സഞ്ജുവിനെ ടീമിലെത്തിച്ചാല്‍ ക്യാപ്റ്റനാക്കാനുമാവും. കഴിഞ്ഞ സീസണില്‍ അജിങ്ക്യാ രഹാനെക്ക് കീഴില്‍ കൊല്‍ക്കത്ത ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും സഞ്ജുവിനെ ടീമിലെത്തിച്ച് ക്യാപ്റ്റനാക്കുന്നത് ടീമിന് എന്തുകൊണ്ടും ഗുണകരമാകുമെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ സീസണില്‍ 18 കോടി രൂപക്കാണ് രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനെ നിലനിര്‍ത്തിയത്.പരിക്കുമൂലം അഞ്ച് മത്സരങ്ങള്‍ നഷ്ടമായ സഞ്ജുവിന് പകരം റിയാന്‍ പരാഗാണ് കൂടുതല്‍ മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പരിക്കുമൂലം പുറത്തിരുന്ന സഞ്ജുവിന് പകരമെത്തിയ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷി യശസ്വി ജയ്‌സ്വാളിനൊപ്പം മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കുകയും ധ്രുവ് ജുറെലിനെ അടുത്ത വിക്കറ്റ് കീപ്പറായി ടീം വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് സഞ്ജു കൂടുമാറ്റത്തിന് തയാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News