കഴിഞ്ഞ 10 വര്‍ഷത്തിനിടെ ധോണിയുമായി സംസാരിച്ചിട്ടില്ല; എനിക്ക് ധോണിയുമായി പ്രശ്നമില്ല; അവന് എന്തെങ്കിലും ഉണ്ടോ എന്ന് എനിക്ക് അറിയില്ല; അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ അത് പറയുമായിരുന്നു; ധോണിയെ കുറിച്ച് വെളിപ്പെടുത്തലുമായി ഹര്ഭജന് സിങ്
ചണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുമായി താന്‍ സംസാരിക്കാറില്ലെന്ന് ഹര്ഭജന് സിംഗ്. തനിക്ക് ധോണിയുമായി പ്രശ്നമൊന്നുമില്ലെന്നും എന്നാല്‍ ധോണിക്ക് എന്തെിങ്കിലും പ്രശ്നം ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും ഹര്ഭജന് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഹര്ഭജന് സിങ് ഇക്കാര്യം പറഞ്ഞത്.
ചെന്നൈ സൂപ്പര്‍ കിങ്സില്‍ ഒരുമിച്ച് കളിക്കുമ്പോഴാണ് അവസാനമായി ധോണിയോട് സംസാരിച്ചത്. അതും ഗ്രൗണ്ടില്‍ വച്ച് മാത്രം. അല്ലാതെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഞങ്ങള്‍ ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. അങ്ങനെ മിണ്ടാതിരിക്കാന്‍ ഞങ്ങള്‍ തമ്മില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല. ഇനി ധോണിക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അതിനെക്കുറിച്ച് എനിക്കറിയില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ എപ്പോഴെങ്കിലും അത് പറയുമായിരുന്നു.
ധോണിയുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. ഇനി അവന് എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്നോട് നേരിട്ട് പറയാം. ഇക്കാലത്തിനിടെ ഞാനൊരിക്കലും അവനെ ഫോണില്‍ പോലും വിളിച്ചിട്ടില്ല. കാരണം വിളിച്ചാല്‍ ഫോണെടുക്കുന്നവരെ ഞാന്‍ ഫോണ്‍ വിളിക്കാറുള്ളു. അല്ലാതെ വെറുതെ കളയാന്‍ എന്റെ കൈയില്‍ സമയമില്ല. സുഹൃത്തുക്കളുമായി എപ്പോഴും ഞാന്‍ ബന്ധം നിലനിര്‍ത്താറുണ്ട്. കാരണം, ഞാന്‍ നിങ്ങള്‍ക്ക് ബഹുമാനം തരുമ്പോള്‍ നിങ്ങള്‍ തിരിച്ചും നല്‍കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ നിങ്ങള്‍ പ്രതികരിക്കുകയെങ്കിലും വേണം. ഞാന്‍ നിങ്ങളെ ഒന്നോ രണ്ടോ തവണ വിളിച്ചിട്ടും നിങ്ങള്‍ തിരിച്ച് പ്രതികരിക്കുന്നില്ലെങ്കില്‍ പിന്നെ ഞാനെന്തിനാണ് ഞാന്‍ വിളിക്കുന്നത്. എന്നെ ആവശ്യമുള്ളവരെ മാത്രം ഞാന്‍ ബന്ധപ്പെട്ടാല്‍ മതിയല്ലോയെന്നും ഹര്ഭജന് പറഞ്ഞു.
ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും ധോണിക്കൊപ്പം കളിച്ച താരമാണ് ഹര്ഭജന്. പിന്നീട് 2015 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലും ഇരുവരും ഒരുമിച്ച് കളിച്ചു. 2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തിലായിരുന്നു ഇരുവരും അവസാനമായി ഇന്ത്യക്കായി ഒരുമിച്ച് കളിച്ചത്. 2015നുശേഷം ഹര്ഭജന് ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല.