വിഘ്‌നേഷിനെ പിന്‍വലിക്കാനുള്ള ഹാര്‍ദിക്കിന്റെ തീരുമാനം ഞങ്ങള്‍ക്ക് എളുപ്പമാക്കി; ഈ തീരുമാനം കൊണ്ട് മാത്രം ഞങ്ങള്‍ക്ക് 20-25 റണ്‍സ് അധികം നേടി; വിരാട് കോഹ്‌ലി

Update: 2025-04-08 09:41 GMT

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ആര്‍സിബി മത്സരത്തില്‍ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിന് ഒരേയൊരു ഓവര്‍ മാത്രം നല്‍കിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കം പാളിയെന്ന് സൂപ്പര്‍ താരം വിരാട് കോഹ്ലി. മത്സരത്തില്‍ ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ച ഇന്നിങ്‌സിനുശേഷം സംസാരിക്കുമ്പോഴാണ് വിഘ്‌നേഷ് പുത്തൂരിനെ പിന്‍വലിച്ച പാണ്ഡ്യയുടെ തീരുമാനം ബെംഗളൂരുവിന് അനുകൂലമായതായി കോഹ്ലി പറഞ്ഞത്.

'മത്സരത്തിനിടെ മുംബൈയുടെ ഒരു സ്പിന്നറായ വിഘ്‌നേശിനെ അവര്‍ പിന്‍വലിച്ചിരുന്നു. ഈ നീക്കം കൊണ്ടു മാത്രം ഞങ്ങള്‍ക്ക് 20-25 റണ്‍സ് അധികം ലഭിച്ചിട്ടുണ്ട്. ചെറിയ ബൗണ്ടറികളുള്ള ഇവിടെ പേസ് ബോളര്‍മാരെ കൈകാര്യം ചെയ്യാന്‍ എളുപ്പമായി', കോഹ്ലി പറഞ്ഞു.

വിരാട് കോഹ്ലി -ദേവ്ദത്ത് പടിക്കല്‍ സഖ്യം നിലയുറപ്പിച്ച് കളിക്കുന്നതിനിടെ, ഒമ്പതാം ഓവറാണ് വിഘ്‌നേഷിന് എറിയാന്‍ ലഭിച്ചത്. ഈ ഓവറിലെ അവസാന പന്തില്‍ ദേവ്ദത്തിനെ പുറത്താക്കി പാര്‍ട്നര്‍ഷിപ് തകര്‍ത്തിട്ടും പിന്നീടൊരവസരം താരത്തിന് നല്‍കാന്‍ ഹാര്‍ദിക് തയാറായില്ല. വിഘ്‌നേഷിന്റെ ഓവറിലെ ആദ്യ പന്തില്‍ ദേവ്ദത്ത് സിംഗ്‌ളെടുത്തു. പിന്നാലെ കോഹ്ലിയും. മൂന്നാം പന്തില്‍ ദേവ്ദത്ത് വീണ്ടും ട്രൈക് കൈമാറി. നാലാം പന്ത് സിക്സറിന് പറത്തിയാണ് കോഹ്ലി അര്‍ധ ശതകം തികച്ചത്. വീണ്ടും സിംഗ്ള്‍. ആറാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ദേവ്ദത്തിന് പിഴച്ചു.

വില്‍ ജാക്‌സിന് ക്യാച്ച്. പിന്നീട് വിഘ്‌നേഷിന് അവസരം ലഭിച്ചില്ല. ഒരു ഓവറില്‍ 10 റണ്‍സ് വഴങ്ങിയാണ് താരം നാലാം മത്സരത്തിലും വിക്കറ്റ് വീഴ്ത്തിയത്. മുംബൈ ഇന്നിങ്‌സിലേക്ക് 91 റണ്‍സ് ചേര്‍ത്ത കൂട്ടുകെട്ടാണ് വിഘ്‌നേഷ് പൊളിച്ചത്. പിന്നീട് ഓവറൊന്നും ലഭിക്കാതിരുനെന വിഘ്‌നേഷിനെ 15ാം ഓവറില്‍ ഇമ്പാക്ട് സബ്ബായി തിരിച്ചെടുക്കുകയായിരുന്നു.

Tags:    

Similar News