തിരുവനന്തപുരം: വിവാദങ്ങളുടെ തോഴന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ വക കടുത്ത ശാസന. 5000 പ്രണയിനികളുണ്ടെന്നും പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണെന്നുമുള്ള ഗണേഷിന്റെ പ്രസ്താവനകള്‍ അതിരുകടന്നുവെന്ന് മുഖ്യമന്ത്രി നേരിട്ട് ഗണേഷിനോട് പറഞ്ഞു. ഭാര്യ ബിന്ദു മേനോന്‍ പരാതിയില്ലെന്ന് നിലപാടെടുത്തതുകൊണ്ട് മാത്രമാണ് തല്‍ക്കാലം വെറുതെ വിടുന്നതെന്നും മേലില്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി താക്കീത് നല്‍കി. മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ഭാര്യയെ അനുനയിപ്പിച്ച് പരാതി പിന്‍വലിപ്പിക്കാന്‍ ഗണേഷിന് കഴിഞ്ഞെങ്കിലും തൂങ്ങിക്കിടക്കുന്ന വാള്‍ പോലെ ചില തെളിവുകള്‍ ഇപ്പോഴും പുറത്തുണ്ട്. ഗണേഷിനെതിരെ ബിന്ദു മേനോന്റെ പക്കലുള്ള ആ നിര്‍ണ്ണായക ഫോട്ടോ പുറത്തുവന്നാല്‍ മന്ത്രിസ്ഥാനം രാജിവെച്ച് പുറത്തുപോകേണ്ടി വരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ഗണേഷിന്റെ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ അന്തസ്സിന് നിരക്കാത്തതെന്ന് മുഖ്യമന്ത്രി വിലയിരുത്തിയിട്ടുണ്ട്. ഗണേഷിന് കുരുക്കാവുന്ന തെളിവുകള്‍ ബിന്ദു മേനോന്റെ പക്കലുണ്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവത്തില്‍ ഉണ്ടായിട്ടുണ്ട്. വാളകത്തെ വീട്ടിലുണ്ടായിരുന്ന സ്ത്രീയെയും കുട്ടിയെയും കേരള പോലീസ് തിരിച്ചറിഞ്ഞു. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടും പോലീസ് ആസ്ഥാനത്ത് കിട്ടിയതായാണ് സൂചന. വാളകത്തെ തറവാട്ടുവീട്ടിലുണ്ടായ സംഭവങ്ങള്‍ കേവലം ഒരു 'കുടുംബ പ്രശ്‌നം' എന്ന നിലയില്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുമ്പോഴും ഗണേഷിനെ ഭയപ്പെടുത്തുന്നത് ബിന്ദു മേനോന്റെ പക്കലുള്ള തെളിവുകളാണ്. മന്ത്രിക്കെതിരെ ഫോട്ടോ അടക്കമുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് ബിന്ദു നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ ചിത്രം പൊതുസമൂഹത്തിന് മുന്നിലെത്തിയാല്‍ മുഖ്യമന്ത്രിക്ക് പോലും ഗണേഷിനെ സംരക്ഷിക്കാന്‍ കഴിയില്ലെന്നതാണ് അവസ്ഥ. പക്ഷേ ആ ഫോട്ടോകളൊന്നും പുറത്തേക്ക് വരില്ലെന്ന ആത്മവിശ്വാസത്തിലാണ് ഗണേഷ്.

വാളകത്തെ വീട്ടില്‍ വിവാദ സമയത്ത് ഉണ്ടായിരുന്ന സ്ത്രീയെയും കുട്ടിയെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ പരാതിക്കാരിയായ ബിന്ദു മേനോന്‍ പിന്‍വാങ്ങിയതോടെ തല്‍ക്കാലം നടപടികളില്‍ നിന്ന് ഗണേഷ് രക്ഷപ്പെടുകയായിരുന്നു. മൂന്നാം കക്ഷികളുടെ പരാതിയില്‍ കേസെടുക്കുകയുമില്ല. മന്ത്രിസ്ഥാനത്തിരുന്ന് ഗണേഷ് നടത്തുന്ന അനാവശ്യ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി. തനിക്ക് 5000 പ്രണയിനികളുണ്ടെന്ന പരാമര്‍ശം പൊതുസമൂഹത്തില്‍ വലിയ പരിഹാസത്തിന് ഇടയാക്കിയിരുന്നു. ഇതിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഗണേഷിനെ മുഖ്യമന്ത്രി ശാസിച്ചത്.

സ്ത്രീപക്ഷ നിലപാടുകള്‍ പറയുന്ന സര്‍ക്കാര്‍ ഗണേഷിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം പ്രതിപക്ഷം വലിയ ആയുധമാക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാന്‍ കാണിക്കുന്ന ആവേശം സ്വന്തം മന്ത്രിയുടെ കാര്യത്തില്‍ സര്‍ക്കാരിനില്ല എന്ന ആക്ഷേപം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ തലവേദനയാകും. പത്തനാപുരത്ത് ഗണേഷ് വീണ്ടും സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ഈ വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രി ശാസിച്ച സാഹചര്യത്തിലാണ് കെബി ഗണേഷ് കുമാര്‍ വിശദമായ പ്രതികരണം ഇന്ന് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം വളരെ വിശദമായി തന്നെ മറുപടി പറഞ്ഞു. ഇതിലാണ് 5000 പ്രണയത്തെ കുറിച്ച് അടക്കം പറഞ്ഞത്.

തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടി മാത്രമാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഇന്നു നടത്തിയത്. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ചോര കുടിക്കാന്‍ ചിലര്‍ കാത്തിരിക്കുകയാണെന്നും ഗണേഷ് കുമാര്‍ തുറന്നടിച്ചു. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സിയുടെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയെന്ന നിലയിലുള്ള തന്റെ വിടവാങ്ങല്‍ പ്രസംഗമായി ഇതിനെ കണക്കാക്കാമെന്ന് പറഞ്ഞ ഗണേഷ്, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ മന്ത്രിക്ക് വിലയില്ലെന്നും കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിലുടനീളം വികാരാധീനനായാണ് അദ്ദേഹം സംസാരിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന പ്രഖ്യാപനം കെ.എസ്.ആര്‍.ടിസിയെ നശിപ്പിക്കാനാണെന്ന് മന്ത്രി ആരോപിച്ചു.

ജീവനക്കാരുടെ ഡിഎ കാര്യത്തില്‍ മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും സംസാരിച്ചിട്ടുണ്ടെന്നും താന്‍ പോയാലും സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു. തന്നോട് സ്‌നേഹത്തോടെ സഹകരിച്ച എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടാണ് ഗണേഷ് കുമാര്‍ പ്രസംഗം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ശാസനയും കുടുംബപ്രശ്‌നങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ് ഗണേഷിന്റെ ഈ പ്രതികരണം.