- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ചെവിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്തിന് സംസാരിച്ചുവെന്ന് മറുപടി നല്‍കണമെന്ന് ചെന്നിത്തല; അങ്ങനെ ഒന്ന് സംഭവിച്ചില്ലെന്ന് റിപ്പോര്‍ട്ടറില്‍ അരുണ്‍കുമാര്‍! അത് പരമ സത്യം സംഭവിച്ചത് മറിച്ചും; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചെവിയില്‍ മന്ത്രിച്ചത് സാക്ഷാല്‍ പിണറായി; ആ ചിത്രങ്ങള്‍ പറയുന്നത് എന്ത്?
തിരുവനന്തപുരം : ശബരിമലയിലെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെയും വിഗ്രഹങ്ങളും പുരാവസ്തുക്കളും കടത്തിയെന്നും പിന്നില്‍ വന്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എത്തുമ്പോള്‍ ഉയരുന്നത് നിരവധി ചോദ്യങ്ങള്‍. മുഖ്യമന്ത്രിയുടേയും സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടേയും ഒരുമിച്ചുള്ള ചിത്രം പുറത്ത് വന്നു. അതില്‍ കാണുന്നത് പോലെയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ചെവിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്തിന് സംസാരിച്ചുവെന്ന് മറുപടി നല്‍കണം. ശബരിമലയുമായും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രി കളവ് പറയുകയാണ്. ശബരിമല വിഷയത്തില്‍ ജയിലില്‍ പോയതെല്ലാം സിപിഎമ്മുകാരാണ്. വിഷയത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. ഇതിന് പിന്നാലെ ലൈവ് കൊടുത്ത റിപ്പോര്‍ട്ട് ടിവി അവതരാകന്‍ അരുണ്‍ കുമാറിന്റ കമന്റ് ചര്‍ച്ചയാകുയാണ്. രമേശ് ചെന്നിത്തല പറയുന്നത് പോലെ മുഖ്യമന്ത്രിയുടെ അടുത്ത് നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി നിന്ന് ചെവിയില്‍ മന്ത്രിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടില്ല. പുറത്തു വന്നിരിക്കുന്നത് ശബരിമലയ്ക്ക് ഗൂര്‍ഖാ ജീപ്പ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലെ ചിത്രങ്ങള്‍ ആണ് പുറത്തു വന്നതെന്നും അരുണ്‍കുമാര്‍ പറയുന്നു. ചെന്നിത്തല പറഞ്ഞത് കളവാണ്. ചെവിയില്‍ സംസാരിച്ചത് പോറ്റിയല്ല. മറിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചെവിയില്‍ മുഖ്യമന്ത്രി എന്തോ മന്ത്രിക്കുകയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ അരുണ്‍കുമാര്‍ പറഞ്ഞതാണ് സത്യം.
എന്നാല്‍ ഈ ജീപ്പ് കൈമാറ്റ ചടങ്ങില്‍ ചിലത് അരുണ്‍കുമാര്‍ മറച്ചു വച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി പോലീസിന് സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഒപ്പിച്ചു നല്‍കിയ ജീപ്പ് കൈമാറ്റ ചടങ്ങായിരുന്നു അത്. അതായത് ഉണ്ണികൃഷ്ണന്‍ പോറ്റി സംഘടിപ്പിച്ച ചടങ്ങ്. ഇതൊന്നും അരുണ്‍ കുമാര്‍ പറഞ്ഞില്ല. രമേശ് ചെന്നിത്തല പറയുന്നത് പോലെ മുഖ്യമന്ത്രിയുടെ അടുത്ത് നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി നിന്ന് ചെവിയില്‍ മന്ത്രിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടില്ലെന്ന് പറഞ്ഞ അരുണ്‍ കുമാര്‍ മുഖ്യമന്ത്രിയുടെ ചെവിയിലെ മന്ത്രിക്കല്‍ മറച്ചു വച്ചു. ഈ സാഹചര്യത്തിലാണ് അരുണ്‍കുമാറിന്റെ ശ്രദ്ധയിലേക്ക് ആ ചിത്രങ്ങള്‍ പുറത്തു വിടുന്നത്. അതിനിടെ എന്തുകൊണ്ടാണ് വാസുവിനെതിരെയും പത്മകുമാറിനെതിരെയും സിപിഎം നടപടി എടുക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു. വാസു പ്രസിഡന്റായപ്പോള്‍ തുടങ്ങിയ കൊള്ളയാണ്. പിന്നില്‍ വന്‍ മാഫിയ ഉണ്ട്. സുരക്ഷാ വലയത്തില്‍ ജീവിക്കുന്ന മുഖ്യമന്ത്രിയുടെ ചെവിയില്‍ എങ്ങനെ പോറ്റി സംസാരിച്ചുവെന്ന് മറുപടി നല്‍കണമെന്നും ചെന്നിത്തല പറയുന്നു.
സോണിയ ഗാന്ധിക്ക് ഒപ്പമുള്ള പോറ്റിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നത് സൂചിപ്പിച്ച ചെന്നിത്തല, സോണിയയുടെ അടുത്തേക്ക് പോറ്റിയെ കൊണ്ടുപോയവര്‍ക്ക് ഉത്തവാദിത്തമുണ്ടെന്നും, സോണിയ ഗാന്ധി പോറ്റി ആണെന്ന് തിരിച്ചറിഞ്ഞു കാണില്ലെന്നും ചൂണ്ടിക്കാട്ടി. ശബരിമല ബാധിച്ചില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം തള്ളിയ ചെന്നിത്തല, ജനങ്ങള്‍ക്ക് ആകും തെറ്റ് പറ്റിയതെന്നും പരിഹസിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്നും കേസ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം നേതാക്കള്‍ ജയിലില്‍ കഴിയുമ്പോഴാണ് കേസില്‍ കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നത്. ഇത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നും ചെന്നിത്തല പരിഹസിച്ചു.
അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘത്തിന് ഈ കൊള്ളയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും അതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ എ. പത്മകുമാറിനും വാസുവിനും എതിരെ പാര്‍ട്ടി നടപടിയെടുക്കാത്തത് ഉന്നതരെ ഭയക്കുന്നത് കൊണ്ടാണെന്നും മുഖ്യമന്ത്രിയും എം.വി ഗോവിന്ദനും ഇതിന് മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല മുന്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ബാലിശമാണെന്ന് ചെന്നിത്തല പറഞ്ഞു. സോണിയ ഗാന്ധിക്ക് പോറ്റിയെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല, എന്നാല്‍ മുഖ്യമന്ത്രിയുടെ ചെവിയില്‍ പോറ്റി രഹസ്യം സംസാരിച്ചത് എന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ചെന്നിത്തല ചോദിച്ചു. പാലക്കാട്ടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണം, വിസി നിയമനത്തിലെ ഗവര്‍ണര്‍-മുഖ്യമന്ത്രി ഒത്തുകളി തുടങ്ങിയ വിഷയങ്ങളിലും രമേശ് ചെന്നിത്തല സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. മൂന്ന് മാസത്തിനകം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സര്‍ക്കാരിന് ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.




