തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് കീഴടക്കാന്‍ ലക്ഷ്യമിട്ട് പത്മ പുരസ്‌കാരങ്ങളില്‍ അപ്രതീക്ഷിത നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. പിണറായി സര്‍ക്കാര്‍ വിസ്മരിച്ച കമ്മ്യൂണിസ്റ്റ് ഇതിഹാസം വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കിയതും, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കിയതും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വിലയിരുത്തപ്പെടുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പട്ടികയിലില്ലാതിരുന്ന ഈ പേരുകള്‍ ഉള്‍പ്പെടുത്തിയതിലൂടെ സി.പി.എമ്മിനും എല്‍.ഡി.എഫിനും കനത്ത തിരിച്ചടിയാണ് ബിജെപി നല്‍കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ 'ശത്രുതാമനോഭാവം' പതിവ് പ്രചാരണായുധമാക്കുന്ന സി.പി.എമ്മിന്, വി.എസിനെ ആദരിച്ചതിലൂടെ മറുപടി പറയാനാവാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. വി.എസിനോടുള്ള ജനകീയ വികാരം വോട്ടാക്കി മാറ്റുന്നതിനൊപ്പം, വെള്ളാപ്പള്ളിയിലൂടെ ബിഡിജെഎസിനെ എന്‍ഡിഎ പാളയത്തില്‍ കൂടുതല്‍ ഉറപ്പിച്ചു നിര്‍ത്താനും ബിജെപി ലക്ഷ്യമിടുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വി.എസ്. അച്യുതാനന്ദനും വെള്ളാപ്പള്ളി നടേശനും ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ പുരസ്‌കാരങ്ങളെ രാഷ്ട്രീയ നീക്കമായി നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. കേരളത്തിലെ ഇടതുപക്ഷത്തിന്റേയും ഈഴവ സമുദായത്തിന്റേയും സ്വാധീനത്തെ മുന്‍നിര്‍ത്തിയുള്ള കേന്ദ്രത്തിന്റെ തന്ത്രപരമായ ഇടപെടലാണിതെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ കരുതുന്നു.

വി.എസിനും വെള്ളാപ്പള്ളിക്കും നല്‍കിയ അംഗീകാരം കേരളത്തിലെ വോട്ട് ബാങ്കുകളില്‍ വലിയ വിള്ളലുണ്ടാക്കാന്‍ പോന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. പത്മ പുരസ്‌കാരങ്ങളിലൂടെയുള്ള ഈ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് പുതിയ ഊര്‍ജ്ജം നല്‍കുമെന്നുറപ്പാണ്. മമ്മൂട്ടിയ്ക്ക് പത്മാ പുരസ്‌കാരം നല്‍കിയതിന് പിന്നിലും കൃത്യമായ അജണ്ടയുണ്ട്. ബിജെപി ആര്‍ക്കും എതിരല്ലെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. നേരത്തെ മോഹന്‍ലാലിന് ദാദാ ഫാല്‍കേ പുരസ്‌കാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിക്കുള്ള പത്മാ അംഗീകാരം.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ, പുരസ്‌കാരത്തെ രൂക്ഷമായി പരിഹസിക്കുന്ന അദ്ദേഹത്തിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തിലാണ് 'പത്മഭൂഷണ്‍ ഏത് പട്ടിക്ക് വേണം' എന്ന് വെള്ളാപ്പള്ളി ചോദിക്കുന്നത്. കാശ് കൊടുത്താല്‍ കിട്ടുന്ന സാധനമായി പത്മ പുരസ്‌കാരങ്ങള്‍ മാറിയെന്നും തരാമെന്ന് പറഞ്ഞാലും താന്‍ മേടിക്കില്ലെന്നും അദ്ദേഹം അന്ന് കടുപ്പിച്ചു പറഞ്ഞിരുന്നു.

എന്നാല്‍, പുരസ്‌കാരം പ്രഖ്യാപിച്ച ഇന്ന് തികച്ചും വ്യത്യസ്തമായ നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിച്ചത്. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് ഗുരുവിന് സമര്‍പ്പിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ അവാര്‍ഡിനായി ശ്രമിച്ചിട്ടില്ലെന്നും ജനങ്ങള്‍ തന്നതാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്കും തനിക്കും ഒരേ സമയം അവാര്‍ഡ് ലഭിച്ചതിലെ കൗതുകവും അദ്ദേഹം പങ്കുവെച്ചു. പഴയ നിലപാടും ഇപ്പോഴത്തെ സന്തോഷവും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ട്രോളുകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. വി.എസ് അച്യുതാനന്ദനും മമ്മൂട്ടിക്കുമൊപ്പം ലഭിച്ച ഈ അംഗീകാരം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്.

രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് നേട്ടമാണ്. കേരള രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്ന വി.എസ്. അച്യുതാനന്ദന് നല്‍കിയ പത്മവിഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. നൂറ് വയസ്സ് തികച്ച് അടുത്തിടെ അന്തരിച്ച വി.എസ്സിനോടുള്ള ആദരവായി കേന്ദ്ര സര്‍ക്കാര്‍ ബഹുമതി പ്രഖ്യാപിച്ചത്. വി.എസ്സിനൊപ്പം ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണന്‍ എന്നിവര്‍ക്കും പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. നിയമരംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ഇവര്‍ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് ഈ അംഗീകാരം.

നൃത്തരംഗത്തെ അതുല്യമായ സംഭാവനകള്‍ പരിഗണിച്ച് കലാമണ്ഡലം വിമല മേനോന് പത്മശ്രീ പുരസ്‌കാരം നല്‍കി. നേരത്തെ പ്രഖ്യാപിച്ച 'അണ്‍സങ് ഹീറോസ്' പട്ടികയില്‍ ഉള്‍പ്പെട്ട പരിസ്ഥിതി പ്രവര്‍ത്തക ദേവകിയമ്മയ്ക്ക് പുറമെയാണ് കലാമണ്ഡലം വിമല മേനോനും പത്മശ്രീ തിളക്കത്തിലെത്തുന്നത്.