- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസിനെതിരെ പോരാടിയവര്‍ വീണ്ടും എത്തുന്നു; അരികുവല്‍ക്കരിക്കപ്പെട്ടവരെ ഇറക്കി ഇറാനെതിരേ പടയൊരുക്കം ശക്തമാക്കി അമേരിക്ക; കരയുദ്ധത്തിന് കുര്‍ദുകളെ ഇറക്കാന്‍ ട്രംപിന്റെ നീക്കം; സ്വന്തം കലാള്‍പ്പടയെ ഇറക്കാതെ ഇറാനെ തകര്‍ക്കാന്‍ ട്രംപിസം; കുര്‍ദിഷ് താവളങ്ങളില്‍ മിസൈലാക്രമണം ശക്തമാക്കി ഇറാന്, 'വ്യോമസംരക്ഷണം വേണമെന്ന്' കുര്‍ദുകള്‍; പശ്ചിമേഷ്യ സംഘര്‍ഷ മുനയില്‍ തന്നെ

ഇര്‍ബില്‍: ഇറാനെതിരായ പോരാട്ടത്തില്‍ വടക്കന്‍ ഇറാഖിലെ കുര്‍ദുകളുടെ പിന്തുണ തേടി അമേരിക്ക. വടക്കന്‍ ഇറാഖ് താവളമാക്കി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ വിമതരായ കുര്‍ദ് സായുധ സംഘങ്ങളെ ഇറാനെതിരെ പോരിനിറക്കാനാണ് യുഎസ് നീക്കം. ഇതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഇറാഖിലെ മൂന്ന് മുന്‍നിര കുര്‍ദിഷ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഇറാനിലെ കുര്‍ദിഷ് സംഘങ്ങള്‍ക്ക് സൈനിക സഹായം നല്‍കാന്‍ ട്രംപ് ഇറാഖിലെ കുര്‍ദുകളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇറാന്‍ ഭരണകൂടത്തെ കടുത്ത ശത്രുക്കളായി കാണുന്ന കുര്‍ദ് സംഘങ്ങളില്‍ ആയുധപരിശീലനം ലഭിച്ച ആയിരക്കണക്കിന് പോരാളികളുണ്ടെന്നാണ് വിവരം. ഇവര്‍ കരയുദ്ധത്തിന് ഇറങ്ങിയാല്‍ അത് ഇറാന് കനത്ത തിരിച്ചടിയാകും. എന്നാല്‍, അമേരിക്കയുടെ ഈ നീക്കം ഇറാഖിനെക്കൂടി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന ആശങ്കയും ശക്തമാണ്. കുര്‍ദിഷ് ഫ്രീഡം പാര്‍ട്ടി (പി.എ.കെ) സായുധ പോരാളികളില്‍ ഒരു വിഭാഗം ഇറാന്‍ അതിര്‍ത്തിയിലുള്ള സുലൈമാനിയ പ്രവിശ്യയിലേക്ക് നീങ്ങിത്തുടങ്ങിയതായി സംഘടനാ നേതാവ് ഖലീല്‍ നിദീറി വ്യക്തമാക്കി. ഇവിടെ ഇവര്‍ ആക്രമണത്തിന് സര്‍വസജ്ജരായി നിലയുറപ്പിക്കും.
ഇറാഖിലെ അര്‍ധസ്വയംഭരണ കുര്‍ദിഷ് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് പി.എ.കെ. അതിനിടെ, അടുത്ത പത്തുദിവസത്തിനുള്ളില്‍ ഇറാനിലേക്ക് കടക്കാന്‍ തങ്ങളുടെ സായുധസംഘം തയ്യാറാണെന്ന് മറ്റൊരു പ്രമുഖ കുര്‍ദിഷ് സംഘമായ 'കൊമല'യുടെ പ്രതിനിധി വാര്‍ത്താ ഏജന്‍സിയായ എപിയോട് പറഞ്ഞു. ഇറാനിലെ കുര്‍ദിഷ് സംഘങ്ങള്‍ക്ക് ആയുധം നല്‍കുന്ന കാര്യം ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഏതെങ്കിലും പ്രത്യേക സംഘത്തിന് ആയുധം നല്‍കാന്‍ അമേരിക്കയ്ക്ക് ഉദ്ദേശ്യമില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി.
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ (ഐ.എസ്) പോരാടി പരിചയമുള്ളവരാണ് ഈ കുര്‍ദിഷ് സംഘങ്ങള്‍. ഇവര്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്നാല്‍, ഇറാനെതിരായ കരയുദ്ധത്തിലെ ആദ്യ സംഘമായി ഇവര്‍ മാറും. ഇറാനിലെ നിലവിലെ ഇസ്ലാമിക ഭരണകൂടത്തില്‍ നിന്നും മുന്‍പുണ്ടായിരുന്ന ഷാ ഭരണത്തില്‍ നിന്നും കടുത്ത അടിച്ചമര്‍ത്തലുകള്‍ നേരിട്ടവരാണ് കുര്‍ദുകള്‍. തങ്ങളുടെ ഗ്രാമങ്ങളും പട്ടണങ്ങളും തകര്‍ക്കപ്പെടുകയും അരികുവത്കരിക്കപ്പെടുകയും ചെയ്തതോടെയാണ് ഇവര്‍ ഇറാന്‍ ഭരണകൂടത്തിനെതിരെ സായുധപോരാട്ടം തുടങ്ങിയത്.
അമേരിക്കന്‍ പിന്തുണയോടെ കുര്‍ദിഷ് സേന കരയുദ്ധത്തിന് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, ഇറാഖിലെ കുര്‍ദിഷ് താവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണം കടുപ്പിച്ച് ഇറാനും പ്രത്യാക്രമണം ശക്തമാക്കി. വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് വിപ്ലവ വിരുദ്ധ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് മൂന്ന് മിസൈലുകള്‍ തൊടുത്തതായി ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനപ്രകാരം കുര്‍ദിഷ് പോരാളികള്‍ ഇറാനിലേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഇറാന്റെ ഈ പ്രത്യാക്രമണം.
തങ്ങളുടെ പോരാളികള്‍ ഇറാന്‍ അതിര്‍ത്തി കടന്നുവെന്ന വാര്‍ത്തകള്‍ കുര്‍ദിഷ് പ്രതിപക്ഷ പാര്‍ട്ടികള്‍ നിഷേധിച്ചു. 'ഇതൊന്നും സത്യമല്ല, ആരും ഒറ്റയ്ക്ക് നീങ്ങിയിട്ടില്ല,' കുര്‍ദിസ്ഥാന്‍ ഫ്രീഡം പാര്‍ട്ടി (പി.എ.കെ) നേതാവ് ഹന്ന ഹുസൈന്‍ യസ്ദാന്‍ പാന പറഞ്ഞു. ആറ് കുര്‍ദിഷ് സംഘടനകള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചിട്ടുണ്ടെങ്കിലും നിലവില്‍ പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. കരയുദ്ധത്തിന് തയ്യാറാണെങ്കിലും അമേരിക്കയുടെ കൃത്യമായ പിന്തുണയില്ലാതെ ഇറാനിലേക്ക് കടക്കുന്നത് 'ആത്മഹത്യാപരം' ആയിരിക്കുമെന്ന് കുര്‍ദിഷ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് അവര്‍ മുന്നോട്ടുവെക്കുന്നത്:
ഇറാന്റെ വ്യോമാക്രമണത്തില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണം. പോരാളികള്‍ നീങ്ങുന്നതിന് മുന്‍പായി ഇറാന്റെ ആയുധശേഖരങ്ങള്‍ തകര്‍ക്കാന്‍ യുഎസ് വ്യോമസേന തയ്യാറാകണം. 'ഇറാന്‍ ഭരണകൂടം അതിക്രൂരമാണ്. ഞങ്ങളുടെ കൈവശമുള്ള ഏറ്റവും വലിയ ആയുധം കലാഷ്‌നിക്കോവ് (എകെ-47) മാത്രമാണ്,' ഹന്ന ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരെ കരയുദ്ധത്തിന് 'ബൂട്‌സ് ഓണ്‍ ദ ഗ്രൗണ്ട്' എന്ന നിലയില്‍ കുര്‍ദുകളെ ഉപയോഗിക്കാന്‍ ട്രംപ് താല്‍പ്പര്യപ്പെടുന്നു എന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ കുര്‍ദുകളെ ആയുധമണിയിക്കാന്‍ നീക്കമുണ്ടെന്ന വാര്‍ത്തകള്‍ വൈറ്റ് ഹൗസ് ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ തുടരുന്നതിനിടയില്‍, കുര്‍ദുകള്‍ കൂടി പോര്‍ക്കളത്തിലേക്ക് ഇറങ്ങിയാല്‍ പശ്ചിമേഷ്യന്‍ യുദ്ധം പുതിയ തലത്തിലേക്ക് മാറുമെന്നുറപ്പാണ്.


