- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് 14-ന് മുന്‍പ് യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യം; വിരട്ടിയോ അനുനയിപ്പിച്ചോ ഇറാനെ വഴിക്കുകൊണ്ടുവരാന്‍ ട്രംപിന്റെ തന്ത്രം; 'ഇനി ഒരു തിരിച്ചുപോക്കില്ല, അത് ഒട്ടും ഭംഗിയുള്ളതുമാകില്ല! യുഎസ് പ്രസിഡന്റിന്റെ അവസാന മുന്നറിയിപ്പ്; 'വിചിത്രമനസ്കര്‍' ഉടന്‍ വഴങ്ങണമെന്നും കരാറിനായി അവര്‍ ഇരക്കുകയാണെന്നും ട്രംപ്; യുഎസിന് ജയിക്കാനുള്ള പെന്റഗണ്‍ പദ്ധതി ഇങ്ങനെ
മെയ് 14-ന് മുന്‍പ് യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യം

വാഷിങ്ടണ്‍/ ടെഹ്‌റാന്‍: കടുംപിടുത്തം തുടരുന്ന ഇറാന്‍ ഭരണകൂടത്തെ വഴിക്കുകൊണ്ടുവരാന്‍ യുഎസ് പ്രസിഡന്റിന്റെ അന്ത്യശാസനം. ഇറാന്റെ 'വിചിത്രമനസ്‌കരായ' നേതാക്കള്‍ ഉടന്‍ ഗൗരവകരമായ നിലപാട് സ്വീകരിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെ 'അവസാന പ്രഹരം' ഏല്‍പ്പിക്കാന്‍ കരസേനാ നീക്കത്തിന് പെന്റഗണ്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
തര്‍ക്കം അവസാനിപ്പിക്കാന്‍ ഒരു കരാറിനായി ടെഹ്റാന്‍ 'ഇരന്നുകൊണ്ടിരിക്കുകയാണെന്ന്' ട്രംപ് അവകാശപ്പെട്ടു.എന്നാല്‍ പുറംലോകത്തോട് തങ്ങള്‍ 'യുഎസ് നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന്' മാത്രമാണ് ഇറാന്‍ പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ വഴി യുഎസ് കൈമാറിയ സമാധാന നിര്‍ദ്ദേശം ഇറാന്‍ തള്ളിയതിന് പിന്നാലെയാണിത്.
'വളരെ വൈകുന്നതിന് മുന്‍പ് അവര്‍ കാര്യങ്ങള്‍ ഗൗരവമായി കാണുന്നതാണ് നല്ലത്. കാരണം ഒരിക്കല്‍ അത് സംഭവിച്ചു കഴിഞ്ഞാല്‍, പിന്നെ ഒരു തിരിച്ചുപോക്കുണ്ടാകില്ല; അത് ഒട്ടും ഭംഗിയുള്ളതുമാകില്ല!' - ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ഇറാന്‍ സൈനികമായി തകര്‍ക്കപ്പെട്ടെന്നും ഇനി ഒരു തിരിച്ചുവരവിന് അവര്‍ക്ക് യാതൊരു സാധ്യതയുമില്ലെന്നും ട്രംപ് പറഞ്ഞു. 'ഇറാന്‍ ചര്‍ച്ചാസംഘം തികച്ചും വ്യത്യസ്തരും 'വിചിത്രമനസ്‌കരും' ആണ്. അവര്‍ ഒരു കരാറിനായി ഞങ്ങളോട് 'ഇരന്നുകൊണ്ടിരിക്കുകയാണ്'. സൈനികമായി അവര്‍ തകര്‍ക്കപ്പെട്ട സാഹചര്യത്തില്‍ അവര്‍ അത് ചെയ്യേണ്ടതുമാണ്. എന്നാല്‍ പുറമെ അവര്‍ പറയുന്നത് ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുകയാണെന്ന് മാത്രമാണ്. ഇത് തെറ്റാണ്! വളരെ വൈകുന്നതിന് മുന്‍പ് അവര്‍ ഗൗരവം കാട്ടുന്നതാണ് നല്ലത്. കാരണം ഒരിക്കല്‍ അത് സംഭവിച്ചു കഴിഞ്ഞാല്‍, പിന്നെ ഒരു തിരിച്ചുപോക്കുണ്ടാകില്ല (NO TURNING BACK); അത് ഒട്ടും ഭംഗിയുള്ളതുമാകില്ല!' - പ്രസിഡന്റ് ട്രംപ് കുറിച്ചു.
നാല് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ അതീവ താല്പര്യം കാണിക്കുന്നുണ്ടെന്നും എന്നാല്‍ തങ്ങളുടെ തന്നെ ജനങ്ങളാല്‍ കൊല്ലപ്പെടുമോ എന്ന ഭയത്താലാണ് അവര്‍ അത് പുറത്തുപറയാത്തതെന്നും വാഷിംഗ്ടണില്‍ നടന്ന ഒരു ചടങ്ങില്‍ ട്രംപ് കൂട്ടിച്ചേര്‍ത്തു.
എന്തും സംഭവിക്കാം
ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകാതിരിക്കുകയും ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുകയും ചെയ്താല്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യതയെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതിനിടെ, ട്രംപിന് വിജയം പ്രഖ്യാപിക്കാനോ സമാധാന ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടാനോ സഹായിക്കുന്ന വിധത്തിലുള്ള സൈനിക നീക്കങ്ങള്‍ക്ക് പെന്റഗണ്‍ പദ്ധതിയിടുന്നതായി 'ആക്‌സിയോസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
പെന്റഗണ്‍ പരിഗണിക്കുന്ന പ്രധാന നീക്കങ്ങള്‍ ഇങ്ങനെ:
1. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡ് ആക്രമിക്കുകയോ ഉപരോധിക്കുകയോ ചെയ്യുക.
2. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇറാനെ സഹായിക്കുന്ന ലാറക് ഐലന്‍ഡ് പിടിച്ചെടുക്കുക.
3. കടലിടുക്കിന്റെ കിഴക്കന്‍ ഭാഗത്തുനിന്ന് ഇറാന്‍ എണ്ണ കയറ്റുമതി ചെയ്യുന്ന കപ്പലുകള്‍ പിടിച്ചെടുക്കുക.
4. കടലിടുക്കിന്റെ പടിഞ്ഞാറന്‍ പ്രവേശന കവാടത്തിലുള്ളതും ഇറാന്റെ നിയന്ത്രണത്തിലുമുള്ള അബു മൂസ ഉള്‍പ്പെടെയുള്ള മൂന്ന് ദ്വീപുകള്‍ പിടിച്ചെടുക്കുക. (ഈ ദ്വീപുകളുടെ മേല്‍ യുഎഇയും അവകാശവാദം ഉന്നയിക്കുന്നുണ്ട്).
മെയ് 14-ന് മുന്‍പ് യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യം
വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ (The Wall Street Journal) റിപ്പോര്‍ട്ട് പ്രകാരം, മെയ് 14-ന് ബെയ്ജിംഗില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഈ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇറാന്‍ സംഘര്‍ഷം കാരണമാണ് ചൈനയുമായുള്ള ഈ ചര്‍ച്ചകള്‍ നേരത്തെ മാറ്റിവെച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്ന് പാക്കിസ്ഥാന്റെ ഉന്നത നയതന്ത്രജ്ഞന്‍ വ്യക്തമാക്കി. വാഷിംഗ്ടണും ടെഹ്റാനും വ്യത്യസ്തമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്ന സാഹചര്യത്തിലും ചര്‍ച്ചകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, യുദ്ധം അവസാനിപ്പിക്കാനുള്ള ഈ ചര്‍ച്ചകള്‍ക്കിടയിലും ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ നേവി തലവന്‍ കമ്മഡോര്‍ അലിറേസ തങ്സിരിയെ (Commodore Alireza Tangsiri) വധിച്ചതായി ഇസ്രായേല്‍ വ്യാഴാഴ്ച അറിയിച്ചു.
ഹോര്‍മുസ് കടലിടുക്ക് വഴി കപ്പലുകള്‍ കടന്നുപോകുന്നത് തടഞ്ഞ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം തങ്സിരിക്കാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു. ഈ ആക്രമണം ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കുള്ള 'വ്യക്തമായ സന്ദേശമാണെന്നും' ഇസ്രായേല്‍ സൈന്യം അവരെ വേട്ടയാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


