- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിക്കൂറില്‍ 'കെസി'; പടനയിക്കാന്‍ ഹൈക്കമാന്‍ഡ് വണ്ടി കയറും; സജീവ് ജോസഫ് വഴിമാറും; വേണുഗോപാല്‍ നേരിട്ടിറങ്ങുന്നത് മറ്റ് എംപിമാര്‍ക്കും പ്രതീക്ഷയാകും; നേമത്ത് തരൂര്‍ വരുമോ? മലബാറില്‍ ഏതു സീറ്റിലും മത്സരിക്കാന്‍ മുല്ലപ്പള്ളി റെഡി; പേരാമ്പ്രയില്‍ മുതിര്‍ന്ന നേതാവ് മത്സരിക്കുമോ?
തിരുവനന്തപുരം: എന്തുവിലകൊടുത്തും അധികാരം തിരിച്ചു പിടിക്കാന്‍ സകല അടവുകളും പയറ്റി കോണ്‍ഗ്രസ്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്തിറക്കി 'ഡു ഓര്‍ ഡൈ' പോരാട്ടത്തിനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നിലവിലെ എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഏതായാലും പരമാവധി സീറ്റുകളാണ് ലക്ഷ്യം. ഈ സാഹചര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിക്കും.
ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള നേമം മണ്ഡലത്തില്‍ ഇത്തവണ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ മത്സരിക്കുമെന്ന് പോലും പ്രചരണമുണ്ട്. തലസ്ഥാനത്തെ വോട്ടര്‍മാര്‍ക്കിടയിലുള്ള തരൂരിന്റെ സ്വാധീനം ബിജെപിയുടെ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്നും, മണ്ഡലം തിരിച്ചുപിടിക്കാന്‍ തരൂരിനോളം വലിയൊരു പേര് വേറെയില്ലെന്നുമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. നേമത്ത് തരൂര്‍ മത്സരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും യുഡിഎഫിന് ഗുണം ചെയ്യുമെന്നും കരുതപ്പെടുന്നു. വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരം സെന്‍ട്രലിലും തരൂരിനെ പരിഗണിക്കുന്നുണ്ട്.
കണ്ണൂരിലെ കോണ്‍ഗ്രസ് കോട്ടയായ ഇരിക്കൂറില്‍ ഇത്തവണ കെ.സി. വേണുഗോപാല്‍ ജനവിധി തേടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. നിലവിലെ എംഎല്‍എ സജീവ് ജോസഫ് തന്നെ തുടരാനാണ് സാധ്യതയെങ്കിലും, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിന് ഏറ്റവും സുരക്ഷിതമായ സീറ്റ് ഇരിക്കൂറാണെന്നാണ് കണക്കുകൂട്ടല്‍. വേണുഗോപാല്‍ മത്സരിക്കുന്നത് മലബാറില്‍ യുഡിഎഫിന് വലിയ ആവേശം നല്‍കുമെന്നും കരുതപ്പെടുന്നു. കെസിയുടെ അതിവിശ്വസ്തനാണ് സജീവ് ജോസഫ്.
മലബാറിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രധാനമായത് മുല്ലപ്പള്ളി രാമചന്ദ്രന്റെ തിരിച്ചുവരവാണ്. പേരാമ്പ്രയില്‍ സിപിഎമ്മിന്റെ കരുത്തനായ ടി.പി. രാമകൃഷ്ണനെതിരെ മുല്ലപ്പള്ളിയെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ആലോചന. എന്നാല്‍ മലബാറിലെ ഏത് സീറ്റില്‍ വേണമെങ്കിലും മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന നിലപാടിലാണ് മുല്ലപ്പള്ളി. അദ്ദേഹം മത്സരിക്കാനിറങ്ങുന്നത് വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിന് കരുത്തുപകരും.
പാര്‍ലമെന്റില്‍ നിന്ന് നിയമസഭയിലേക്ക് മടങ്ങാന്‍ ശശി തരൂരിനെ കൂടാതെ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍ തുടങ്ങിയ എംപിമാരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മികച്ച പ്രതിച്ഛായയുള്ള നേതാക്കളെ അണിനിരത്തി ജനവിശ്വാസം നേടിയെടുക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കം. പേരാവൂരില്‍ സണ്ണി ജോസഫ് തന്നെ പട നയിക്കും.
തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാല്‍ ഇത് മറ്റ് സമുദായങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.




