ആലപ്പുഴ: തദ്ദേശത്തില്‍ അടിപതറിയ സി.പി.എമ്മിന് ഇനി രക്ഷാകവചമായി വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയോ? തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ബി.ഡി.ജെ.എസിനെ എല്‍.ഡി.എഫിലേക്ക് വലിച്ചടുപ്പിക്കാന്‍ സി.പി.എം. കച്ചമുറുക്കി ഇറങ്ങിക്കഴിഞ്ഞു. ബി.ഡി.ജെ.എസ്. പ്രവര്‍ത്തകരെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്തുകൊണ്ട് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ നടത്തിയ പരസ്യ പ്രഖ്യാപനം കേരള രാഷ്ട്രീയത്തില്‍ പുതിയൊരു ബോംബായി മാറിയിരിക്കുകയാണ്. ബി.ജെ.പിയുടെ 'സവര്‍ണ്ണ രാഷ്ട്രീയത്തിന്' അടിമകളായി നില്‍ക്കാതെ, പിന്നാക്കക്കാരുടെ സംരക്ഷകരായ ഇടതുപക്ഷത്തേക്ക് വരണമെന്നാണ് നാസറിന്റെ ആഹ്വാനം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സി.പി.എമ്മിന്റെ വോട്ടുബാങ്കില്‍ വലിയ വിള്ളലുണ്ടായെന്ന് നേതൃത്വം തിരിച്ചറിയുന്നു. ബി.ഡി.ജെ.എസ്. ഒപ്പം നിന്നാല്‍ ഈ വിള്ളല്‍ അടയ്ക്കാമെന്നു മാത്രമല്ല, കൊല്ലത്തും തിരുവനന്തപുരത്തും എല്‍.ഡി.എഫിന് വലിയ മേല്‍ക്കൈ നേടാനും സാധിക്കും. ബി.ഡി.ജെ.എസിനെ എന്‍.ഡി.എ.യില്‍ ബി.ജെ.പി. അവഗണിക്കുകയാണെന്ന പരാതി പണ്ടേയുള്ളതാണ്. 'ബി.ഡി.ജെ.എസ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ബി.ജെ.പിക്കാര്‍ വോട്ട് ചെയ്യുന്നില്ല' എന്ന ആരോപണം ഇത്തവണ ശക്തമായി. ഇത് മുതലെടുക്കാനാണ് പിണറായി വിജയന്റെ അനുമതിയോടെയുള്ള നാസറിന്റെ ഈ 'ഓപ്പണ്‍ ഇന്‍വിറ്റേഷന്‍'.

2015-ല്‍ വലിയ കൊട്ടിഘോഷത്തോടെ രൂപം കൊണ്ട പാര്‍ട്ടിയാണ് ഭാരത് ധര്‍മ്മ ജന സേന അഥവാ ബി.ഡി.ജെ.എസ്. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടന്ന സമത്വ മുന്നേറ്റ യാത്രയുടെ ഒടുവില്‍ ശംഖുമുഖത്താണ് തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായി ഈ പാര്‍ട്ടി പിറന്നത്. ഈഴവ സമുദായത്തിന് രാഷ്ട്രീയമായ ഒരു വിലപേശല്‍ ശേഷി ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ എന്‍.ഡി.എ. സഖ്യത്തില്‍ ചേര്‍ന്നതു മുതല്‍ പാര്‍ട്ടിക്കുള്ളില്‍ പുകച്ചിലുണ്ട്. കേന്ദ്രത്തില്‍ സ്ഥാനമാനങ്ങള്‍ കിട്ടാത്തതും ബി.ജെ.പിയുടെ വലിയേട്ടന്‍ മനോഭാവവും ബി.ഡി.ജെ.എസ്. അണികളെ ചൊടിപ്പിച്ചിരുന്നു.

ഇതിനിടെ യു.ഡി.എഫും വെറുതെ ഇരിക്കുകയല്ല. അടൂര്‍ പ്രകാശിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസും ബി.ഡി.ജെ.എസിനായി വലവീശുന്നുണ്ട്. എന്നാല്‍ ബി.ഡി.ജെ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് പ്രതികരിക്കുന്നത് വളരെ തന്ത്രപരമായാണ്. എന്‍.ഡി.എ. വിടുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പറയുമ്പോഴും, മുന്നണിയില്‍ വിയോജിപ്പുകളുണ്ടെന്നും മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ സമീപിക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു.

അതായത്, വാതില്‍ പൂര്‍ണ്ണമായും അടച്ചിട്ടില്ല. ബി.ഡി.ജെ.എസ്. എന്ന 'പവര്‍ ഫാക്ടര്‍' ഇടത്തോട്ടാണോ വലത്തോട്ടാണോ തിരിയുക എന്നത് വരും ദിവസങ്ങളിലെ രാഷ്ട്രീയ നാടകങ്ങളില്‍ തെളിയും.