മയ്യനാട്ടും കുമ്മിളിലും ചെറുപ്പക്കാര്‍ കച്ചമുറക്കിയപ്പോള്‍ തദ്ദേശത്തില്‍ വീണുടഞ്ഞത് സിപിഎം കോട്ടകള്‍; ഗോപു നെയ്യാറും ആനി പ്രസാദും വൈഷ്ണ സുരേഷും ചെറുപ്പക്കാരുടെ സ്‌ട്രൈക്കിങ്ങ് റേറ്റിന് തെളിവ്; ഡാറ്റയില്‍ 'തലമുറമാറ്റം' നിര്‍ദ്ദേശിച്ച് കെസി ഇടപെടല്‍; കൈയ്യടിച്ച് വിഡി; തരൂരിനും പൂര്‍ണ്ണ സമ്മതം; കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് 'നല്ലകാലം' വരും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസില്‍ ഇക്കുറി ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ കൂടുതല്‍ പരിഗണന കിട്ടും. ചെറുപ്പക്കാരുടെ സ്‌ട്രൈക്കിങ്ങ് റേറ്റ് കണക്കു നിരത്തി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പുതു തന്ത്രങ്ങളൊരുക്കുന്നുണ്ട്. സ്ഥാനാര്‍ഥിപട്ടികയില്‍ 50ശതമാനത്തിലധികം ചെറുപ്പക്കാര്‍ വേണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കെസിയുടെ ഈ നിര്‍ദ്ദേശത്തിന് കൈകൊടുത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശനും യുവാക്കള്‍ക്കായി വാദിക്കും. പാര്‍ടിയിലും പാര്‍ലമെന്ററി പാര്‍ടിയിലും തലമുറ മാറ്റത്തിന് സംസ്ഥാന കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്നാണ് സൂചന.
തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലെ ഡാറ്റ വെച്ചാണ് ചെറുപ്പക്കാര്‍ക്കായി കെ.സിയുടെ വാദം. ചെറുപ്പക്കാര്‍ ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോഴാണ് ഇടതുപക്ഷത്തിന്റെ പല കോട്ടകളിലും ഇക്കുറി അമ്പരപ്പിക്കുന്ന മാറ്റമുണ്ടായത്. മയ്യനാട്, കുമ്മിള്‍ തുടങ്ങിയ പഞ്ചായത്തുകളിലൊന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ആരംഭിക്കുമ്പോഴേ പരാജയം സമ്മതിക്കാറാണ് പതിവ്. ഇക്കുറി ചെറുപ്പക്കാര്‍ നേതൃത്വം ഏറ്റെടുത്തപ്പോഴാണ് ജനം കൂടെ നിന്നത്. സംസ്ഥാന രുപീകരണത്തിനുശേഷം ആദ്യമായാണ് പഞ്ചായത്തുകള്‍ യു.ഡി.എഫിനു ലഭിക്കുന്നത്. ജില്ലാപഞ്ചായത്തുകളിലും കെ.എസ്.യു , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അട്ടിമറി വിജയം നേടിയിട്ടുണ്ട്.
കെ. എസ്.യു നേതാവ് നബീല്‍ കല്ലമ്പലം, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാപ്രസിഡന്റ് സുധീര്‍ഷാ പാലോട്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍, ആനിപ്രസാദ് തുടങ്ങി കോര്‍പറേഷന്‍ വാര്‍ഡില്‍ വിജയിച്ച വൈഷ്ണ സുരേഷ് വരെ നീളുന്നു ആ പട്ടിക. ഇക്കാര്യങ്ങള്‍ ചൂണ്ടിയാണ് സ്ഥാനാര്‍ഥിപട്ടികയ്ക്ക് യുവത്വം വേണമെന്ന് ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിയും തലമുറ മാറ്റത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ക്യാമ്പില്‍ കെ. സിവേണുഗോപാല്‍ അറിയിച്ചു. കെ.സിയുടെ വാദത്തിനു വിഡിയും കയ്യടിച്ചു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന 'ലക്ഷ്യ 2026' നേതൃത്വ ക്യാമ്പില്‍ ഇതിനുള്ള തീരുമാനമായിട്ടുണ്ട്. ശശി തരൂരും ഈ വാദങ്ങളെ അംഗീകരിക്കുന്നു. തരൂരിനും പ്രചരണത്തില്‍ ഇത്തവണ കോണ്‍ഗ്രസില്‍ നിര്‍ണ്ണായക ഉത്തരവാദിത്തങ്ങള്‍ കാണും.
കെ.പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരും വാദത്തിനെ പിന്താങ്ങിയതോടെ ചെറുപ്പക്കാരുടെ നിര തന്നെ കോണ്‍ഗ്രസിനായി മല്‍സരത്തിനിറങ്ങിയേക്കും. മികച്ച മുന്നൊരുക്കങ്ങള്‍ക്കും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ.സിയും വിഡിയും, സണ്ണിജോസഫും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെ പ്രവര്‍ത്തന വിലയിരുത്തലിനായി നിയോജക മണ്ഡലങ്ങളിലെത്തും. 50 ശതമാനം യുവത്വവും സ്ത്രീകളും എഐസിസി ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനം കേരളത്തില്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 50 വയസ്സിന് താഴെയുള്ളവര്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 50 ശതമാനം സംവരണം ഉറപ്പാക്കും. ഇതില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും തുല്യ പ്രാധാന്യം നല്‍കാനാണ് കെ.സി. വേണുഗോപാലും വി.ഡി. സതീശനും ലക്ഷ്യമിടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ 'യുവ മാജിക്' 2025 ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വന്‍ വിജയം ഈ തീരുമാനത്തിന് അടിത്തറയാകുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുവ കൗണ്‍സിലര്‍മാരുടെ മികച്ച പ്രവര്‍ത്തനം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സീറ്റ് ഉറപ്പിക്കാന്‍ സഹായിക്കും. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവും സംഘവും ഓരോ മണ്ഡലത്തിലും നടത്തിയ രഹസ്യ സര്‍വ്വേയുടെ അടിസ്ഥാനത്തിലാകും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. വിജയസാധ്യത മാത്രമാകും ഏക മാനദണ്ഡമെന്ന് കെ.സി. വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. പല മുതിര്‍ന്ന നേതാക്കള്‍ക്കും അവരുടെ സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായേക്കാം അല്ലെങ്കില്‍ യുവാക്കള്‍ക്കായി വഴിമാറേണ്ടി വന്നേക്കാം.
സാധാരണ രീതിയില്‍ നിന്ന് വിപരീതമായി, സ്ഥാനാര്‍ത്ഥികളെ ഇത്തവണ വളരെ നേരത്തെ പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെ ആദ്യഘട്ട പട്ടിക പുറത്തിറങ്ങാനാണ് സാധ്യത. ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സമയം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ മധുസൂദനന്‍ മിസ്ത്രി ചെയര്‍പേഴ്‌സണായ സ്‌ക്രീനിംഗ് കമ്മിറ്റിയെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സംഘം ഉടന്‍ കേരളം സന്ദര്‍ശിച്ച് പ്രാദേശിക നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തും.
പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മത്സരിക്കാന്‍ താല്‍പ്പര്യവും പ്രകടിപ്പിക്കുന്നില്ല. വിഎം സുധീരനും കെ ബാബുവും പിന്മാറി കഴിഞ്ഞു. സമാനമായി മറ്റു പല മുതിര്‍ന്ന നേതാക്കളും പിന്തിരിയാനാണ് സാധ്യത. ഇതും യുവാക്കള്‍ക്ക് സാധ്യതയായി മാറും. മുല്ലപ്പള്ളി രാമചന്ദ്രന്‍ മാത്രമാകും തിരഞ്ഞെടുപ്പ് ഗോദയിലെ മുതിര്‍ന്ന താരം.
