സൗദിക്ക് പണമുണ്ട്, പാക്കിസ്ഥാന് അണ്വായുധമുണ്ട്, തുര്‍ക്കിക്ക് സാങ്കേതിക വിദ്യയുണ്ട്; മൂവരും ഒന്നിച്ചാലുള്ള ശക്തി ഭീകരം; ഒരുത്തനെ തൊട്ടാല്‍ എല്ലാവരും ചേര്‍ന്ന് തിരിച്ച് ആക്രമിക്കും; ഇന്ത്യയ്ക്കും ഇസ്രേയലിനും അമേരിക്കയ്ക്കും ഭീഷണി; ഇസ്ലാമിക നാറ്റോ ചര്‍ച്ചയാവുമ്പോള്‍!
ഇസ്ലാമിക നാറ്റോ ചര്‍ച്ചയാവുമ്പോള്‍!
ഒരുത്തനെ തൊട്ടാല്‍ എല്ലാവരും ചേര്‍ന്ന് തിരിച്ച് ആക്രമിക്കുന്ന സംഘടിതമായ പ്രതിരോധം. 1949-ല്‍ നിലവില്‍വന്ന നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ എന്ന നാറ്റോ, അന്താരാഷ്ട്ര സൈനിക സഖ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് അങ്ങനെയാണ്. കൂട്ടായ പ്രതിരോധമാണ് നാറ്റോയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. സഖ്യകക്ഷികളില്‍ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ആക്രമണമുണ്ടായാല്‍ അത് എല്ലാ അംഗരാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുകയും എല്ലാവരും ചേര്‍ന്ന് തിരിച്ചടിക്കുകയും ചെയ്യും.
നിലവില്‍ 32 രാജ്യങ്ങള്‍ നാറ്റോയില്‍ അംഗങ്ങളാണ്. ഏറ്റവും ഒടുവിലായി ഫിന്‍ലന്‍ഡ് (2023), സ്വീഡന്‍ (2024) എന്നീ രാജ്യങ്ങള്‍ സഖ്യത്തില്‍ ചേര്‍ന്നു. യൂറോപ്പില്‍ നിന്ന് 30 രാജ്യങ്ങളാണ് നാറ്റോയിലുള്ളത്. അല്‍ബേനിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍ഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബര്‍ഗ്, മോണ്ടിനെഗ്രോ, നെതര്‍ലാന്‍ഡ്‌സ്, നോര്‍ത്ത് മാസിഡോണിയ, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിന്‍, സ്വീഡന്‍ തുര്‍ക്കി, ബ്രിട്ടന്‍ എന്നിവയാണ് അവ. നോര്‍ത്ത് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍നിന്ന് കാനഡ, അമേരിക്ക എന്നീ രണ്ടുരാജ്യങ്ങളും നാറ്റോയിലുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായി നാറ്റോ മാറി. അംഗരാജ്യങ്ങള്‍ക്കിടയില്‍ ജനാധിപത്യം, വ്യക്തിസ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവ പ്രോത്സാഹിപ്പിക്കുകയും നാറ്റേയുടെ ലക്ഷ്യമാണ്. അംഗരാജ്യങ്ങള്‍ അവരുടെ സൈനിക ശേഷി പങ്കുവെക്കുകയും സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തുകയും ചെയ്യുന്നു.
ലോകത്ത് യുദ്ധങ്ങള്‍ കുറയ്ക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് ഈ സഖ്യമാണെന്ന് പഠനങ്ങള്‍ വന്നു. പക്ഷേ യുക്രെയ്ന്‍ യുദ്ധത്തിന് കാരണമാക്കിയതും ഇതേ നാറ്റോയാണ് എന്നത് വേറെ കാര്യം. യുക്രെയ്ന്‍ നാറ്റോയില്‍ ചേരുന്നത് തങ്ങള്‍ക്ക് ഭീഷണിയാണെന്ന റഷ്യയുടെ വാദമാണ്, പതിനായിരങ്ങളെ കൊന്നെടുക്കിയ ഇന്നും തീരാത്ത കെടുതിക്ക് കാരണം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ നാറ്റോ തങ്ങളുടെ സഖ്യത്തില്‍ ചേര്‍ത്തത് റഷ്യക്ക് ഭീഷണിയായി തോന്നി. റഷ്യയുടെ അതിര്‍ത്തി രാജ്യം, നാറ്റോയില്‍ ചേരുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് വ്ളാഡിമിര്‍ പുടിന്‍ വാദിക്കുന്നു. യുക്രെയിന്‍ നിലവില്‍ നാറ്റോയില്‍ അംഗമല്ലാത്തതിനാല്‍, നാറ്റോ സേന നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ യുക്രെയിന് വന്‍തോതില്‍ ആയുധങ്ങളും സാമ്പത്തിക സഹായവും നാറ്റോ രാജ്യങ്ങള്‍ നല്‍കിവരുന്നു. അതുകൊണ്ടാണ് അവര്‍ പിടിച്ചു നില്‍ക്കുന്നതും.
ലോകത്തിലെ പല ചെറിയ രാജ്യങ്ങളും അതിജീവിക്കുന്നത് അവര്‍ക്ക് സ്വന്തമായി സൈന്യവും, ആയുധങ്ങളും ഉണ്ടായതുകൊണ്ടല്ല അവ നാറ്റോ സഖ്യത്തിന്റെ ഭാഗമായതുകൊണ്ടാണ്. സാങ്കേതികവിദ്യകളും ആശയങ്ങളും കൈമാറുന്നതോടെ യുദ്ധ ചെലവുകളും വലിയ രീതിയില്‍ കുറയുന്നു. ഇന്ന് ലോകത്തില്‍ ആരും ഭയക്കുന്ന സൈനിക ശക്തിയായി നാറ്റോ മാറി. അപ്പോഴാണ് സൗദിയും, തുര്‍ക്കിയും, പാക്കിസ്ഥാനുമടങ്ങുന്ന ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ഒരു ആഗ്രഹം ഉണ്ടായത്. സൗദിക്ക് പണമുണ്ട്, പാക്കിസ്ഥാന് ആയുധങ്ങളുണ്ട്, തുര്‍ക്കിക്ക് സാങ്കേതിക വിദ്യയുമുണ്ട്. എന്നാല്‍ എന്തുകൊണ്ട് തങ്ങള്‍ക്ക് ഒരു ഇസ്ലാമിക നാറ്റോ ആയിക്കുടാ എന്നതായിരുന്നു അവരുടെ ചിന്ത! ലോകത്തിന്റെ ശാക്തിക ചേരിയെ തന്നെ മാറ്റിമറിക്കാന്‍ പോവുന്ന ചിന്തയായിരുന്നു അത്.
ഇസ്ലാമിക് നാറ്റോ വരുന്നു
ഇസ്ലാമിക് നാറ്റോ എന്ന ആശയം വളരെക്കാലം മുമ്പുതന്നെ ലോകത്ത് നിലനില്‍പ്പുണ്ടായിരുന്നു. ഈജിപ്തും ഇറാനും തുര്‍ക്കിയുമൊക്കെ പ്രതാപിയായി വാണ ഒരുകാലത്തിന്റെ ഒരു തരം ഗൃഹാതുരത്വവും, ഇന്ന് ആഗോള ഇസ്ലാമിക നേതൃത്വത്തിനുണ്ടായ തിരിച്ചടിയുമൊക്കെ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഇസ്ലാമിക് മിലിട്ടറി കൗണ്ടര്‍ ടെററിസം കോളിഷന്‍ (ഐഎംസിടിസി) എന്ന സൈറ്റ് വഴിയാണ് ഇത്തരം ചര്‍ച്ചകള്‍ വരുന്നത്.
സൗദി അറേബ്യ, പാക്കിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഒരു പുതിയ പ്രതിരോധ സഖ്യത്തെ വിശേഷിപ്പിക്കാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉപയോഗിക്കുന്ന പേരാണ് ഇസ്ലാമിക നാറ്റോ. ഇത് നാറ്റോ പോലെ ഒരു ഔദ്യോഗിക സംഘടനയല്ല. പക്ഷേ നാറ്റോയെപ്പോലെ, കൂട്ടായ പ്രതിരോധം എന്ന ആശയത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ സഖ്യത്തിലെ ഒരു രാജ്യത്തിനെതിരെ ആക്രമണമുണ്ടായാല്‍ അത് എല്ലാ അംഗങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കി സംയുക്തമായി നേരിടുക എന്ന നാറ്റോയുടെ 'ആര്‍ട്ടിക്കിള്‍ 5' എന്ന തത്വത്തിന് സമാനമാണ് ഇവരുടെ പ്രവര്‍ത്തനം.
ഇതില്‍ ഓരോ രാജ്യത്തിനും കൃത്യമായ പങ്കുണ്ട്. സൗദി അറേബ്യ, സാമ്പത്തിക സഹായം നല്‍കുന്നു. പാക്കിസ്ഥാന്‍, സൈനിക ശേഷിയും ആണവായുധ സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. തുര്‍ക്കി, അത്യാധുനിക സൈനിക സാങ്കേതികവിദ്യയും ഡ്രോണുകളും ലഭ്യമാക്കുന്നു. ഈ സഖ്യം യാഥാര്‍ത്ഥ്യമാകുന്നതിന്റെ പ്രാഥമിക ഘട്ടങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. 2025 സെപ്റ്റംബറില്‍ സൗദി അറേബ്യയും പാക്കിസ്ഥാനും ഒരു 'തന്ത്രപരമായ സംയുക്ത പ്രതിരോധ കരാറില്‍' ഒപ്പുവെച്ചതാണ് ഇത്തരം ചിന്തകള്‍ക്ക് തുടക്കംം. 2026 ജനുവരിയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, തുര്‍ക്കി ഈ കരാറില്‍ ചേരാനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി വരികയാണ്.
കഴിഞ്ഞ സെപ്റ്റംബറില്‍ അറബ് ലീഗും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും സംഘടിപ്പിച്ച ഉച്ചകോടിയില്‍ അറബ് രാജ്യങ്ങള്‍ക്കായി നാറ്റോ ശൈലിയിലുള്ള ഒരു സംയുക്ത ടാസ്‌ക്ഫോഴ്സ് ഈജിപ്ത് ശുപാര്‍ശ ചെയ്തിരുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) ആറ് അംഗങ്ങള്‍- ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ)- 2000-ല്‍ ഒപ്പുവച്ച സംയുക്ത പ്രതിരോധ കരാറിലെ ഒരു വ്യവസ്ഥ പാലിക്കുമെന്ന് വാഗ്ദാനം ചെയ്തു.
ഉച്ചകോടിയില്‍ ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയും പ്രാദേശിക സുരക്ഷയ്ക്കുള്ള കൂട്ടായ സമീപനം എന്ന ആശയത്തെ പിന്തുണച്ചു. 'മേഖലയിലെ ഇസ്രായേലി പദ്ധതികള്‍ നിരീക്ഷിക്കുന്നതിനും ഇസ്രായേലിന്റെ പദ്ധതികളെ ചെറുക്കുന്നതിന് ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും' ഒരു സംയുക്ത ടാസ്‌ക് ഫോഴ്സിന് പാക്കിസ്ഥാനും, ആഹ്വാനം ചെയ്തു.
മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിലെ ദോഹയില്‍ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് ശേഷമായിരുന്നു ഈ നീക്കം. അതേമാസം തന്നെ, സൗദി അറേബ്യ പാക്കിസ്ഥാനുമായി ഒരു 'തന്ത്രപരമായ പരസ്പര പ്രതിരോധ കരാര്‍' പ്രഖ്യാപിച്ചു. ഇസ്ലാമിക് നാറ്റോ' എന്നത് ഒരു ഔദ്യോഗിക നാമമല്ല, മറിച്ച് നാറ്റോയ്ക്ക് സമാനമായ ഒരു നിര്‍ദിഷ്ട പ്രതിരോധ ചട്ടക്കൂടിനെ വിശേഷിപ്പിക്കാന്‍ നിരീക്ഷകര്‍ ഉപയോഗിക്കുന്നതാണിത്. 'ഇസ്ലാമിക് നാറ്റോ' എന്നതിന് പുറമേ 'മുസ്ലിം നാറ്റോ' എന്നും ചിലര്‍ ഇതിനെ വിളിക്കുന്നു. ഇതൊരു ഔദ്യോഗിക സൈനിക ബ്ലോക്കായി പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ തന്നെ പല ആഭ്യന്തര വൈരുധ്യങ്ങളാല്‍ ഇത്തരം ഒരു ഗ്രൂപ്പ് നിലവില്‍വരാനുള്ള സാധ്യതയും വിരളമാണെന്ന് വിലയിരുത്തലുണ്ട്.
സൂക്ഷിക്കേണ്ടത് ഇന്ത്യയും ഇസ്രയേലും
ഇസ്ലാമിക നാറ്റോ എന്ന ഈ ആശയത്തില്‍ എറ്റവും സൂക്ഷിക്കേണ്ട രണ്ട് രാജ്യങ്ങള്‍ ഇസ്രയേലും ഇന്ത്യയുമാണ്. ഗള്‍ഫ് മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ഇസ്രായേലുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുമാണ്, ഇസ്ലാമിക നെസ്റ്റാള്‍ജിയയെ ഉദ്ദീപിക്കുന്നത്. പിറന്നുവീണ അന്നുതന്നെ ഇസ്രയേലുമായി മുട്ടാന്‍ ഇറങ്ങിയതാണ് ഗള്‍ഫിലെ ഇസ്ലാമിക രാജ്യങ്ങള്‍. അന്ന് പ്രതാപശാലിയായ ഈജിപ്തും, ലബനോനും, സിറിയയും അടക്കമുള്ള രാജ്യങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചിട്ടും, ഇന്നുവരെ നടന്ന ഒരു യുദ്ധത്തിലും അവര്‍ക്ക് ഇസ്രയേല്‍ എന്ന കുഞ്ഞന്‍ രാഷ്ട്രത്തെ തോല്‍പ്പിക്കാന കഴിഞ്ഞിട്ടില്ല. 67-ല്‍ ഇസ്രയേലിനോട് വെറും ആറുദിവസംകൊണ്ട് തോറ്റ് തുന്നംപാടിയത്, അന്ന് ഇസ്ലാമിക ലോകത്തിന്റെ അനൗദ്യോഗിക ഖലീഫയായി അറിയപ്പെട്ടിരുന്ന, ഈജിപ്ഷ്യന്‍ പ്രസിഡന്റ് നാസറിന് ഏറ്റ വലിയ തിരിച്ചടിയായി. അതിനുശേഷം ഒരിക്കലും, ആഗോള രാഷ്ട്രീയത്തില്‍ ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് മേല്‍ക്കോയ്മ ലഭിച്ചിട്ടുമില്ല. ഇപ്പോള്‍ ഇതുപോലെ ഒരു സഖ്യം വരുമ്പോള്‍ അവരുടെ ആദ്യ ടാര്‍ജറ്റ് ഇസ്രായേല്‍ ആയിരിക്കുമെന്ന് ഉറപ്പാണ്.
തങ്ങളുടെ ശത്രുക്കള്‍ ലോകത്ത് എവിടെയായായും അവിടെപ്പോയി ആക്രമിക്കുക, എന്ന രീതിയാണ് ഇസ്രയേലിന്റെത്. ദോഹയില്‍ പോയി അവര്‍ നടത്തിയ ആക്രമണമൊക്കെ ഇതിന്റെ ഭാഗമാണ്. അവിടെയാണ് ഇസ്ലാമിക നാറ്റോ ഉണ്ടായാല്‍ കളി മാറുക. ഒരു രാജ്യത്തെ ആക്രമിച്ചാല്‍ എല്ലാവരും കൂടി തിരിച്ചടിക്കുന്ന രീതി വന്നാല്‍, അത് ഒരു ലോകമഹായുദ്ധത്തിലേക്ക് തന്നെ നയിക്കും. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്കും ഇതേ പേടിയുണ്ട്. തങ്ങളുടെ ശത്രുക്കളെ എവിടെപ്പോയും പൊക്കുക എന്നതാണ് അമേരിക്കയുടെയും രീതി.
ഇസ്ലാമിക രാഷ്ട്രങ്ങള്‍ നാറ്റോ പോലെ ഒന്നിച്ചാല്‍ അത് ആഗോള തീവ്രവാദത്തിനുള്ള പരോക്ഷമായ പിന്തുണയാവുമെന്നും യുഎസ് സംശയിക്കുന്നുണ്ട്. മാത്രമല്ല, ഇന്ന് ഇസ്ലാമിക ലോകത്തെ ഏക ആണവശക്തിയാണ് പാക്കിസ്ഥാന്‍. ദാരിദ്ര്യത്തില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന ആ രാജ്യം, ആണവ സാങ്കേതിക വിദ്യ മറ്റുരാജ്യങ്ങള്‍ക്ക് കൈമാറിയാല്‍, ചെറിയ രാജ്യങ്ങള്‍ പോലും ആണവശക്തിയായി മാറുകയാണ് ഉണ്ടാവുക. അതും ലോക സമാധാനത്തിന് തന്നെ ഭീഷണിയാണ്. മാത്രമല്ല, ഇവിടെ നിന്നൊക്കെ ഇത് അല്‍ഖായിദയും, ഐസിസും അടങ്ങിയ നൂറായിരം ഇസ്ലാമിക ഭീകര സംഘടനകളിലേക്ക് എത്താനും സാധ്യതയുണ്ട്.
അതുപോലെ ഇന്ത്യക്കും ഏറെ പേടിക്കാനുണ്ട്. പാക്കിസ്ഥാനെ പുതിയ സൈനിക മേധാവിയായ അസീം മുനീര്‍, തീവ്രവാദികള്‍ക്കുള്ള രഹസ്യഫണ്ടിങ്ങ് വരെ പുനരാംരംഭിച്ച് കഴിഞ്ഞു. പാക്കിസ്ഥാന്‍ സൈന്യത്തിനുവേണ്ട എല്ലാ ആയുധങ്ങളും ഇപ്പോള്‍ തന്നെ കൊടുക്കുന്നത് തുര്‍ക്കിയാണ്. ഇന്ത്യ വാങ്ങാന്‍ ആവശ്യപ്പെട്ടിട്ടും കൊടുക്കാത്ത ആയുധങ്ങള്‍ തുര്‍ക്കി പാക്കിസ്ഥാന് കൊടുത്തിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്ക്കെതിരെ നിലപാട് സ്വീകരിച്ച രാജ്യമാണ് തുര്‍ക്കി.
പാക്കിസ്ഥാനും തുര്‍ക്കിയും തമ്മില്‍ വളരെ നേരത്തെയുള്ള സുദൃഢമായ ബന്ധമാണ്. അതിന്റെ അടിസ്ഥാന കാരണവും മതമാണ്. തുര്‍ക്കിയിലെ ഖിലാഫത്തിന് ഇന്ത്യയില്‍പോലും വേരുകളുണ്ടായി. അത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമാാെയക്കെ ബന്ധപ്പെട്ടു കിടക്കുന്നു. ഓട്ടോമാന്‍ സാമ്രാജ്യവും, ഇസ്ലാമിക ഖാലിഫേറ്റുമൊക്കെ പാക്കിസ്ഥാനികളുടെ മനസ്സിലും കുളിരുകോരിയിടുന്ന കാര്യമാണ്. യൂറോപ്പിലെ ഇസ്ലാമിക സംസ്‌കൃതിയുടെ പ്രധാന കേന്ദ്രമാണ് തുര്‍ക്കി. മുസ്തഫ കമാല്‍ പാഷയെ പോലുള്ള അങ്ങേയറ്റം മതേതരനായ ഒരു വ്യക്തി ഭരിച്ചിട്ടും ക്രമേണ ആ നാട് മതമൗലികാവാദത്തിലേക്ക് നീങ്ങുകയാണ് ചെയ്തത്. ഒരുപാട് യുദ്ധങ്ങള്‍ക്കും കണ്ണീരുകള്‍ക്കും സാക്ഷ്യം വഹിച്ച തുര്‍ക്കി, 'യൂറോപ്പിന്റെ രോഗി' എന്ന പരിഹാസപ്പേര് എന്നും അന്വര്‍ത്ഥമാക്കിയിരുന്നു.
മതത്തിന്റെ പേരില്‍ ഉണ്ടായ രാജ്യമാണ് പാക്കിസ്ഥാന്‍. പിന്നെ തുര്‍ക്കിക്ക് അവരെ പിന്തുണക്കാന്‍ ആവാതിരിക്കില്ലല്ലോ. എര്‍ദോഗാന്റെ സമ്പുര്‍ണ്ണ ആധിപത്യമുള്ള തുര്‍ക്കിയില്‍ മതമൗലികാവാദത്തിന് ഇന്നും വലിയ മാര്‍ക്കറ്റാണ്. തുര്‍ക്കിയെയും പാകിസ്ഥാനും തമ്മില്‍ ശക്തവുമായ പ്രതിരോധ ബന്ധമുണ്ട്. ചരിത്രപരമായി, പാകിസ്ഥാനും തുര്‍ക്കിയെയും യുഎസ് നേതൃത്വത്തിലുള്ള ബാഗ്ദാദ് ഉടമ്പടിയുടെയും അതിന്റെ തുടര്‍ന്നുള്ള അസെന്‍ട്രല്‍ ട്രീറ്റി ഓര്‍ഗനൈസേഷന്റെയും (സെന്റോ) ഭാഗമായിരുന്നു. അവര്‍ സൈനികമായി സഹായിക്കുന്നതും ഇതാദ്യമല്ല. പാക് നേവിയുടെയും എയര്‍ഫോഴ്‌സിന്റെയും നട്ടെല്ലാണ് തുര്‍ക്കി. ആധുനിക വിമാനങ്ങള്‍ കൊടുക്കുന്നതും, മെയിന്റന്‍സ് ചെയ്യുന്നതും, യുദ്ധക്കപ്പലുകള്‍ ഇറക്കുന്നതുമൊക്കെ തുര്‍ക്കിയുടെ സഹായത്തോടെയാണ്.
പാക് നേവി ആധുനികവത്ക്കരിക്കപ്പെട്ടതും, തുര്‍ക്കിയുടെ സഹായത്തോടെയാണ്. ഇന്നും യൂറോപ്പിലെ ഏറ്റവും വലിയ സൈനിക ശക്തികളില്‍ ഒന്നാണ് തുര്‍ക്കി. സൈന്യത്തില്‍ 4,81,000 സജീവ ഉദ്യോഗസ്ഥര്‍ ഉണ്ടെന്നാണ് കണക്ക്. റിസര്‍വ് ആര്‍മിയില്‍, 3,80,000പേരും. 25 ബില്യണ്‍ യുഎസ് ഡോളറിന്റെ സൈനിക ബജറ്റാണ് അവരുടേത്. യുഎസ് സായുധ സേനയ്ക്ക് ശേഷം നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയാണ് തുര്‍ക്കി. പേരുകേട്ടതാണ് അവരുടെ വ്യോമസേനയും, നാവിക സേനയും. അതുകൊണ്ടുതന്നെ കോടിക്കണക്കിന് ഡോളര്‍ നല്‍കിയാണ് പാക്കിസ്ഥാന്‍ തുര്‍ക്കിയുടെ സഹായത്തോടെ സേനയെ നവീകരിക്കുന്നത്.
യുദ്ധക്കപ്പലുകള്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനും പരിപാലിക്കാനും തദ്ദേശീയമായി കഴിവുള്ള പത്ത് രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കി. നിരവധി സംയുക്ത സൈനിക അഭ്യാസങ്ങളും ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയിട്ടുണ്ട്. 1998-ല്‍ ആരംഭിച്ച അത്താതുര്‍ക്ക്-ജിന്ന സംയുക്ത സൈനികാഭ്യാസം പ്രശസ്തമാണ്. അത് ഇന്നും തുടരുന്നുണ്ട്. ഓരോ രാജ്യവും അവരുടെ സ്വന്തം പ്രദേശത്ത് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഈ അഭ്യാസം നടത്തി. ഈ രീതിയില്‍ ഇപ്പോള്‍ തന്നെ പാക്കിസ്ഥാന്റെ സൈനിക നട്ടെല്ലാണ് തുര്‍ക്കി. ഇനി ഇസ്ലാമിക നാറ്റോ കൂടി വന്നാലുള്ള അവസ്ഥ എന്തായിരിക്കും. ഇന്ത്യ അങ്ങേയറ്റം ഭയക്കേണ്ട സാഹചര്യമാണ് വന്നുചേരുന്നത്.
ഇറാനില്ലാത്ത മുന്നണി
ഈ ഇസ്ലാമിക നാറ്റേക്ക്, മുഴുവന്‍ ഇസ്ലാമിക രാജ്യങ്ങളുടെയും പിന്തുണയില്ല. ഏറ്റവും പ്രധാനം ഇന്ന്, ആഗോള ഇസ്ലാമിക നേതൃത്വം അവകാശപ്പെടുന്ന ഇറാന്‍ ഉടക്കിനില്‍ക്കുന്നുവെന്നതാണ്. ഇറാന്‍-സൗദി ബന്ധം ഇപ്പോള്‍ ഒട്ടും നല്ല രീതിയിലല്ല. അതുപോലെ ഷിയാ രാഷ്ട്രമായ ഇറാനും, സുന്നി രാഷ്ട്രമായ പാക്കിസ്ഥാനും തമ്മില്‍ നേരത്തെ പ്രശ്‌നമുണ്ട്. അടുത്തിടെയും ചില സംഘര്‍ഷങ്ങളുണ്ടായിരുന്നു. അതിര്‍ത്തി വഴിയുള്ള പാക്കിസ്ഥാന്റെ അനിയന്ത്രിത ഇടപെടല്‍ ആയിരുന്നു തര്‍ക്കത്തിന് കാരണം.
പലപ്പോഴും സുന്നി രാജ്യങ്ങള്‍ക്ക് ഭീഷണിയായിരുന്നു ഇറാന്‍. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഷിയാ തീവ്രവാദം കയറ്റിയക്കുക എന്ന പണിയാണ് 79-ലെ ഇറാന്‍ വിപ്ലവത്തിനുശേഷം ഖൊമേനി ചെയ്തത്. ഇതു പല സുന്നി ഇസ്ലാമിക രാജ്യങ്ങള്‍ക്കും ഭീഷണിയായി. ഹമാസ് (ഗസ്സ), ഹിസ്ബുല്ല ( ലെബനോണ്‍), ഹൂത്തികള്‍ (യമന്‍) എന്നിവയ്ക്ക് ഖൊമേനി ആയുധവും ധനവും നല്‍കി. ഇറാന്‍ എന്ന ഷിയാ രാജ്യത്ത് പ്രസിഡന്റിനല്ല പവര്‍. പരമോന്നത നേതാവാവായി ഖൊമേനിക്കാണ്. ആഗോള ഇസ്ലാമിക നേതൃത്വമാണ് അവര്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ഇറാന്‍, ആണവ ശക്തി ആവുന്നതിനെപ്പോലും ചുറ്റും കിടക്കുന്നു സുന്നി രാജ്യങ്ങള്‍ ഭീഷണിയായിട്ടാണ് കാണുന്നത്. ഇന്ന് പാക്കിസ്ഥാന്‍ മാത്രമാണ് ഇസ്ലാമിക ലോകത്ത് ആണവശക്തിയായിട്ടുള്ളത്.
ഷിയാ ഐസിസ് എന്ന് അറിയപ്പെടുന്ന, ഹൂത്തി വിമതര്‍ യമനില്‍ ഇറാന്റെ സഹായത്താലാണ് വളര്‍ന്നത്. യമനിലെ ഇസ്ലാമിക ഗവണ്‍മെന്റിനെ അട്ടിമറിച്ച് ഹൂത്തികള്‍ സമാന്തര ഭരണകൂടം സ്ഥാപിച്ചു. സുന്നി മുസ്ലീങ്ങളെ അടക്കം കൊന്നൊടുക്കി ചില ഭാഗങ്ങളില്‍ അധികാരം പിടിച്ചു. ഇപ്പോള്‍ ഹൂത്തികള്‍ ചെങ്കടലിലെ കപ്പലുകള്‍ കൊള്ള ചെയ്ത് ഇസ്രായേലിന് നേരെ റോക്കറ്റ്- മിസൈല്‍ ആക്രമണം നടത്തുന്നു. ലബനോണ്‍ എന്ന ലിബറല്‍ രാജ്യം കീഴടക്കി ഹിസ്ബുള്ള എന്ന പ്രോക്‌സിയെ ഉണ്ടാക്കി ക്രിസ്ത്യാനികളെ തുരത്തി, സുന്നി മുസ്ലീങ്ങളെ കൊന്നൊടുക്കി, ഇറാന്‍ വീണ്ടും ഭീഷണിയുയര്‍ത്തി. ഈ ഹിസ്ബുള്ള നിരന്തരം ഇസ്രയേലിനെ ആക്രമിച്ചു. ഹമാസിനും നിര്‍ലോഭമായ പിന്തുണയാണ് ഇറാന്‍ കൊടുക്കുന്നത്.
സൗദിയ്ക്കും യുഎഇക്കും നേരെ ഹൂത്തികള്‍ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. നേരത്തെ മക്കയ്ക്കും മദീനക്കും നേരെ മിസൈല്‍ അയച്ചവരാണ് ഹൂത്തികള്‍. ഇതൊക്കെ എല്ലാ മുസ്ലീം രാജ്യങ്ങള്‍ക്കും അറിയാം. അതു കൊണ്ടാണവര്‍ യഹൂദന്റെ സാങ്കേതിക വിദ്യയായ എയര്‍ ഡിഫന്‍സ് സിസ്റ്റം മക്കയില്‍ അടക്കം സ്ഥാപിച്ചത്. സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോ പോലും ഹൂത്തികളാല്‍ ആക്രമിക്കപ്പെട്ടു. നിരവധി മലയാളികള്‍ക്കുവരെ ജോലി കൊടുക്കുന്ന കമ്പനിയാണിത്. ബഹ്‌റൈനിലെ ഷിയാ തീവ്രവാദ കൂട്ടായ്മ ഇറാന്‍ നിയന്ത്രിക്കുന്നതാണ്. ഈജിപ്ത് മുസ്ലിം ബ്രദര്‍ഹുഡില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നുണ്ടങ്കിലും, ഇറാന്റെ തീവ്ര ഷിയാ ആശയങ്ങളുടെ പ്രചാരം അവിടെ വലിയ ഭീഷണിയായി നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ ഈ സഖ്യത്തില്‍ ഇറാനെ പെടുത്തിയിട്ടില്ല.
മാത്രമല്ല ഇറാനില്‍ ഇപ്പോള്‍ ഇസ്ലാമിക ഭരണത്തിനെതിരെ ജനങ്ങളുടെ വലിയ പ്രക്ഷോഭം നടക്കുകയാണ്. ഒരു ചായ കുടിക്കാന്‍ 82 ഇന്ത്യന്‍ രൂപ കൊടുക്കേണ്ട നിലയില്‍ ഇറാന്‍ സാമ്പത്തികമായി തകര്‍ന്നിരിക്കയാണ്. പതിനായിരം ശതമാനമാണ് നാണയപ്പെരുപ്പം. അതുകൊണ്ടുതന്നെ ഇറാനിലെ ഭരണകുടം അതിജീവിക്കുമോ എന്നുതന്നെ ആശങ്കയുണ്ട്. ഇനി അതിജീവിച്ചാലും, സുന്നി ഷിയാ പ്രശ്നംമൂലം ഇവര്‍ ഇസ്ലാമിക നാറ്റോയില്‍നിന്ന് വിട്ടുനില്‍ക്കയും, അതിനെതിരെ പ്രവര്‍ത്തിക്കാനുമാണ് സാധ്യതയെന്നാണ് ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്.
ഉടക്കിട്ട് ചൈനയും അമേരിക്കയും
ഈ പുതിയ നാറ്റോ വരുന്നതില്‍ അതിശക്തമായ ഉടക്ക് ചൈനക്കുമുണ്ട്. കാരണം നിലവില്‍ പാക്കിസ്ഥാനെ തങ്ങളുടെ ആവശ്യത്തിന് അനുസരിച്ച്, തിരിച്ച് ഒരു കോളനി രാഷ്ട്രംപോലെ ആക്കിയിരിക്കയാണ് ചൈന. ബെല്‍റ്റ് റോഡ് പദ്ധതിയുമൊക്കെയായി,കോടിക്കണക്കിന് രുപയുടെ നിക്ഷേപമാണ്, ചൈനക്ക് പാക്കിസ്ഥാനിലുള്ളത്. അപ്പോള്‍ ആ രാജ്യം തങ്ങളുടെ പിടിയില്‍നിന്ന് മോചിതമാവുന്നത് ചൈന ഇഷ്ടപ്പെടുന്നില്ല. അതുപോലെയാണ് അമേരിക്കയും. ട്രപും, പാക് സൈനിക മേധാവി അസീം മുനീറുമൊക്കെയായുള്ള അടുത്ത ബന്ധമുണ്ട്. പാക്കിസ്ഥാനിലെ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കും തിരിച്ചിടയാണ് ഇസ്ലാമിക നാറ്റോ. ഒപ്പം, തീവ്രവാദം പുഷ്ടിപ്പെടുമെന്ന ഭീതിയും യുഎസിനുണ്ട്.
തുര്‍ക്കിയും പാകിസ്ഥാനും സൗദി അറേബ്യയും തമ്മില്‍ ത്രികക്ഷി പ്രതിരോധ സഹകരണം ഇപ്പോഴും നിലവിലുണ്ട്. 2023 ഓഗസ്റ്റില്‍ റിയാദിലും 2024 ജനുവരിയില്‍ റാവല്‍പിണ്ടിയിലും ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാഷ്ട്രീയമായും ഇരുരാജ്യങ്ങളും ഏറെ സൗഹൃദം പുലര്‍ത്തുന്നു. പക്ഷേ തീവ്രവാദത്തിന്റെ കാര്യത്തില്‍ സൗദി ഇപ്പോള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എടുക്കുന്നത്. അവര്‍ ഹമാസിനെപ്പോലും പിന്തുണക്കുന്നില്ല. ഇസ്രയേലുമായിപ്പോലും നല്ല ബന്ധത്തിന് ആഗ്രഹിക്കുന്നു. എന്നാല്‍ തുര്‍ക്കി അങ്ങനെയല്ല. പാക്കിസ്ഥാനും. 2016-ല്‍ തുര്‍ക്കിയിലെ അട്ടിമറി ശ്രമത്തെ പാക്കിസ്ഥാന്‍ ശക്തമായി അപലപിക്കുകയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അതുപോലെ കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പാക്കിസ്ഥാന് സമ്പൂര്‍ണ്ണമായും പിന്തുണ കൊടുക്കുന്നു.
തുര്‍ക്കിയുടെ അധികാരം ഏകദേശം സമ്പൂര്‍ണ്ണമായിത്തന്നെ പ്രസിഡന്റ് എര്‍ദോഗാന്‍ കയ്യടക്കിയിരിക്കുന്നു. സമ്പൂര്‍ണ്ണാധികാരം സമ്പൂര്‍ണ്ണ അഴിമതിക്ക് കാരണമാകുമെന്ന സിദ്ധാന്തം ഇവിടെ ശരിയായി വരുന്നുണ്ട്. ഇസ്ലാമിനേയും തുര്‍ക്കിഷ് ദേശീയതയേയും അധികാര കേന്ദ്രീകരണത്തിനുള്ള കേവല മാര്‍ഗ്ഗമായി പരിഗണിക്കുകയാണ് എര്‍ദോഗാന്‍. അദ്ദേഹം ആഗ്രഹിക്കുന്നത് ആഗോള മുസ്ലീം നേതൃത്വമാണ്. സൗദിയും, ഇറാനും ക്ഷീണിച്ചതോടെ, ഇനി ആഗോള മുസ്ലീങ്ങളുടെ ഖലീഫയെന്ന പദവി അനൗദ്യോഗികമായി തന്റെ മേല്‍ ചാര്‍ത്തിക്കിട്ടുമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അത് ഇറാന് ഇഷ്ടമല്ല. ഈ ആഭ്യന്തര വഴക്കാണ് സത്യത്തില്‍ ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യത്തിന് വിഭാഗമാവുന്നത്.
ഇപ്പോഴും കടലാസില്‍ മാത്രമുള്ള ഒരു കാര്യമാണ് ഇസ്ലാമിക നാറ്റോ. ഇതിന്റെ പ്രായോഗിക വശങ്ങളിലേക്ക് കടക്കുമ്പോള്‍ അത് സാധ്യമാവാനുള്ള സാധ്യത, വളരെ കുറവാണ് എന്നാണ് ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന് ഒരു പ്രധാനകാരണമായി അവര്‍ പറയുന്നത്, സൗദി അറേബ്യയുമായും പാക്കിസ്ഥാനുമായും അമേരിക്കുള്ള ബന്ധങ്ങളാണ്. നിലവിയുള്ള സാഹചര്യത്തില്‍ അമേരിക്കയുടെ എതിര്‍പ്പ് മറികടക്കാന്‍ ഇവര്‍ രണ്ടുപേര്‍ക്കും കഴിയില്ല. അതുകൊണ്ടുതന്നെ വിശാല ഇസ്ലാമിക രാഷ്ട്രം എന്നതുപോലെയുള്ള ഒരു സ്വപ്നമായി ഇസ്ലാമിക നാറ്റോ മാറാനുള്ള സാധ്യതകളും ഏറെയാണ്.
വാല്‍ക്കഷ്ണം: നാറ്റോ സഖ്യം ഒരു മതത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതല്ല. എന്നാല്‍ ഇസ്ലാമിക നാറ്റോ എന്നതിന്റെ അടിസ്ഥാനം മതമാണ്. അതുതന്നെയാണ് ഏറ്റവും ഭയപ്പെടുത്തുന്നതും. മതത്തിനുവേണ്ടിയുള്ള ഏത് പ്രവര്‍ത്തനവും അവസാനമെത്തുക, അതിലെ എക്സ്ട്രീമിസിത്തിലാണ്. അതുകൊണ്ടാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍, ഇസ്ലാമിക നാറ്റോ ഇസ്ലാമിക തീവ്രവാദത്തിന് വളക്കുറുള്ള മണ്ണൊരുക്കുമെന്ന് ഭയക്കുന്നത്!
