ഞാന്‍ ആധുനിക അഭിമന്യൂ; ചക്രവ്യൂഹം ഭേദിക്കാന്‍ തനിക്ക് വ്യക്തമായി അറയാം; മഹാരാഷ്ട്രയിലെ ബിജെപി വിജയത്തില്‍ പ്രതികരിച്ചു ഫഡ്‌നാവിസ്

ഞാന്‍ ആധുനിക അഭിമന്യൂ

Update: 2024-11-23 11:29 GMT

മുംബൈ: താന്‍ ആധുനിക കാലത്തെ അഭിമന്യൂ ആണെന്നും ചക്രവ്യൂഹം ഭേദിക്കാന്‍ തനിക്ക് വ്യക്തമായി അറിയാമെന്നും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബി.ജെ.പി നയിക്കുന്ന മഹായുതി സഖ്യം മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഫഡ്‌നാവിസ്.

മഹാഭാരതത്തിലെ കഥാപാത്രമായ അഭിമന്യൂവിനെ കുറിച്ചായിരുന്നു ഫഡ്‌നാവിസ് സൂചിപ്പിച്ചത്. അര്‍ജുനന്റെയും സുഭദ്രയുടെയും മകനും യുദ്ധവീരനുമായ അഭിമന്യൂവിന് ചക്രവ്യൂഹത്തില്‍ പ്രവേശിക്കാന്‍ അറിയാം. എന്നാല്‍ അതില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി അറിയില്ലായിരുന്നു. ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യൂവിനെ കൗരവപ്പട കൊലപ്പെടുത്തുകയും ചെയ്തു. തന്നെ അതുപോലൊരു ചക്രവ്യൂഹത്തില്‍ പെടുത്താമെന്നാണ് മഹാവികാസ് അഘാഡി ചിന്തിക്കുന്നതെന്നും എന്നാല്‍ ആധുനിക അഭിമന്യൂ ആയ തനിക്ക് ചക്രവ്യൂഹത്തില്‍ നിന്ന് പുറത്തുകടക്കാന്‍ വ്യക്തമായി അറിയാമെന്നും ഫഡ്‌നാവിസ് നേരത്തേയും വ്യക്തമാക്കിയിരുന്നു.

'നേരത്തേയും ഇതുതന്നെയാണ് ഞാന്‍ പറഞ്ഞത്. ഞങ്ങള്‍ ചക്രവ്യൂഹം ഭേദിച്ചിരിക്കുന്നു. ഈ വിജയത്തില്‍ എനിക്ക് വളരെ ചെറിയ പങ്കേയുള്ളൂ. ഞങ്ങളുടെ ടീമിനാണ് മുഴുവന്‍ ക്രെഡിറ്റും.'-നാഗ്പൂര്‍ സൗത്ത് വെസ്റ്റ് സീറ്റില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെ ഫഡ്‌നാവിസ് പറഞ്ഞു. 288 അംഗ നിയമസഭയില്‍ 236സീറ്റുകള്‍ തൂത്തുവാരിയാണ് മഹായുതി സഖ്യത്തിന്റെ വിജയം. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യം 56 സീറ്റുകളിലൊതുങ്ങി.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ച് ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും എന്‍.സി.പി നേതാവ് അജിത് പവാറും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിപദത്തിനായി ഒരു തര്‍ക്കവുമില്ലെന്നും മൂന്നുപാര്‍ട്ടികളും ചേര്‍ന്ന് ഉടന്‍ തീരുമാനമെടുക്കുമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.

Tags:    

Similar News