ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി; ഭാര്യയേയും പെണ്‍മക്കളേയും കൊലപ്പെടുത്തി ശുചിമുറി നിര്‍മാണത്തിനെടുത്ത കുഴിയില്‍ മൂടി: യുവാവ് അറസ്റ്റില്‍
ഭാര്യയെയും മക്കളെയും കൊന്ന് ശുചിമുറി നിർമാണത്തിനെടുത്ത കുഴിയിൽ മൂടി
ലക്‌നൗ: ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയതിന് യുവാവ് ഭാര്യയേയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി കുഴിച്ചു മൂടി. പ്രതിയായ ഫാറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയേയും മക്കളേയും കാണാനില്ലെന്ന് കാണിച്ച് ഫാറൂഖിന്റെ പിതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം.
കുടുംബവഴക്കിനെ തുടര്‍ന്ന് ഫാറൂഖിന്റെ ഭാര്യ താഹിറ സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഈ സമയത്ത് അവര്‍ ബുര്‍ഖ ധരിച്ചിരുന്നില്ല. ഇത് ഫാറൂഖിനെ ചൊടിപ്പിച്ചു. താഹിറ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഫാറൂഖ് ഇതെച്ചൊല്ലി കലഹമുണ്ടാക്കി. ഇരുവരും തമ്മിലുള്ള വഴക്കിനിടെ കൂട്ടക്കൊലപാതകം നടത്തുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഫറൂഖിന്റെ പിതാവ് നല്‍കിയ പരാതിയാണ് കൊലപാതക വിവരം പുറംലോകം അറിയാന്‍ കാരണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഇയാള്‍ പറഞ്ഞതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. ഫാറൂഖിനെ സംശയം തോന്നിയതോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
ഭാര്യ താഹിറയെയും മൂത്ത മകള്‍ ആഫ്രീനെയും വെടിവച്ച് കൊലപ്പെടുത്തി. ഇളയ മകള്‍ സെഹ്റിനെ കഴുത്ത് ഞെരിച്ചും കൊന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായും ഫാറൂഖ് പറഞ്ഞു. ശുചിമുറി നിര്‍മാണത്തിനായി നേരത്തേ തയാറാക്കിയിരുന്ന കുഴിയിലാണ് മൃതദേഹങ്ങള്‍ മറവു ചെയ്തത്. ഇവിടെ നിന്നും പൊലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്തു.