ശുചിമുറിക്ക് സമീപം രഹസ്യഅറ പണിത് സ്റ്റീല്‍ അലമാരയില്‍ പണം സൂക്ഷിച്ചു; അലമാര തകര്‍ത്ത് 10 കോടി രൂപയുമായി കടന്നു; ഖത്തറിലെ കെ എം സി സി ആസ്ഥാനത്ത് വന്‍കവര്‍ച്ച; പ്രസിഡന്റ് അടക്കം മൂന്നൂറോളം പേര്‍ കസ്റ്റഡിയില്‍; പൊലീസിന് വിവരം ചോര്‍ത്തിയത് നേതാക്കളെ സംശയിച്ച ചില പ്രവര്‍ത്തകരെന്ന് സൂചന
ഖത്തറിലെ കെ എം സി സി ആസ്ഥാനത്ത് വന്‍കവര്‍ച്ച
ഖത്തര്‍ /തുമാമ: ഖത്തറിലെ തുമാമ കെഎംസിസി ആസ്ഥാനത്ത് വന്‍കവര്‍ച്ച. പത്തുകോടി രൂപ ഇന്ത്യന്‍ മൂല്യം വരുന്ന തുക നഷ്ടപ്പെട്ടതായി സൂചന. കെഎംസിസി പ്രസിഡന്റ് ഉള്‍പ്പെടെ മുന്നൂറോളം പേരെ ഖത്തര്‍ പോലീസ് കസ്റ്റഡിയിലെടുത്തു .
ഖത്തറിലെ തുമാമ കെഎംസിസി ആസ്ഥാനത്ത് ശുചിമുറിയോട് ചേര്‍ന്ന് നിര്‍മ്മിച്ച രഹസ്യഅറയിലെ സ്റ്റീല്‍ അലമാരയില്‍ നിന്നാണ് പണം മോഷണം പോയത്. അലമാര തകര്‍ക്കാന്‍ ഉപയോഗിച്ച വെല്‍ഡിങ് കട്ടറും സമീപത്തുവച്ച് കണ്ടെടുത്തിരുന്നു. എന്നാല്‍ ഈ വിവരം പോലീസിനെ അറിയിക്കാന്‍ നേതാക്കള്‍ തയ്യാറായിരുന്നില്ല.
സംഭവത്തില്‍ സംശയം തോന്നിയ ചില പ്രവര്‍ത്തകര്‍ തന്നെയാണ് രഹസ്യമായി ഖത്തര്‍ പോലീസിന് വിവരം ചോര്‍ത്തി നല്‍കിയത്. സംഭവമറിഞ്ഞ് ഇരച്ചെത്തിയ ഖത്തര്‍ പോലീസിലെ സിഐഡി വിഭാഗം സംഭവസ്ഥലം പരിശോധിക്കുകയും പ്രസിഡന്റ് ഉള്‍പ്പെടെയുള്ള മുന്നൂറോളം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതില്‍ ചിലരെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും, ഇപ്പോഴും നിരവധി കെഎംസിസി പ്രവര്‍ത്തകര്‍ ഖത്തര്‍ പോലീസിന്റെ തടവിലാണ്.
അതേസമയം, ശുചിമുറിക്ക് അകത്ത് രഹസ്യ അറിയിലെ സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ വളരെ ചുരുക്കം നേതാക്കള്‍ക്ക് മാത്രമേ അറിയുകയുള്ളൂ എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. നേതാക്കള്‍ സംശയനിഴലില്‍ ആയതോടെയാണ് അവരറിയാതെ വിവരം രഹസ്യമായി ചില പ്രവര്‍ത്തകര്‍ പൊലീസി്‌ന് കൈമാറിയത് .
പ്രവിശ്യയില്‍ തന്നെ ഏറ്റവും വരുമാനമുള്ള മുസ്ലിംലീഗിന്റെ പോഷക സംഘടനയാണ്, 44000 അംഗങ്ങളും 15 സബ് കമ്മിറ്റികളും ഉള്ള ഖത്തര്‍ കെ എം സി സി. സംഘടനയ്ക്ക് മാസവരി തന്നെ കോടികള്‍ വരും എന്നാണ് പറയപ്പെടുന്നത്. 50 വര്‍ഷത്തോളമായി കെഎംസിസി, ഖത്തറില്‍ പ്രവര്‍ത്തിച്ചുവരുന്നു .
നേതാക്കളില്‍ ചിലര്‍ ഈ പണം തിരിമറി കാട്ടി വലിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍ക്ക് കൈമാറി എന്ന് ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു . മുതിര്‍ന്ന നേതാവിന്റെ ഒത്താശയോടെയാണ് ഇത്തരം തിരിമറി നടത്തിയതെന്നും പറയപ്പെടുന്നു. ഈയൊരു വിഷയവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഇവിടെ ഉയര്‍ന്നതാണ്. പണം തിരികെ നല്‍കാതിരിക്കാന്‍ വേണ്ടിയാണോ ഇത്തരം മോഷണ നാടകം നടത്തിയതെന്നും പ്രവര്‍ത്തകര്‍ സംശയിക്കുന്നുണ്ട്. സംഭവം നടന്ന് 15 ദിവസം പിന്നിട്ടിട്ടും, ആരോപണങ്ങള്‍ക്ക് നേതാക്കള്‍ക്ക് കൃത്യമായ മറുപടി ഇല്ലാത്തതോടെയാണ് മോഷണ വിവരം പുറത്തായത്.