ബൈക്കിൽ ലോറി തട്ടി; നിയന്ത്രണം വിട്ട് റോഡിൽ വീണ യുവാവിൻ്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; മരിച്ചത് ശ്രീകൃഷ്ണപുരത്തുകാരൻ സുരേഷ്
By : സ്വന്തം ലേഖകൻ
Update: 2026-01-19 17:20 GMT
പാലക്കാട്: പാലക്കാട് സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ശ്രീകൃഷ്ണപുരം തിരുവാഴിയോട് പരാവൂർ അഞ്ചിലത്ത് സുരേഷ് (40) ആണ് മരിച്ചത്. മുണ്ടൂർ - തൂതപാതയിൽ തിരുവാഴിയോട് വെച്ച് ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുരേഷ്.
സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട് റോഡിലേക്ക് വീണ സുരേഷിന്റെ ശരീരത്തിലൂടെ ലോറിയുടെ ടയർ കയറിയിറങ്ങി. അപകടം നടന്നയുടൻ സംഭവസ്ഥലത്ത് വെച്ചുതന്നെ സുരേഷ് മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.