യുവതിയെ ബൈക്കില്‍ നിര്‍ബന്ധിച്ച് കയറ്റിക്കൊണ്ടുപോയ ശേഷം അപമാനിച്ച കേസിലെ പ്രതി പിടിയില്‍

യുവതിയെ ബൈക്കില്‍ നിര്‍ബന്ധിച്ച് കയറ്റിക്കൊണ്ടുപോയ ശേഷം അപമാനിച്ച കേസിലെ പ്രതി പിടിയില്‍

Update: 2024-11-25 15:34 GMT

തിരുവല്ല: മീന്‍ വാങ്ങാന്‍ പോയ യുവതിയെ വീട്ടിലാക്കാമെന്ന് പറഞ്ഞു നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടുപോകുകയും, തുടര്‍ന്ന് ഹോട്ടലില്‍ എത്തിച്ചു അപമാനിക്കുകയും ചെയ്ത കേസില്‍ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി. ആലപ്പുഴ തലവടി വെള്ളക്കിണര്‍ മുരുകഭവനം വീട്ടില്‍ വിനയന്‍ എന്ന് വിളിക്കുന്ന ശ്രീകാന്തി(37)നെയാണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 6 ന് വൈകിട്ട് 5 മണിക്ക് ശേഷം സൈക്കിള്‍ മുക്കില്‍ വച്ചാണ് പ്രതി, യുവതിയെ നിര്‍ബന്ധിച്ച് മോട്ടോര്‍ സൈക്കിളില്‍ കയറ്റിയത്. വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ ഇയാള്‍, വീട്ടില്‍ ഇറക്കാതെ ആറരയോടെ കടപ്രയിലെ ഒരു ഹോട്ടലില്‍ കയറ്റി. തുടര്‍ന്ന്, വാഷ് റൂമില്‍ വച്ച് ദേഹത്ത് കടന്നുപിടിച്ച് അപമാനിക്കുകയായിരുന്നു.

പിന്നീട്, യുവതിയെ ഇയാള്‍ നിരന്തരം രാത്രി സമയങ്ങളില്‍ ഫോണില്‍ വിളിച്ച് കൂടെ ഇറങ്ങി പോകണമെന്ന് നിര്‍ബന്ധിക്കുകയും, മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ ഇവര്‍, പുളിക്കീഴ് പോലീസില്‍ ജൂണ്‍ ആറിന് മൊഴിനല്‍കി. എ എസ് ഐ മിത്ര വി മുരളി, യുവതി ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിയില്‍ എത്തി മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന്, എസ് ഐ കുരുവിള സകറിയ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തി.

കോടതിയിലും യുവതിയുടെ മൊഴി രേഖപ്പെടുത്തി. എസ് ഐ കുരുവിള സകറിയ സ്ഥലം മാറിപ്പോയശേഷം എസ് ഐ കെ സുരേന്ദ്രനാണ് കേസ് അന്വേഷിച്ചത്. പ്രതിയുടെ മൊബൈല്‍ ഫോണിന്റെ സി ഡി ആര്‍ എടുത്ത് പരിശോധിക്കുകയും, ലൊക്കേഷന്‍ കണ്ടെത്തി ഇന്നലെ വീടിനു സമീപത്തുനിന്നും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന്, ഇന്നലെ പോലീസ് സംഘം രാത്രി 11.30 ന് വീടിന് സമീപത്തുനിന്നാണ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.

ബൈക്കില്‍ യുവതിയുമായി പോയപ്പോള്‍ ആലുംതുരുത്തിയില്‍ വച്ച് പെട്രോള്‍ തീര്‍ന്നു. അവിടെ നിന്നും യുവതിയെ ഒരു ഓട്ടോയില്‍ കയറ്റി പെട്രോള്‍ വാങ്ങി തിരിച്ച് എത്തി ബൈക്കില്‍ പെട്രോള്‍ ഒഴിച്ചശേഷം വീണ്ടും യാത്ര തുടര്‍ന്നു. പിന്നീട് കടപ്രയില്‍ എത്തി അവിടെ ഹോട്ടലില്‍ നിര്‍ബന്ധപൂര്‍വം യുവതിയെ വിളിച്ചുകയറ്റിയ പ്രതി, വാഷ് റൂമില്‍ വച്ച് ശരീരത്തില്‍ കടന്നുപിടിക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെളിവെടുപ്പില്‍, ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന ചക്കുളത്തെ വീട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ അന്വേഷണസംഘം കണ്ടെത്തി. പുളിക്കീഴ് പോലീസ് ഇന്‍സ്പെക്ടര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തില്‍ എസ് ഐ കെ സുരേന്ദ്രന്‍ , സി പി ഓമാരായ വിനീത്, എസ് സുദീപ് കുമാര്‍, അനൂപ്, നവീന്‍, രവികുമാര്‍, അലോഖ്, അഖില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News