ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ റെയ്ഡ്; തിരയുന്നത് നിര്‍ണ്ണായക രേഖകള്‍; ലക്ഷ്യം പോറ്റിയുമായുള്ള ഇടപാടുകള്‍ കണ്ടെത്തല്‍; ബന്ധുക്കളെ തടഞ്ഞു; എത്തിയത് എട്ടംഗ സംഘം; യഥാര്‍ത്ഥ വില്ലന്‍ കുടുങ്ങുമോ? തന്ത്രി ആശുപത്രിയില്‍
ചെങ്ങന്നൂര്‍: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ വസതിയില്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) പരിശോധന നടത്തി. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തെളിയിക്കുന്ന രേഖകള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന.
ശനിയാഴ്ച ഉച്ചയ്ക്ക് 2.50-ഓടെയാണ് എട്ടംഗ അന്വേഷണസംഘം കണ്ഠരുടെ വീട്ടിലെത്തിയത്. വന്‍ പോലീസ് സന്നാഹത്തിന്റെ സുരക്ഷയിലായിരുന്നു പരിശോധന. റെയ്ഡ് നടക്കുമ്പോള്‍ കണ്ഠര് രാജീവരുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കണ്ഠര് രാജീവരെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച വീട്ടില്‍ പരിശോധന നടത്തിയത്.
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ അതീവ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ പ്രത്യേക അന്വേഷണ സംഘം നല്‍കുന്നത് അതിശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന സൂചനയാണ്. വിശ്വാസവഞ്ചന, വിലപ്പെട്ട രേഖകളിലെ വ്യാജരേഖ ചമയ്ക്കല്‍, അഴിമതി നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതില്‍ അധികാരി എന്ന നിലയിലുള്ള വിശ്വാസവഞ്ചനയ്ക്കും വ്യാജരേഖാ നിര്‍മ്മാണത്തിനും ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. അന്വേഷണത്തിന്റെ തുടര്‍ച്ചയാണ് റെയ്ഡ്.
കേസിലെ ഗൂഢാലോചനയിലും സാമ്പത്തിക ക്രമക്കേടുകളിലും കൂടുതല്‍ വ്യക്തത വരുത്താന്‍ ഈ പരിശോധന സഹായിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അതിനിടെ യഥാര്‍ത്ഥ വില്ലന്‍ കുടുങ്ങുമോ എന്ന ചോദ്യവും സജീവമാണ്. റെയ്ഡ് നടക്കുന്ന വീട്ടിലേക്ക് ബന്ധുക്കളേയും കടത്തി വിട്ടില്ല. തന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശബരിമല കേസില്‍ അറസ്റ്റിലായ തന്ത്രിയെ മെഡിക്കല്‍ കോളേജിലാണ് തടഞ്ഞത്. തന്ത്രിയുടെ അഭിഭാഷകയായ മരുമകളെ പോലും വീട്ടിലേക്ക് കയറ്റി വിട്ടില്ല. പിന്നീട് വീട്ടിലേക്ക് പോകാന്‍ അനുവദിച്ചു.
തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ വസതിയില്‍ എട്ടംഗ ഉദ്യോഗസ്ഥ സംഘം മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. പോറ്റിയുമായുള്ള രഹസ്യ ഇടപാടുകള്‍ തെളിയിക്കുന്ന നിര്‍ണ്ണായക രേഖകള്‍ വീട്ടിലുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിയത്. ഇതിനിടെയിലും സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച 'യഥാര്‍ത്ഥ വില്ലന്‍' കുടുങ്ങുമോ ചര്‍ച്ച സജീവമാണ്.
സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങള്‍ മോഷ്ടിച്ച കേസിലും തന്ത്രിയെ പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. ദേവസ്വം മാനുവല്‍ ലംഘിക്കാന്‍ കൂട്ടുനിന്നതിനൊപ്പം, സ്വര്‍ണ്ണത്തിന് പകരം ചെമ്പ് ഉപയോഗിച്ചതായി രേഖപ്പെടുത്തിയ മഹസറില്‍ തന്ത്രി ബോധപൂര്‍വ്വം ഒപ്പിട്ടുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് അറിവില്ലെന്ന നിലപാടിലായിരുന്നു തന്ത്രി. ആ ആത്മവിശ്വാസത്തിലാണ് വെള്ളിയാഴ്ചയും അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൃത്യമായ തെളിവുകള്‍ നിരത്തിയതോടെ തന്ത്രിക്ക് മറുപടിയുണ്ടായിരുന്നില്ല. സഹായിയ്ക്കൊപ്പമാണ് തന്ത്രി എത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശനിയാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
