കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കുറ്റം ചെയ്തില്ലെന്ന് പരസ്യമായി ന്യായീകരിച്ചത് പി ജയരാജനും കെ കെ ശൈലജയും അടക്കമുള്ള സിപിഎം നേതാക്കള്‍; ശിക്ഷിക്കപ്പെട്ടവരുടെ ചിത്രവുമായി 'നിഷ്‌ക്കളങ്കരെന്ന' പോസ്റ്റര്‍ പ്രചാരണവും; സി സദാനന്ദന്‍ എം പിയുടെ കാല്‍ വെട്ടിയ കേസില്‍ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ ന്യായീകരിച്ച് സിപിഎം; വീണ്ടും വിവാദം

കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ ന്യായീകരിച്ച് സിപിഎം

Update: 2025-08-08 12:03 GMT

കണ്ണൂര്‍: കണ്ണൂരില്‍ കോളിളക്കം സൃഷ്ടിച്ച വധശ്രമ കേസ് വീണ്ടും രാഷ്ട്രീയ ചര്‍ച്ചയാക്കി സി.പി.എം ജില്ലാ നേതൃത്വം. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനും, രാജ്യസഭാ എംപിയുമായ ഉരുവച്ചാല്‍ സ്വദേശിയായ സി. സദാനന്ദന്റെ കാല്‍ വെട്ടിയ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ട പശ്ചാത്തലത്തില്‍ വിശദീകരണ യോഗവുമായാണ് സിപിഎം ജില്ലാ നേതൃത്വം രംഗത്തിറങ്ങിയത്.

ഈ കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ചിത്രം പതിച്ച പോസ്റ്ററില്‍ ഇവര്‍ കുറ്റക്കാരാണോയെന്ന് ചോദ്യവും പാര്‍ട്ടി നേതൃത്വം ജനങ്ങള്‍ക്ക് മുന്‍പില്‍ ഉയര്‍ത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വരുന്ന തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മട്ടന്നൂര്‍ ഉരുവച്ചാല്‍ ടൗണിലാണ് പൊതുയോഗം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജനാണ് പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നത്. ഹൈക്കോടതിയും സുപ്രീം കോടതിയും വിടുതല്‍ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് എട്ട് സിപിഎം പ്രവര്‍ത്തകരുടെ ശിക്ഷ നടപ്പായത്. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം വിശദീകരണ യോഗം നടത്തുന്നത്.

മുഴുവന്‍ പ്രതികളുടെയും അപ്പീല്‍ സുപ്രീംകോടതി തള്ളിയതിന് പിന്നാലെ എട്ട് സിപിഎം പ്രവര്‍ത്തകരെയും ജയിലിലടച്ചിരുന്നു. ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ കോടതി പരിസരത്തും ജയിലിന് മുന്നിലും നിരവധി സിപിഎം പ്രവര്‍ത്തകരെത്തിയിരുന്നു. മട്ടന്നൂരില്‍ നടന്ന യാത്രയയപ്പില്‍ കെ. കെ. ശൈലജ എംഎല്‍എ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.

1994 ജനുവരി 25 ന് രാത്രി 8.30 ന ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹകായിരുന്ന സി. സദാനന്ദനെ ഉരുവച്ചാലില്‍ ബസിറങ്ങിയപ്പോഴാണ് വെട്ടിയത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. കെ. ശ്രീധരന്‍, മാതമംഗലം നാണു, പുതിയവീട്ടില്‍ മച്ചാന്‍ രാജന്‍, പി. കൃഷ്ണന്‍, ചന്ദ്രോത്ത് രവീന്ദ്രന്‍, പുല്ലാഞ്ഞിയോടന്‍ സുരേഷ് ബാബു, മല്ലപ്രവന്‍ രാമചന്ദ്രന്‍, കെ. ബാലകൃഷ്ണന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

ഇവര്‍ കോടതി ഉത്തരവ് പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. പ്രതികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കുറ്റം ചെയ്‌തെന്ന് കരുതുന്നില്ലെന്നായിരുന്നു സി.പി.എം നേതാക്കളായ പി.ജയരാജന്‍ കെ.കെ. ശൈലജ എന്നിവരുടെ പ്രതികരണം.

ഇതുണ്ടാക്കിയ വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് രാഷ്ട്രീയ വിശദീകരണ പൊതുയോഗവുമായി സി.പി.എം രംഗത്തിറങ്ങിയത്. സി. സദാനന്ദന്‍ വധശ്രമ കേസില്‍ ഏഴു വര്‍ഷം ശിക്ഷിക്കപ്പെട്ടവരില്‍ കൂടുതല്‍ സി.പി.എം പ്രാദേശിക നേതാക്കളാണ്. മുന്‍സര്‍ക്കാര്‍ ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

Tags:    

Similar News