ആറന്മുളയിലും കോന്നിയിലും പുകഞ്ഞ് പത്തനംതിട്ട സിപിഎം; രാജു എബ്രഹാമിനെതിരെ വീണാ ജോര്‍ജും നേതൃത്വവും; പിണറായിയ്ക്കും അതൃപ്തി; രണ്ട് ടേം വ്യവസ്ഥയില്‍ 'സ്വയം ഇളവ്' പ്രഖ്യാപിച്ചു; പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ ശാസിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ്. രാജു എബ്രഹാമിന്റെ 'സീറ്റ് പ്രഖ്യാപനം' വെട്ടിലാക്കിയത് ആര്?
പത്തനംതിട്ട: പത്തനംതിട്ടയിലെ സി.പി.എം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ച് പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ ലംഘിച്ച് പരസ്യപ്രതികരണം നടത്തിയ ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരണം തേടിയത് നടപടികളുടെ ഭാഗം. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന സുപ്രധാന പ്രക്രിയകള്‍ പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളില്‍ നടക്കാനിരിക്കെ, ആറന്മുളയിലും കോന്നിയിലും നിലവിലെ എം.എല്‍.എമാര്‍ തന്നെ മത്സരിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. രാജു എബ്രഹാമിന്റെ ഈ നീക്കം പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമായി കാണുന്ന സംസ്ഥാന നേതൃത്വം അദ്ദേഹത്തെ കടുത്ത ഭാഷയില്‍ ശാസിക്കാനാണ് സാധ്യത.
രാജു എബ്രഹാമിന്റെ പ്രസ്താവനയില്‍ മന്ത്രി വീണാ ജോര്‍ജിനും അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് മുന്‍പേ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയത് അനാവശ്യ വിവാദങ്ങള്‍ക്ക് വഴിവെച്ചുവെന്ന വിലയിരുത്തലിലാണ് മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍. സി.പി.എമ്മിലെ കര്‍ശനമായ രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രകമ്മിറ്റിക്ക് മാത്രമേ അധികാരമുള്ളൂ എന്നിരിക്കെ, ജില്ലാ സെക്രട്ടറി ഇത്തരമൊരു 'ഉറപ്പ്' നല്‍കിയത് രാഷ്ട്രീയമായി തെറ്റായ സന്ദേശമാണ് നല്‍കിയത്.
പുതുമുഖങ്ങളെ പരിഗണിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ എം.എല്‍.എമാര്‍ക്ക് വേണ്ടി ജില്ലാ സെക്രട്ടറി നടത്തിയ ഈ പരസ്യ നിലപാട് ആസൂത്രിതമാണോ എന്ന സംശയവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും രാജു എബ്രഹാമിന്റെ പ്രതികരണത്തില്‍ അസുന്തഷ്ടനാണ്. പുതുതായി ആരെങ്കിലും വരികയാണെങ്കില്‍ സ്വീകരിക്കുമെന്ന് പിന്നീട് തിരുത്തിപ്പറഞ്ഞെങ്കിലും രാജു എബ്രഹാമിന്റെ ആദ്യ പ്രതികരണം ഉണ്ടാക്കിയ ആഘാതം ചെറുതല്ല. ഈ സാഹചര്യത്തില്‍ രേഖാമൂലമുള്ള വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ജില്ലാ സെക്രട്ടറിക്കെതിരെ സംഘടനാപരമായ നടപടികള്‍ ഉണ്ടാകുമെന്നുറപ്പാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അവ്യക്തതകള്‍ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെടാനിരിക്കെ പത്തനംതിട്ടയിലെ സി.പി.എമ്മില്‍ ഈ വിവാദം വലിയ അലയൊലികളാണ് സൃഷ്ടിക്കുന്നത്. സിപിഎമ്മിലെ 'രണ്ട് ടേം' വ്യവസ്ഥ സിപിഎമ്മിന്റെ കടുത്ത സംഘടനാ നിയമമനുസരിച്ച് തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവര്‍ക്ക് മൂന്നാം തവണ അവസരം നല്‍കുന്നത് അപൂര്‍വ്വമാണ്. വീണാ ജോര്‍ജ് (ആറന്മുള), കെ.യു. ജനീഷ് കുമാര്‍ (കോന്നി) എന്നിവര്‍ രണ്ട് തവണ പൂര്‍ത്തിയാക്കിയവരാണ്. ഇവര്‍ക്ക് ഇളവ് നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര കമ്മിറ്റിക്ക് മാത്രമേ അധികാരമുള്ളൂ. ഈ നിയമപരമായ സാങ്കേതികത്വം നിലനില്‍ക്കെയാണ് ജില്ലാ സെക്രട്ടറി ഇവര്‍ തന്നെ മത്സരിക്കുമെന്ന് പരസ്യമായി പറഞ്ഞത്.
രാജു എബ്രഹാമും പത്തനംതിട്ടയിലെ ഗ്രൂപ്പ് പോരും റാന്നിയില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയിരുന്ന രാജു എബ്രഹാമിന് കഴിഞ്ഞ തവണ 'രണ്ട് ടേം' വ്യവസ്ഥയുടെ പേരില്‍ സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു. അന്ന് ഈ തീരുമാനത്തിനെതിരെ പത്തനംതിട്ടയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. നിലവില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന രാജു എബ്രഹാം, മറ്റ് രണ്ട് എംഎല്‍എമാര്‍ക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയത് പാര്‍ട്ടിക്കുള്ളിലെ പഴയ വിഭാഗീയതയുടെ കനലുകള്‍ വീണ്ടും ഊതിവീര്‍പ്പിച്ചു.
ആറന്മുളയിലെ പുതുമുഖ ചര്‍ച്ചകള്‍ വീണാ ജോര്‍ജിന് പകരം ആറന്മുളയില്‍ ഇത്തവണ ഒരു പുതുമുഖത്തെ പരീക്ഷിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി വാദിക്കുന്നുണ്ട്. ഈ ചര്‍ച്ചകള്‍ അട്ടിമറിക്കാനാണ് ജില്ലാ സെക്രട്ടറി തിരക്കിട്ട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതെന്ന സംശയം സംസ്ഥാന നേതൃത്വത്തിനുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് അതൃപ്തി പ്രകടിപ്പിക്കാന്‍ കാരണവും ഇതാണ്.
പാര്‍ട്ടി അച്ചടക്കവും കീഴ്വഴക്കവും സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എന്നത് തൃപ്തികരമായ ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാന കമ്മിറ്റിയും എല്‍ഡിഎഫും ചേര്‍ന്ന് പ്രഖ്യാപിക്കേണ്ട ഒന്നാണ്. ആ നടപടിക്രമങ്ങളെല്ലാം മറികടന്ന് ജില്ലാ സെക്രട്ടറി സ്വന്തം നിലയില്‍ പ്രഖ്യാപനം നടത്തിയത് ഭരണഘടനാലംഘനമായി പാര്‍ട്ടി കാണുന്നു.
